സുവിശേഷത്തിന്റെ മഹത്വം Part - 3
സുവിശേഷത്തിന്റെ മഹത്വം
📝 യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ
Read Part 1
Read Part 2
Part - 3
സുവിശേഷം മഹത്വമുള്ളതാണ്, കാരണം അത് സ്നേഹത്തിൽ കലാശിക്കുന്നു
"യേശു മ്ശീഹായില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തേയും എല്ലാ വിശുദ്ധരോടും നിങ്ങള്‍ക്കുള്ള സ്നേഹത്തേയും കുറിച്ച് ഞങ്ങള്‍ കേട്ട നാള്‍ മുതല്‍ എപ്പോഴും നമ്മുടെ കര്‍ത്താവ് യേശുമ്ശീഹായുടെ പിതാവാം ദൈവത്തെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നുണ്ട്." (കൊലൊസ്സ്യർ 1:4)
കൊലോസ്യരുടെ ജീവിതത്തിൽ സുവിശേഷം ഉളവാക്കിയ സ്നേഹത്തെ അറിഞ്ഞ പൗലോസ് അതിൽ ആഹ്‌ളാദിക്കുകയും, സന്തോഷം പ്രകടമാക്കുകയും ചെയ്യുന്നു. കൊലോസ്യർ “എല്ലാ വിശുദ്ധന്മാരെയും” സ്നേഹിക്കാൻ തുടങ്ങി. സുവിശേഷത്തിന്റെ അമാനുഷിക സ്വഭാവത്തിന്റെ ഈ തെളിവ് നാം സുവിശേഷം യഥാർഥത്തിൽ അനുഭവിച്ചിട്ടുണ്ടോ എന്നതിന്റെ തുടർച്ചയായ പരീക്ഷണമായി വർത്തിക്കുന്നു. രക്ഷയുടെ ഫലങ്ങളെക്കുറിച്ച് യോഹന്നാൻ ശ്ശ്ളീഹാ പറഞ്ഞത് ശ്രദ്ധിക്കുക: " നാം നമ്മുടെ സഹോദരന്മാരെ സ്നേഹിക്കുന്നത് മൂലം മരണത്തില്‍ നിന്നും, ജീവനിലേക്കു മാറിയിരിക്കുന്നു എന്ന് നമുക്കറിയാം." (1 യോഹന്നാൻ 3:14).
സഭയിലെ സഹോദരങ്ങളെ, സ്നേഹിക്കുന്നതിനാലാണ് നാം മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കടന്നുപോയതെന്ന് നമുക്കറിയാം. അത്തരം പെരുമാറ്റം നമ്മുടെ രക്ഷയെ പ്രതിഫലിപ്പിക്കുന്നു, കാരണം ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ പരിശുദ്ധാത്മാവ് ദൈവസ്നേഹത്തെ അവന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു (റോമ. 5: 5). ഇത് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാൻ പ്രാപ്തരാക്കുന്നു. ക്രിസ്തുവും ഇത് പഠിപ്പിച്ചു, അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു നോക്കൂ: "നിങ്ങളില്‍ പരസ്പരം സ്നേഹം ഉണ്ടായിരിക്കുമെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാകുന്നു എന്ന് എല്ലാവരും അറിയും." (യോഹന്നാൻ 13:35). ഈ സ്നേഹം നിമിത്തം നാം വീണ്ടും ജനിക്കുന്നുണ്ടോ എന്ന് പറയാൻ നമുക്കു മാത്രമല്ല ലോകത്തിനും കഴിയണം. കാരണം, സുവിശേഷം മൂലം രക്ഷ ഉള്ളിടത്ത് സഹോദര സ്നേഹം ദർശിക്കുവാൻ കഴിയും.
ശ്രദ്ധേയമായ ഒരു കാര്യം, പൗലോസ് അവരുടെ സ്നേഹത്തെക്കുറിച്ച് മാത്രമല്ല “എല്ലാ വിശുദ്ധന്മാരോടും” ഉള്ള സ്നേഹത്തെക്കുറിച്ചും സംസാരിച്ചു. പെന്തെക്കൊസ്ത് പെരുന്നാൾ ദിനത്തിൽ പരിശുദ്ധ സഭയിൽ ഈ ദൈവീക പ്രവർത്തനം നടക്കുന്നത് നാം കണ്ടു. ദൈവാത്മാവ് ലഭിച്ചശേഷം ധനികർ തങ്ങൾക്ക് ഉള്ളതെല്ലാം ദരിദ്രർക്ക് നൽകുവാൻ തുടങ്ങി (പ്രവൃ. 2:45). അവർ എല്ലാ വിശുദ്ധന്മാരെയും സ്നേഹിച്ചു.
നമുക്ക് ധ്യാനിച്ച് ഈ സ്നേഹത്തെ കുറിച്ച് ഗ്രഹിക്കാം, സഭയിൽ ഈ സ്നേഹം പ്രായോഗികമായി എങ്ങനെയായിരിക്കണം?
1. ഈ സ്നേഹം പരസ്പര സന്ദർശനത്തിലൂടെ ഉണ്ടാകണം.
നാം ഞായറാഴ്ച പള്ളിയിൽ പോകുന്നതിനും, ഭവനങ്ങളിലുള്ള പ്രാർത്ഥന യോഗങ്ങളിൽ പോകുന്നതിനും, വനിതാ സമാജം, യുവജന സമാജം, സൺഡേ സ്കൂൾ കൂട്ടായ്മ, ഇടവക പൊതുയോഗം തുടങ്ങിയവ നടത്തുന്നതിനും ഇത് കാരണമാകുന്നു. നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുമ്പോൾ സ്വാഭാവികമായും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ്, അവരുമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു എന്നത്. സുവിശേഷം വിശ്വാസികളോടുള്ള അമാനുഷിക സ്നേഹത്തിന് കാരണമാകുന്നു. ഈ സ്നേഹം മൂലം നിങ്ങൾക്ക് സഭാചുറ്റുപാടിൽ പരസ്പരം കണ്ടുമുട്ടാൻ പ്രേരിപ്പിക്കുന്നു. എബ്രായർ 10:25 പറയുന്നു, " ചിലര്‍ ചെയ്യാറുള്ളതു പോലെ, നമ്മുടെ കൂടിവരവിനെ നാം ഉപേക്ഷിക്കരുത്. പിന്നെയൊ, ആ ദിവസം അടുത്തിരിക്കുന്നു, എന്ന് നിങ്ങള്‍ കാണും തോറും, അധികമായും അന്യോന്യം പ്രബോധിപ്പിക്കുവിന്‍." പള്ളിയിൽ പോകുകയും, സഹോദരന്മാരോട് കുശലം ചോദിക്കുക പോലും ഇല്ലാതെ പിരിയുന്നവരിൽ സുവിശേഷത്തിലൂടെ ഉള്ള രക്ഷയുടെ ദിവ്യസ്നേഹം ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.
ഇടവക പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ മടി കാണിക്കുകയും, അതിനു വിവിധ ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ചില നീതിമാന്മാർ സഭയിൽ ഉണ്ട്. ഇത്തരം നീതിമാന്മാരെക്കാൾ കർത്താവ് ഇഷ്ടപ്പെടുന്നത് ഈ പൊതുയോഗങ്ങളിൽ മറ്റും വാഗ്‌വാദം നടത്തുന്ന പാപികളെയാണ്. കാരണം, ഈ പാപികൾ മൂലമാണ് നീതിമാന്മാർക്കു ആരാധിക്കുവാനുള്ള ദേവാലയകാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നത്. മുൻപും, എന്റെ ലേഖനത്തിൽ പറഞ്ഞതുപോലെ, ഇടവക യോഗങ്ങളിൽ പങ്കെടുക്കാത്തവർ അനുതപിച്ചു കുമ്പസാരിക്കേണ്ട പാപത്തിൽ ആണ് പെട്ടിരിക്കുന്നത്.
2. ഈ സ്നേഹം പരസ്പരം പരിപാലിക്കുന്നതിൽ കലാശിക്കണം.
യഥാർത്ഥത്തിൽ സ്നേഹിക്കുക എന്നാൽ പരസ്പരം ശ്രദ്ധിക്കുക, കഷ്ടതയിൽ പരസ്പരം പിന്തുണയ്ക്കുക, നന്മകളെ പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള സ്നേഹത്തിന്റെ സ്വാഭാവിക ഫലങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെയാണ് പ്രകടിപ്പിക്കുന്നതു. വിശുദ്ധ യോഹന്നാൻ പറയുന്നു, "ഒരുവന്, ലൌകിക സമ്പാദ്യം ഉണ്ടായിരിക്കുകയും, തന്‍റെ സഹോദരനെ ദുര്‍ഭിക്ഷനായി കാണുകയും, അവനോട് ദയ കാണിക്കാതിരിക്കുകയും ചെയ്താല്‍, അവനില്‍ ദൈവത്തിന്‍റെ സ്നേഹം എങ്ങനെയുണ്ടാകും? എന്‍റെ മക്കളെ, നാം വാക്കുകളാലും നാവിനാലും അല്ല; എന്നാലോ, പ്രവൃത്തികളാലും സത്യമായും സ്നേഹിക്കണം." (1 യോഹന്നാൻ 3: 17-18).
3. ഈ സ്നേഹം ത്യാഗത്തിൽ കലാശിക്കണം.
ക്രിസ്തു പറഞ്ഞു, "നിങ്ങള്‍ പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കണം. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം" (യോഹന്നാൻ 13:34). ക്രിസ്തു സഭയ്ക്കുവേണ്ടി മരിച്ചു, അതിനാൽ നമ്മുടെ സ്നേഹത്തെ നിരന്തരം ത്യാഗം കൊണ്ട് പരിപോഷിപ്പിക്കണം. ഇതിൽ സമയത്യാഗം, ധനത്യാഗം, ബൗദ്ധികകഴിവുകളുടെയും, കായികാദ്ധ്വാനത്തിന്റെയും ത്യാഗം എന്നിങ്ങനെ ഏതൊക്കെ സഭയ്ക്കു വേണ്ടി ചിലവഴിക്കുവാൻ കഴിയുമോ, അത്രയും ത്യാഗങ്ങൾ കൊണ്ട് സുവിശേഷത്തിന്റെ സ്നേഹം ജ്വലിപ്പിക്കണം.
വീണ്ടും, “എല്ലാ വിശുദ്ധന്മാരെയും” നാം സ്നേഹിക്കണം. നമ്മുടെ സഭയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഇതിൽ ഉൾപ്പെടുന്നു. പൗലോസ് പറഞ്ഞു, "എല്ലാ പ്രാര്‍ത്ഥനകളിലും എല്ലാ അപേക്ഷകളിലും, എപ്പോഴും ആത്മാവില്‍ പ്രാര്‍ത്ഥിക്കുവിന്‍. അതേ പ്രാര്‍ത്ഥനയില്‍ എപ്പോഴും ഉറ്റിരിപ്പിന്‍." (എഫെ. 6:18).
ധ്യാനിക്കുക! യഥാർത്ഥത്തിൽ രക്ഷയുടെ സുവിശേഷത്തിലൂടെ ലഭിക്കുന്ന ഈ ദൈവികസ്നേഹം ഏത് വിധത്തിലാണ് നിങ്ങൾ അനുഭവിച്ചത്? ഈ സ്നേഹത്തിൽ വളരാൻ ദൈവം നിങ്ങളെ എങ്ങനെ വിളിച്ചിരിക്കുന്നു ?
No comments