*നമ്മുടെ കുടുംബങ്ങളെ പാപത്തിൽ നിന്നും, നിഷ്ക്രിയത്വത്തിൽ നിന്നും സംരക്ഷിക്കുക*
(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)
*PART - 3*
*C) നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന്, നാം ദൈവത്തിൽ മാത്രം ആശ്രയിക്കണം*
29:31 അവന് ലേയയെ വെറുക്കുന്നു എന്നു കര്‍ത്താവു കണ്ടപ്പോള്‍ അവളുടെ ഗര്‍ഭ പാത്രം തുറന്നു. റാഹേലോ വന്ധ്യയായിരുന്നു.
29:32 ലേയാ ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള് അവനു റൂബേല്‍ എന്നു പേരിട്ടു. ദൈവം എന്റെ കഷ്ടത കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും എന്ന് അവള് പറഞ്ഞു.
29:33 അവള് വീണ്ടും ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. ഞാന്‍ വെറുക്കപ്പെടുന്നു എന്നു കര്‍ത്താവു കേട്ടതിനാല്‍ ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞ് അവള് അവന് ശെമവൂന്‍ എന്നു പേരു വിളിച്ചു.
29:34 അവള് വീണ്ടും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. ഈ സമയം എന്റെ ഭര്‍ത്താവ് എന്നോടു ചേര്‍ച്ചയായിരിക്കുന്നു. ഞാന്‍ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞ് അവള് അവന്നു ലേവി എന്നു പേരിട്ടു.
29:35 അവള് വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു എന്ന് അവള് പറഞ്ഞു. അതിനാല്‍ അവള് അവനെ യീഹൂദാ എന്നു പേരു വിളിച്ചു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.
30:1 താന്‍ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നു കണ്ടപ്പോള്‍ റാഹേല്‍ തന്റെ സഹോദരിയോട് അസൂയപ്പെട്ടു. അവള് യാക്കോബിനോട്: എനിക്കു മക്കളെ തരിക; ഇല്ലെങ്കില്‍ ഞാന്‍ മരിക്കും എന്നു പറഞ്ഞു.
30:2 അപ്പോള്‍ റാഹേലിന്റെ നേരേ യാക്കോബിനു കോപം ജ്വലിച്ചു. നിനക്കു ഗര്‍ഭഫലം വിരോധിച്ചിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്താണോ ഞാന്‍? എന്ന് അവന് ചോദിച്ചു.
30:3 അവള് അവനോടു പറഞ്ഞത്: എന്റെ ദാസി ബില്‍ഹാ ഇതാ. നീ അവളുടെ അടുത്തു ചെല്ലുക. അവള് എന്റെ മുമ്പാകെ പ്രസവിക്കുകയും അങ്ങനെ അവള് മൂലം എനിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.
(ഉൽപ്പത്തി 29:31 - 30:3)
വ്യക്തമായും, യാക്കോബിന്റെ കുടുംബത്തിലെ അഭിപ്രായവ്യത്യാസത്തിന്റെ ഒരു ഉറവിടം എന്നത്, ഓരോ വ്യക്തിയും ദൈവഹിതപ്രകാരമല്ലാതെ മറ്റെന്തെങ്കിലും വിധത്തിൽ അവരുടെ കാര്യങ്ങളിൽ നിറവേറ്റുന്നതിന് ശ്രമിക്കുന്നുവെന്നതാണ്. അത് ഒരിക്കലും അവർക്കു തൃപ്തി ഉണ്ടാക്കുന്നതുമില്ല. സ്നേഹിക്കപ്പെടുന്നതിൽ ലിയ അവളുടെ ലക്ഷ്യം പിന്തുടർന്നു. യാക്കോബിനാൽ സ്നേഹിക്കപ്പെടാത്തതിലുള്ള അവളുടെ നിരാശ കുട്ടികൾക്കിടുന്ന പേരിൽ നിന്നും മനസ്സിലാക്കാൻ കഴിയും. രൂബേൻ എന്ന പേര് കൊണ്ട് ഉദ്ദേശിച്ചത് "ദൈവം എന്റെ കഷ്ടത കണ്ടു" എന്നാണ്, അതുകൊണ്ട് അവൾ പറഞ്ഞു, "ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” (29:32). രണ്ടാമത്തെ കുട്ടിക്ക് ശിമയോൻ എന്ന് പേരിട്ടു, അതിനർത്ഥം “കേൾക്കൽ” എന്നാണ്. പേരിട്ടതിനുശേഷം അവൾ ഇപ്രകാരം പറഞ്ഞു , “ഞാൻ വെറുക്കപ്പെടുന്നു എന്ന് കർത്താവ് കേട്ടതിനാൽ, ഇവനെയും എനിക്ക് തന്നു” (29:33). മൂന്നാമത്തെ മകന് അവൾ ലേവി എന്ന് പേരിട്ടു, അതിനർത്ഥം “ചേർച്ചയായിരിക്കുന്നു” എന്നാണ്. അതിനു മറുപടിയായി അവൾ പറഞ്ഞു, "എന്റെ ഭർത്താവ് എന്നോട് ചേർച്ചയാകും, ഞാൻ അവനു മൂന്ന് പുത്രൻമാരെ പ്രസവിച്ചിരിക്കുന്നുവല്ലോ ” (29:34). നാലാമത്തെ മകനെ പ്രസവിച്ചപ്പോൾ യാക്കോബ് അവളെ സ്നേഹിക്കുന്നുണ്ടോ എന്ന കാര്യം പേരിൽ നിന്നും വ്യക്തമല്ല എങ്കിലും ലേയ ദൈവത്തിൽ സംതൃപ്തി കണ്ടെത്തുന്നതായി തോന്നുന്നു. യഹൂദ എന്നാൽ “സ്തുതി” എന്നാണ് അർത്ഥമാക്കുന്നത്. “ഈ സന്ദർഭത്തിൽ ഞാൻ കർത്താവിനെ സ്തുതിക്കുന്നു ” (29:35) എന്ന് അവൾ പ്രഖ്യാപിക്കുന്നു. അതായത് നാലാമത്തെ പുത്രനെയും ലഭിച്ചിട്ടും അവൾക്കർഹിക്കുന്ന പരിഗണന യാക്കോബിൽ നിന്നും ലഭിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിൽ അവൾ പറയുന്ന സ്തുതിയുടെ അർത്ഥം "തന്റെ പ്രതിസന്ധികളെക്കുറിച്ച് പരാതിപ്പെടുന്നതിനുപകരം, അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി" എന്ന രീതിയിൽ ആണ്. എന്നിരുന്നാലും, റാഹേലിനു കുട്ടികളുണ്ടായതിനുശേഷം, ലേയ വീണ്ടും അസൂയപ്പെടുകയും, ദൈവഹിതത്തിൽ നിന്ന് വ്യത്യസ്തമായി വീണ്ടും സന്താനോൽപാദനം തന്റെ ലക്ഷ്യമായി പിന്തുടരുകയും ചെയ്യുന്നു, കുടുംബത്തിൽ കൂടുതൽ നിഷ്ക്രിയത്വത്തിനു ഇത് കാരണമാകുന്നു.
അതുപോലെ, റാഹേലും ദൈവവുമായുള്ള ബന്ധത്തിലൂടെയുള്ള ആവിശ്യപൂർത്തീകരണവും ലക്ഷ്യവും തേടുന്നതിനുപകരം വക്ര മാർഗ്ഗം സ്വീകരിച്ചു.ഒരു അമ്മയാകാൻ അവൾ തന്റെ ദാസിയുടെ സഹായം തേടി. അക്കാലത്ത്, ഒരു അമ്മയെന്നത് ഭാര്യയുടെ പ്രാഥമിക ലക്ഷ്യമായിട്ടാണ് കാണപ്പെട്ടിരുന്നത്. സന്താനലബ്ധി മുഖാന്തിരം കായിക അധ്വാനത്തിൽ സഹായം വാർധക്യത്തിൽ സംരക്ഷണം, ഉത്തരവാദിത്തങ്ങളിൽ നിന്നും വിരമിക്കൽ മുതലായ നേട്ടങ്ങൾ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു, കൂടാതെ, അംഗസംഖ്യ കൂടുമ്പോൾ ശക്തമായ ഒരു കുടുംബം ആയി സമൂഹത്തിൽ ഉറപ്പിക്കപ്പെടുന്നു. അതിനാൽ, വന്ധ്യരാകുന്നത് അങ്ങേയറ്റം ലജ്ജാകരമായിരുന്നു. റാഹേൽ, കുട്ടികളില്ലാത്തതിനാൽ യാക്കോബിനോട് പറഞ്ഞു, “എനിക്ക് മക്കളെ തരൂ, അല്ലെങ്കിൽ ഞാൻ മരിക്കും!” (30: 1). മറുപടിയായി, യാക്കോബ് പ്രകോപിതനായി, “നിനക്ക് ഗർഭഫലം വിരോധിച്ചിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്താണോ ഞാൻ?" എന്ന് പറഞ്ഞു. അവളിലൂടെ മക്കളെ ജനിപ്പിക്കുന്നതിനായി റാഹേൽ തന്റെ ദാസിയായ ബിൽഹയെ വിവാഹം കഴിക്കാൻ യാക്കോബിനെ നിർബന്ധിച്ചു. ഇതൊരു തരം ഔദ്യോഗിക ദത്തെടുക്കലായിരിക്കണം. പുരാതന ബാബിലോണിൽ ഈ നിബന്ധന പലപ്പോഴും വിവാഹ കരാറുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഭാര്യയ്ക്കു കുട്ടികളെ നൽകുവാൻ കഴിഞ്ഞില്ല എങ്കിൽ, ഭർത്താവിനു ഭാര്യയുടെ ദാസിയിൽ നിന്നും സന്താനമുൽപ്പാദിപ്പിക്കുവാൻ അനുവദിക്കുന്ന ബാബിലോണിയൻ സംസ്കാരത്തെ ആണ് റാഹേൽ പിന്തുടർന്നത്. ദൈവത്തെ സമീപിക്കുവാനോ തന്നോട് കരുണ യാചിക്കുവാനോ തയ്യാറാകാതെ ലോകപ്രകാരം മുന്നോട്ടു പോയി അസംതൃപ്ത കുടുംബജീവിതം നയിക്കുകയാണ് റാഹേൽ ചെയ്തത്.
ഈ മൂന്നു പേരുടെയും കാര്യത്തിൽ, അവരുടെ നിഷ്ക്രിയത്വം പ്രധാനമായും ദൈവം അവരുടെ ആവിശ്യങ്ങളുടെ പൂർത്തീകരണത്തിന്റെ ഉറവിടമായിരുന്നില്ല എന്നതാണ്. നമ്മുടെ ആശ്രയവും എല്ലാ ആവിശ്യങ്ങളുടെ പൂർത്തീകരണത്തിന്റെ ഉറവിടവും ദൈവം അല്ലാതെ വന്നാൽ കുടുംബജീവിതം നിരാശയിലേക്കും വിയോജിപ്പിലേക്കും നയിക്കപ്പെടും. നമ്മെ യഥാർത്ഥത്തിൽ സന്തോഷിപ്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. ദൈവാശ്രയത്വമില്ലാതെ, നിങ്ങളുടെ പങ്കാളികൾ നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ അനാരോഗ്യകരമായ പ്രതീക്ഷകൾ സ്ഥാപിക്കുകയാണ്, അത് അവരോട് നിരന്തരം നിരാശപരമായി ഇടപെടുന്നതിന് ഇടയാക്കും. അതുപോലെ ദൈവാശ്രയത്വമില്ലാത്ത ഇത്തരം അമിത പ്രതീക്ഷകൾ പങ്കാളിയിൽ നിങ്ങളോടുള്ള നിരാശ ജനിപ്പിക്കുവാനും കാരണം ആക്കും. നിങ്ങൾ അവരെ എപ്പോഴും പരാജയപ്പെടുത്തുന്നുവെന്ന് അവർക്ക് തോന്നുവാൻ കാരണമാകും.
ദൈവത്തിന് മാത്രം നിറയ്ക്കാൻ കഴിയുന്ന നമ്മുടെ ഹൃദയഅറകളെ നിറയ്ക്കാൻ മറ്റാർക്കും കഴിയില്ല. നമ്മുടെ സന്തോഷത്തിനോ, ആവിശ്യങ്ങളുടെ പൂർത്തീകരണത്തിനോ മറ്റു എന്തെങ്കിലും കാര്യങ്ങൾക്കൊ ദൈവാശ്രയത്വമില്ലാതെ, നാം നമ്മുടെ സുഹൃത്തുക്കളെയോ ജോലിയെയോ കുടുംബത്തെയോ സഭയെയോ മറ്റെന്തിനെയെങ്കിലുമോ ആശ്രയിക്കുന്നുവെങ്കിൽ, നിരന്തരം നിരാശരാകേണ്ടി വരും. റാഹേലിനെപ്പോലെ, ഈ നിരാശ പലപ്പോഴും കോപമുണ്ടാക്കുകയും നാം ഇഷ്ടപ്പെടുന്നവരെ അടുപ്പിക്കുന്നതിനുപകരം നമ്മിൽ നിന്ന് അകറ്റുകയും ചെയ്യും. അവളുടെ പ്രതീക്ഷകളുടെ ആശ്രയസ്ഥാനം തെറ്റിപ്പോയി, അതിനാൽ അവ പൂർത്തീകരിക്കപ്പെട്ടില്ല. ദാസി മുഖേനയുള്ള സന്താനങ്ങൾക്ക് അവളെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല, അവൾക്ക് ഒരു ആവശ്യമുണ്ട്, അതു നൽകുവാൻ ദൈവത്തിനു മാത്രമേ കഴിയുള്ളു. ഒടുവിൽ ദൈവാശ്രയത്തിൽ അവൾക്ക് ഒരു മകൻ ജനിച്ചപ്പോൾ അവൾ അവന് യൗസെഫ് എന്ന് പേരിട്ടു, അതായത് “കർത്താവ് എനിക്ക് മറ്റൊരു പുത്രനെ തരട്ടെ” - അവളെ തൃപ്തിപ്പെടുത്താൻ കർത്താവിനെ കഴിഞ്ഞുള്ളു, മുന്നോട്ടും കർത്താവിലുള്ള ആശ്രയത്വമേ നിലനില്കുള്ളൂ.
പല വിവാഹങ്ങളും പൊതുവായുള്ള ബന്ധങ്ങളും ദൈവാശ്രയത്വമില്ല എന്ന ഒറ്റ കാരണത്താൽ തന്നെ പ്രവർത്തനരഹിതമാണ്. , ഭർത്താവ്, ഭാര്യ, കുട്ടികൾ അല്ലെങ്കിൽ കാമുകൻ കാമുകി, സുഹൃത്ത്, അല്ലെങ്കിൽ സഹപ്രവർത്തകൻ, ബന്ധുക്കൾ തുടങ്ങിയവർ നമ്മുടെ ആവിശ്യങ്ങളിൻന്മേൽ സംതൃപ്തി നൽകുമെന്ന് നാം പ്രതീക്ഷിക്കുന്നു. അവർ അങ്ങനെ ചെയ്യാത്തപ്പോൾ, അത് നിരാശയിലേക്കും കോപത്തിലേക്കും നയിക്കുന്നു. മറുപടിയായി, ആവിശ്യങ്ങൾ പൂർത്തീകരിക്കപെടാത്ത വ്യക്തി മറ്റുള്ളവരോടോ ദൈവത്തോടോ ഉള്ള കോപം പുറത്തെടുക്കുന്നു. വിവാഹം, സൗഹൃദം, കുടുംബം, ജോലി എന്നിവയിൽ യഥാർത്ഥത്തിൽ സംതൃപ്തരാകാൻ, നമ്മുടെ സംതൃപ്തിയും ലക്ഷ്യവും ദൈവാശ്രയത്വത്തിൽ നാം കണ്ടെത്തണം. ആളുകൾ, കാര്യങ്ങൾ, സാഹചര്യങ്ങൾ എന്നിവയല്ല, നമ്മെ സന്തോഷിപ്പിക്കാനും സംതൃപ്തരാക്കാനും ദൈവത്തിനു മാത്രമേ കഴിയൂ എന്നുള്ള സത്യം നാം ഗ്രഹിക്കണം. നമ്മുടെ സന്തോഷവും ലക്ഷ്യവും കർത്താവിൽ ആയിരിക്കണം. മറ്റെന്തിൽ നാം ആശ്രയപ്പെട്ടാലും ഒടുവിൽ നിരുത്സാഹത്തിലേക്കും നിരാശയിലേക്കും നയിക്കപ്പെടും, തത്ഫലമായി കുടുംബത്തിലും ബന്ധങ്ങളിലും വിയോജിപ്പുണ്ടാകും.
സങ്കീർത്തനക്കാരനെപ്പോലെ, “എന്തെന്നാല്‍ എന്റെ പിതാവും എന്റെ മാതാവും എന്നെ ഉപേക്ഷിച്ചിട്ടും കര്‍ത്താവ് എന്നെ സ്വീകരിച്ചു"(27:10) എന്നു പറയുവാൻ സാധിക്കുന്ന ഒരു ദൈവം നമുക്കുണ്ട്.
അതുകൊണ്ട്, ദൈവം എനിക്ക് ഒരു ജീവിതപങ്കാളിയെ നൽകിയാലും ഇല്ലെങ്കിലും, കുട്ടികളെ നൽകിയാലും ഇല്ലങ്കിലും, ഒരു ജോലി നൽകിയാലും ഇല്ലങ്കിലും, ഒരു ബിരുദം നൽകിയാലും ഇല്ലങ്കിലും, എന്റെ എല്ലാ സുഹൃത്തുക്കളും, കുടുംബവും, സഹപ്രവർത്തകരും എന്നെ ഉപേക്ഷിച്ചാലും ഞാൻ കർത്താവിൽ വിശ്വസിക്കും. അവനാണ് പ്രധാനം. ദൈവം നമ്മുടെ പ്രാഥമിക ലക്ഷ്യവും അഭിനിവേശവും ആയിരിക്കണം. ഇങ്ങനെ ഉള്ള ദൈവാശ്രയത്വമുള്ള കുടുംബം അവരുടെ നല്ല ആവിശ്യങ്ങളുടെ പൂർത്തീകരണം നേടും.
നമുക്ക് ധ്യാനിക്കാം, എന്റെ ജീവിതത്തിൽ ഞാൻ ദൈവാശ്രയത്വ ബോധം ഉള്ളവനാണോ? അതോ ഞാൻ ആശ്രയിക്കുന്നത് മറ്റെന്തെങ്കിലും ആണോ?
▪എല്ലാത്തിലും ഉപരിയായി നമ്മുടെ കുടുംബത്തിൽ നാം ദൈവത്തിന് മുൻഗണന നൽകണം. അവന്റെ വചനം, പ്രാർത്ഥന, കൂട്ടായ്മ മുതലായവയിലൂടെ നാം നിരന്തരം ദൈവത്തിൽ വസിക്കുമ്പോൾ, അത് ലോകപരമായതിനെ ആശ്രയിക്കുന്നതിൽ നിന്നും നിരാശയുടെയും അസംതൃപ്തിയുടെയും നിരന്തരമായ അവസ്ഥയിൽ ജീവിക്കുന്നതിൽ നിന്നും നമ്മുടെ ഹൃദയത്തെ തടയും. നമ്മൾ നിരന്തരം ദേഷ്യപ്പെടുകയും അസംതൃപ്തരാകുകയും ചെയ്യുമ്പോൾ, അതിനർത്ഥം നമ്മുടെ ഹൃദയത്തിൽ നാം ദൈവാശ്രയത്തേക്കാൾ ഉപരിയായി മറ്റെന്തിലോ പ്രാധാന്യം കൊടുത്തു എന്നാണ്. എബ്രായർ 13: 5 പറയുന്നു, "നിങ്ങളുടെ മനസ്സ് ദ്രവ്യാഗ്രഹമുള്ളതായിരിക്കരുത്. ഉള്ളതു മതി എന്ന് (നിങ്ങള്‍ വിചാരിക്കണം). എന്തെന്നാല്‍ നിന്നെ ഞാന്‍ ഉപേക്ഷിക്കയില്ല, നിന്നെ ഞാന്‍ കൈവെടിയുകയുമില്ല എന്ന് നമ്മുടെ കര്‍ത്താവ് പറഞ്ഞിട്ടുണ്ട്." ദൈവത്തെ ഒന്നാമതെത്തിക്കുകയും അവനിൽ നമ്മുടെ സംതൃപ്തി കണ്ടെത്തുകയും ചെയ്താൽ മാത്രമേ നമുക്ക് നമ്മുടെ ആവിശ്യങ്ങളെ പൂർത്തീകരിക്കുവാൻ കഴിയൂ.
▪നാം ദൈവത്തിലുള്ള ആശ്രയം മുറുകെ പിടിക്കണം. നമ്മൾ അതു മുറുകെ പിടിച്ചില്ല എങ്കിൽ അതു നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുവാനും നിരാശപ്പെടുവാനും ഇടയായേക്കും. നമ്മുടെ പങ്കാളികൾ നമ്മുടേതല്ല, അവർ ദൈവദാനമാണെന്ന് നാം ഓർക്കണം. നമ്മുടെ കുട്ടികൾ നമ്മുടേതല്ല, അവർ ഒന്നാമതായി, ദൈവത്തിനുള്ളതാണ്. നമ്മുടെ ജോലികൾ, പഠനങ്ങൾ, ഹോബികൾ, ബന്ധങ്ങൾ എന്നിവയെല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്, നാം അവയുടെ ഗൃഹവിചാരകനായി വിളിക്കപെട്ടിരിക്കുന്നു. ദൈവത്തിന്റെ ഉദ്ദേശ്യത്തിനായി അവ നട്ടുവളർത്താൻ നാം വിളിക്കപ്പെടുന്നു. നമ്മുടെ ആശ്രയം നാം ദൈവത്തിൽ മുറുകെ പിടിക്കുമ്പോൾ നമ്മുക്ക് ദൈവം തന്ന ദാനങ്ങൾ നമ്മെ ഉപദ്രവിക്കുന്നതിൽ നിന്നും നശിപ്പിക്കുന്നതിൽ നിന്നും / അല്ലെങ്കിൽ അവ ഉപദ്രവിക്കപ്പെടുന്നതിൽ നിന്നും നശിപ്പിക്കപ്പെടുന്നതിൽ നിന്നും തടയാൻ അവൻ സഹായിക്കും.
▪ദൈവത്തിന്റെ ദാനങ്ങൾക്ക് നാം നന്ദി പറയണം. അത്, നമ്മുടെ പക്കലില്ലാത്തവയിൽ അല്ലെങ്കിൽ നമ്മുടെ ആവിശ്യങ്ങളുടെ അപൂർണ്ണതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് നമ്മെ തടയും. നന്ദികേട് പലപ്പോഴും നിരാശയിലേക്കും അസംതൃപ്തിയിലേക്കും ഒടുവിൽ വിയോജിപ്പിലേക്കും നയിക്കുന്നു. ദൈവത്തിന്റെ ദാനങ്ങൾ നമ്മെ തൃപ്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അവ നമ്മെ ദൈവത്തെക്കുറിച്ച് ചിന്തിക്കാനും അവനു നന്ദി പറയാനും വേണ്ടിയാണ്. നമ്മുടെ ആവിശ്യങ്ങളുടെ അപൂർണതകൾ പോലും ദൈവത്തിൽ കൂടുതൽ ആശ്രയിക്കാൻ സഹായിക്കുകയും അവയിൽ നമ്മുടെ ആത്യന്തിക സംതൃപ്തി തേടാതിരിക്കുകയും ചെയ്യുന്നു.
നമുക്ക് ദൈവാശ്രയ ബോധം ഉണ്ടാകുവാനായി പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാം.
ദൈവാശ്രയമില്ലാതെ ആവിശ്യങ്ങളിൽ നിവൃത്തി തേടാൻ നിങ്ങൾ ഏതു വിധത്തിൽ പ്രലോഭിപ്പിക്കപ്പെടുന്നു? ദൈവാശ്രയമില്ലാതെ ആവിശ്യങ്ങൾക്ക് നിവൃത്തി തേടുമ്പോൾ നിങ്ങൾ എങ്ങനെയാണ് അസംതൃപ്തി, കോപം, വിയോജിപ്പ് എന്നിവ അനുഭവിച്ചത്? ദൈവാശ്രയമില്ലാത്ത അനാരോഗ്യകരമായ പ്രതീക്ഷകൾ ആവിശ്യങ്ങൾ നമ്മുടെ കുടുംബ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു ?
No comments