Latest Posts

 *നമ്മുടെ കുടുംബങ്ങളെ പാപത്തിൽ നിന്നും,  നിഷ്‌ക്രിയത്വത്തിൽ നിന്നും സംരക്ഷിക്കുക*


(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)


*PART - 2*


*B) നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന്, കുടുംബത്തിൽ പുരുഷ ആത്മീയ നേതൃത്വം വളർത്തിയെടുക്കണം*


29:31  അവന്‍ ലേയയെ വെറുക്കുന്നു എന്നു കര്‍ത്താവു കണ്ടപ്പോള്‍ അവളുടെ ഗര്‍ഭ പാത്രം തുറന്നു. റാഹേലോ വന്ധ്യയായിരുന്നു. 

30:3  അവള്‍ അവനോടു പറഞ്ഞത്: എന്‍റെ ദാസി ബില്‍ഹാ ഇതാ. നീ അവളുടെ അടുത്തു ചെല്ലുക. അവള്‍ എന്‍റെ മുമ്പാകെ പ്രസവിക്കുകയും അങ്ങനെ അവള്‍ മൂലം എനിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. 

30:4  തന്‍റെ ദാസി ബില്‍ഹയെ അവള്‍ അവനു ഭാര്യയായി കൊടുത്തു. 

30:15  ലേയ അവളോട്: എന്‍റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു പോയതു നിനക്കു പോരായോ? എന്‍റെ മകന്‍റെ ദൂദായ് പഴവും വേണമോ? എന്നു ചോദിച്ചു. റാഹേല്‍ അവളോട്: നിന്‍റെ മകന്‍റെ ദൂദായി പഴത്തിനു വേണ്ടി അവന്‍ ഈ രാത്രി നിന്നോടുകൂടെ ഉറങ്ങിക്കൊള്ളട്ടെ എന്നു പറഞ്ഞു. 

(ഉൽപ്പത്തി 29:31 - 30:3,4, 15)


മാതാപിതാക്കളുടെ പാപങ്ങൾ യാക്കോബിന്റെ കുടുംബത്തിലും നിഴലിട്ടു; എന്നിരുന്നാലും, കൂടുതൽ ശരിയായി പറഞ്ഞാൽ  യാക്കോബ് അവയെ  അനുവദിച്ചു കൊടുത്തു എന്നതാണ് സത്യം. ആദ്യം, ലാബാൻ യാക്കോബിനെ കബളിപ്പിക്കുമ്പോൾ, ഈ ബഹുഭാര്യത്വ വിവാഹം സ്വീകരിക്കണമോ, വേണ്ടയോ എന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നില്ല. പകരം,  റാഹേലിനെ വിവാഹം കഴിക്കാനായി അയാൾ അതിനോടൊപ്പം പോകുന്നു. ലേയയെ സ്വീകരിച്ചശേഷം അയാൾ അവളെ അവഗണിക്കുന്നു. വിവരണത്തിലുടനീളം, ഭാര്യമാർ വീട് നടത്തുന്നുണ്ടെന്ന് വ്യക്തമാണ്. തന്റെ ദാസിയെ വിവാഹം കഴിക്കണമെന്ന് റാഹേൽ ആഗ്രഹിക്കുമ്പോൾ, യാക്കോബ് അനുസരിക്കുന്നു. ലേയയും അങ്ങിനെ ആവശ്യപ്പെടുമ്പോൾ, അവൻ അതിനോടൊപ്പം പോകുന്നു. ലേയായാൽ തലയണമന്ത്രക്കാരിയായി  കണക്കാക്കപ്പെട്ടിരുന്ന റാഹേൽ അവളോട്‌ ദൂദായി പഴം  ചോദിക്കുമ്പോൾ,  ലേയയുടെ  മറുപടി ; "എന്‍റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു പോയതു നിനക്കു പോരായോ? എന്‍റെ മകന്‍റെ ദൂദായ് പഴവും വേണമോ?" എന്നാണ്. ലേയയ്‌ക്കൊപ്പം ജീവിക്കുവാൻ റാഹേൽ അക്കാലങ്ങളിൽ  യാക്കോബിനെ അനുവദിച്ചിരുന്നില്ല (ഒരു കുഞ്ഞിനെ ലഭിക്കുവാനായി) എന്ന് സ്പഷ്ടമാകുന്നു. എന്നാൽ ലേയ ദൂദായി പഴം നൽകിയപ്പോൾ റാഹേൽ അത് അനുവദിക്കുന്നു. യഥാർത്ഥത്തിൽ അന്ന് യാക്കോബിന്‌ ഒരു സന്താനത്തെ കൂടി നൽകുവാൻ ദൈവം ഇഷ്ടപ്പെട്ടിരുന്നു. പഴത്തോടുള്ള ആർത്തി മൂലം റാഹേലിന്റെ ഗർഭപാത്രം അന്നും തുറക്കപ്പെട്ടില്ല. ഈ വിവരണത്തിലുടനീളം, യാക്കോബ് നിഷ്ക്രിയ പുരുഷനാണ്. കുടുംബത്തിൽ അദ്ദേഹം ഒരു ആത്മീയ നേതാവല്ല, അത് കുടുംബം കൂടുതൽ പാപത്തിലേക്കും പ്രവർത്തനരഹിതതയിലേക്കും നയിക്കപ്പെടുന്നതിനു കാരണമാകുന്നുണ്ട്.


വിവാഹത്തെക്കുറിച്ചും പ്രത്യേകിച്ച് ഭർത്താവിന്റെ പങ്കിനെക്കുറിച്ചും, പൗലോസ് ശ്ശ്ളീഹാ എഫെസ്യർക്കെഴുതിയ ലേഖനം 5: 22-27 ൽ ഇപ്രകാരം പറയുന്നു: "ഭാര്യമാരേ! നമ്മുടെ കര്‍ത്താവിന് എന്നവണ്ണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പ്പെട്ടിരിക്കണം. മ്ശീഹാ സഭയ്ക്കു തലയും, ശരീരത്തെ ജീവിപ്പിക്കുന്നവനും ആയിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയ്ക്കു തലയാകുന്നു. സഭ മ്ശീഹായ്ക്ക് കീഴ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് സകലത്തിലും കീഴടങ്ങിയിരിക്കണം. ഭര്‍ത്താക്കന്മാരെ, മ്ശീഹായും തന്‍റെ സഭയെ സ്നേഹിച്ചതുപോലെ തന്നെ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. സഭയെ വെള്ളം കൊണ്ടുള്ള കഴുകലാലും വചനത്താലും വിശുദ്ധീകരിച്ചു വെടിപ്പാക്കുവാനും, കറയോ അശുദ്ധിയോ, അവയോട് തുല്യമായ മറ്റെന്തെങ്കിലുമോ ഇല്ലാതെ, പരിശുദ്ധയും മാലിന്യമില്ലാത്തതുമായി മഹത്വമുള്ളവളായി തനിക്ക് സഭയായി നിര്‍ത്തേണ്ടതിനുമായി, അതിനുവേണ്ടി തന്നെത്തന്നെ ഏല്പിച്ചു കൊടുത്തുവല്ലോ."


കുടുംബത്തിലെ ആത്മീയ നേതാവായിരിക്കണം ഭർത്താവ്. ക്രിസ്തുവിനെ പ്രതിനിധീകരിക്കുവാനാണ്  അവനെ വിളിച്ചിരിക്കുന്നതു,  സഭയെ പ്രതിനിധീകരിക്കാൻ ഭാര്യയെയും  വിളിക്കുന്നു. ക്രിസ്തുവിനെന്ന നിലയിൽ, ഭാര്യയെ സ്നേഹിക്കാൻ ഭർത്താവിനെ വിളിക്കുന്നു. അവൻ അവളെ സ്നേഹപൂർവ്വം സേവിക്കണം, അവളെ അവഗണിക്കരുത്. ക്രിസ്തു സഭയ്ക്കുവേണ്ടി മരിച്ചതുപോലെ അവൻ അവൾക്കുവേണ്ടി ത്യാഗം ചെയ്യണം. ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി സൗഹൃദം, വിനോദം, വ്യക്തിപരമായ ചില ശീലങ്ങൾ  തുടങ്ങിയ പല  കാര്യങ്ങൾ അദ്ദേഹം ത്യജിക്കണം എന്നാണ് ഇതിനർത്ഥം. ദുഃഖകരമെന്നു പറയട്ടെ, പല ഭർത്താക്കന്മാരും സൗഹൃദം, വിനോദം, ശീലങ്ങൾ എന്നിവ ഭാര്യമാർക്കും ഉപരിയായി സ്ഥാപിക്കുന്നു. ഭാര്യയെ സ്നേഹിക്കാത്ത ഭർത്താവും, തന്റെ ആടുകളെ കരുതാത്ത ഇടയനും ഒരു പോലെയാണ്. അവർ മൂലം കുടുംബവും സഭയും  നശിക്കുന്നു.


പല ഭാര്യമാർക്കും ലേയയെപ്പോലെ ഭർത്താവിൽ നിന്നും സ്നേഹക്കുറവും,  അവഗണനയും അനുഭവപെടുന്നുണ്ട്.  ഭാര്യയെ ദൈവവചന പ്രകാരമുള്ള നടപടികൾ കൊണ്ട് കഴുകുന്നതിലൂടെ മാത്രമേ ഭർത്താവിന് അവളെ വെടിപ്പാക്കുവാൻ കഴിയുള്ളു. ഭർത്താവ് - ഭാര്യയോടൊപ്പം പള്ളിയിൽ പോകുക, ഒരുമിച്ച് ഒരു  ബൈബിൾ പ്രസംഗം കേൾക്കുക. ( സുവിശേഷയോഗങ്ങളിൽ ഇരിക്കുമ്പോൾ കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കണം എന്നാണ് എന്റെ അഭിപ്രായം) കുടുംബത്തെ ഭക്തിയിൽ  നയിക്കുക, വചനത്തിന് വിരുദ്ധമായിരിക്കുമ്പോൾ അവളെ തിരുത്തുക തുടങ്ങി ഭർത്താവ്   ചെയ്യാത്ത ഈ കാര്യങ്ങളെല്ലാം കുടുംബത്തെ നിഷ്ക്രിയമാക്കുന്നു. റാഹേലും,  ലേയയെയും കൂടുതൽ ഭാര്യമാരെ കുടുംബത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ യാക്കോബ് അവരെ തിരുത്തിയില്ല. അവന്റെ നിഷ്ക്രിയത്വം കുടുംബത്തെ കൂടുതൽ പാപത്തിലേക്കും പ്രവർത്തനരഹിതതയിലേക്കും നയിക്കുന്നു. ഏദനിലെ പാപവീഴ്ചയിൽ ആദം ചെയ്തത് ഇത് തന്നെയാണ്.  സാത്താൻ പരീക്ഷിച്ചപ്പോൾ, ആദാം ഹവ്വായുടെ തൊട്ടടുത്തായിരുന്നുവെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ക്രിസ്തു  ചെയ്തതുപോലെ അവൻ സാത്താനെ ദൈവവചനത്താൽ തോൽപ്പിച്ചില്ല.  ക്രിസ്തു തന്റെ മണവാട്ടിയായ സഭയ്ക്കുവേണ്ടി ചെയ്തതുപോലെ, പാപം ചെയ്തശേഷം അവൻ തന്റെ ഭാര്യയ്ക്കുവേണ്ടി മരിയ്ക്കുവാനും തയ്യാറായില്ല, പകരം, ആദം നിഷ്ക്രിയമായി അവളെ പിന്തുടർന്നു. ആയതിനാൽ,  ആദാമിന്റെ പാപം, 

തന്റെ നേതൃത്വത്തിലുള്ള ലോകത്തെ പാപത്തിലേക്കും പ്രവർത്തനരഹിതത്തിലേക്കും നയിച്ചു.


നമുക്ക് അൽപ്പം ധ്യാനിക്കാം!  കുടുംബത്തിൽ പുരുഷ, ആത്മീയ നേതൃത്വത്തെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത നാം എങ്ങനെ പ്രയോഗിക്കണം?


▪നിഷ്‌ക്രിയ ഭർത്താക്കന്മാരുള്ള ഭാര്യമാരെ, നിങ്ങൾ അവരെ വിമർശിക്കുകയോ ചെറുതാക്കുകയോ ചെയ്യരുത്. അവരെ  സൗമ്യമായി പ്രോത്സാഹിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും വേണം. ഏത് സിനിമ കാണണം അല്ലെങ്കിൽ അത്താഴത്തിന് എന്തു ഉണ്ടാക്കണം  തുടങ്ങിയ ചെറിയ തീരുമാനങ്ങൾ പോലും എടുക്കാൻ അനുവദിച്ചുകൊണ്ട് അവരെ നയിക്കാൻ നിങ്ങൾ സഹായിക്കണം. ചെറിയ തീരുമാനങ്ങൾ എടുക്കാൻ ഭർത്താക്കന്മാർക്ക് സുഖം തോന്നുന്നതിനാൽ, വലിയ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് ആത്മവിശ്വാസം തോന്നും. ചില മേഖലകളിൽ അവർ പരാജയപ്പെടുമ്പോൾ, ഭാര്യമാർ വിമർശനങ്ങൾ ഒഴിവാക്കണം, കാരണം അത് അവരെ നിരുത്സാഹപ്പെടുത്തുകയും അകറ്റുകയും ചെയ്യും. ഭാര്യമാർ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും, വചനപ്രകാരം പ്രോത്സാഹിപ്പിക്കുകയും അവരുടെ മനസ്സ് മാറ്റാൻ ദൈവത്തിനായി കാത്തിരിക്കുകയും വേണം. ഓർക്കുക, നിങ്ങൾ അല്ല അവരെ മാറ്റം വരുത്തുന്നത്, ദൈവവചനം ആണ് അത് ചെയ്യുന്നത്.


▪സമാധാനപരമായി കുടുംബം നയിക്കാൻ തങ്ങളെ  അനുവദിക്കാത്ത ഭാര്യമാരുള്ള ഭർത്താക്കന്മാരോട് ഞാൻ പറയുന്നു. നിങ്ങൾ  നിഷ്‌ക്രിയമായി നിങ്ങളുടെ  ഉത്തരവാദിത്തം ഉപേക്ഷിക്കരുത്. ഭാര്യമാരെ ബലാത്ക്കാരമായി അനുസരണ പഠിപ്പിക്കുവാൻ  വേദപുസ്തകം ഭർത്താക്കന്മാരെ അനുവാദിക്കുന്നില്ലെന്ന് നിങ്ങൾ ഓർക്കണം. അധിക്ഷേപകരമായ പുരുഷ നേതൃത്വം ക്രിസ്തീയമല്ല - അത് പാപത്തിന്റെ ഫലമാണ്. ഭാര്യമാരെ സ്നേഹിക്കാൻ തിരുവെഴുത്ത് ഭർത്താക്കന്മാരോട് കൽപ്പിക്കുന്നു. വ്യക്തിപരമായി, ത്യാഗത്തോടെ, ആത്മീയമായി, ക്ഷമയോടെ - ഭർത്താക്കന്മാർ ക്രിസ്തുവിനെപ്പോലെ അവരെ സ്നേഹിക്കുക.  ഒടുവിൽ, ദൈവം നിങ്ങളുടെ ഭാര്യമാരുടെ ഹൃദയത്തെ മാറ്റിയേക്കാം. യാക്കോബിനെപ്പോലെ ഭാര്യമാർ ആഗ്രഹിക്കുന്ന എല്ലാ ആഗ്രഹങ്ങളും ഭർത്താക്കന്മാർ നിഷ്ക്രിയമായി അംഗീകരിക്കരുത്, പ്രത്യേകിച്ചും ആ മോഹങ്ങൾ പാപമാകുമ്പോൾ. നിഷ്‌ക്രിയത്വം ഹ്രസ്വകാല സമാധാനം നൽകിയേക്കാം, പക്ഷേ ഇത് ദീർഘകാല ദുരന്തം നൽകുന്നു. വീണ്ടും പറയുന്നു, നിങ്ങൾക്ക് അവരെ മാറ്റാൻ കഴിയില്ല, ദൈവത്തിന് മാത്രമേ കഴിയൂ. നിങ്ങൾക്ക്  അവരെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരോട് ക്ഷമ കാണിക്കാനും മാത്രമേ കഴിയൂ.


▪കുട്ടികളോടൊപ്പം, മാതാപിതാക്കൾ കുടുംബത്തിൽ വേദപുസ്തക വിഷയങ്ങൾ അഭ്യസിക്കുകയും ( ഞാൻ എന്റെ അപ്പനോടും അമ്മയോടും നന്ദി പറയുന്നു ) അത് ചെയ്യാൻ അവരെ പഠിപ്പിക്കുകയും വേണം. മാതാപിതാക്കൾ ഇത് ചെയ്യുന്നില്ലെങ്കിൽ, ലോകം അവരുടെ കുട്ടികളെ പഠിപ്പിക്കുകയും      ക്രിസ്തീയമല്ലാത്ത  ജീവിതമാതൃകകളിലേക്ക് അത് അവരെ നയിക്കുകയും ചെയ്യും, ഇത് ആത്യന്തികമായി പ്രവർത്തനരഹിതമായ കുടുംബജീവിതത്തിലേക്കും ബന്ധങ്ങളിലേക്കും  നയിക്കും.


നമുക്ക് ഈ കാര്യങ്ങൾ ഒന്ന് ധ്യാന വിഷയം ആക്കാം. നിങ്ങളെ സ്വാധീനിച്ച വീട്, പള്ളി, അല്ലെങ്കിൽ മറ്റ് സ്ഥലങ്ങൾ എന്നിവയിൽ എപ്രകാരം ആണ്  ആരോഗ്യകരമായ പുരുഷ ആത്മീയ നേതൃത്വം നിങ്ങൾ കണ്ടത് അല്ലെങ്കിൽ അനുഭവിച്ചത്? അതിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? പുരുഷ നേതൃത്വത്തിന്റെ ദുരുപയോഗം നിങ്ങൾ എങ്ങനെ കണ്ടു? ഒരു പിതാവിൽ നിന്നോ ഭർത്താവിൽ നിന്നോ ഒരു വൈദികനിൽ നിന്നോ അനുഭവിച്ച മോശപ്പെട്ട പുരുഷ നേതൃത്വത്തിന്റെ വിപരീത ഫലങ്ങൾ എന്തൊക്കെയാണ്?

No comments