Holy Qurbana Article - Yuhanon Raban Part - E
വി. കുർബ്ബാന: സുറിയാനി അന്ത്യോഖ്യൻ ആരാധനക്രമം ഒരു ലഘുപഠനം
📝 ബർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ
Read Part - 1
Read Part - 2
Read Part - 3
Read Part - 4
PART - 5
മൌദ്യോനെൻമാർക്കുള്ള ബലിയുടെ ക്രമം (Order of the Mass of Catechumen)
b) വിശുദ്ധ ധൂപനത്തിന്റെ ആരാധന (Liturgy of the Sacred Censing)
രണ്ടാം ഘട്ടം
സങ്കീർത്തനക്കാരൻ പാടി പറയുന്നു, "കര്‍ത്താവേ നിന്നേ ഞാന്‍ വിളിച്ചുവല്ലോ, എന്നോടു നീ ഉത്തരമരുളണമേ, എന്‍റെ വചനങ്ങള്‍സൂക്ഷിച്ചു കേട്ടു കൈക്കൊള്ളണമേ. എന്‍റെ പ്രാര്‍ത്ഥന തിരുമുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍നിന്നുള്ള കാഴ്ച സന്ധ്യയിലെ വഴിപാടു പോലെയും ഇരിക്കുമാറാകണമേ." (സങ്കീർത്തനങ്ങൾ 140: 1-2). നമ്മുടെ പ്രാർത്ഥനയെ ദൈവമുൻപാകെയുള്ള ധൂപം പോലെ സ്വീകരിക്കേണമേ എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നും പഴയനിയമ സഭയിൽ ധൂപാർപ്പണം എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കും. വെളിപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം 'വിശുദ്ധന്മാരുടെ പ്രാർത്ഥന' എന്നത് ധൂപകലശത്തിലിടുന്ന സുഗന്ധവർഗ്ഗം പോലെയാണ്, "അവന്‍ അത് വാങ്ങിയപ്പോഴാകട്ടെ ആ നാല് ജീവികളും ആ ഇരുപത്തിനാല് മൂപ്പന്മാരും കുഞ്ഞാടിന്‍റെ മുമ്പാകെ വീണു. അവരില്‍ ഓരോരുവനും വീണയും, വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന സുഗന്ധവര്‍ഗ്ഗം നിറഞ്ഞ സ്വര്‍ണ്ണ ധൂപകലശവും പിടിച്ചിരുന്നു." (വെളിപ്പാടു 5:8).
തുടർന്നും വെളിപാട് പുസ്തകത്തിൽ ധൂപാർപ്പണത്തോടു കൂടിയ പ്രാർത്ഥന സ്വർഗീയ സഭയിൽ പ്രയോഗത്തിലിരിക്കുന്നതിനെ സൂചിപ്പിക്കുന്നതായ വചനങ്ങളിൽ ഇപ്രകാരം കാണുന്നു, "മറ്റൊരു മാലാഖ വന്ന് യാഗപീഠത്തിനുപരിയായി നിന്നു. ആ മാലാഖയുടെ കൈയില്‍ ഒരു സ്വര്‍ണ്ണ ധൂപക്കുറ്റി ഉണ്ടായിരുന്നു. വളരെയേറെ സുഗന്ധ വസ്തുവും അയാള്‍ക്ക് നല്‍കപ്പെട്ടു. ആയത്, മഹാസിംഹാസനത്തിന് മുമ്പിലുള്ള സ്വര്‍ണ്ണയാഗപീഠത്തിന്മേല്‍ എല്ലാ വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോടും കൂടെ അര്‍പ്പിക്കുവാനായിരുന്നു. ധൂപവര്‍ഗ്ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോടുകൂടെ മാലാഖയുടെ കൈയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കരേറി." (വെളിപ്പാടു 8:3-4). ഈ വാക്യങ്ങളിൽ വിശുദ്ധന്മാരുടെ പ്രാർത്ഥനയോടൊപ്പം സുഗന്ധവസ്തുക്കൾ അർപ്പിക്കുന്നതിന് മാലാഖ നിൽക്കുന്നതായും, ധൂപവര്‍ഗ്ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോടുകൂടെ സ്വർഗ്ഗത്തിലേക്ക് കരേറി ചെല്ലുന്നതായും വിശദീകരിക്കുന്നു. വെളിപാട് പുസ്തകം ഒരു പ്രവാചന ഗ്രന്ഥം മാത്രമല്ല ആദിമ സഭയിൽ നിലനിന്നിരുന്ന ആരാധനാ ക്രമങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു ലിറ്റർജിക്കൽ ഗ്രന്ഥം കൂടിയാണ്. ആദിമ സഭയിൽ വിശുദ്ധ ധൂപനത്തിന്റെ ആരാധന നിലനിന്നിരുന്നു എന്ന് നിസ്സംശയം പറയുവാൻ ഈ ഉദാഹരണങ്ങൾ മതിയാകും.
എപ്പോഴാണ് അഹരോന്യ പുരോഹിതൻമാർ ധൂപനം നടത്തിയിരുന്നത് എന്ന് 2 ദിനവൃത്താന്തം 13:11 ൽ പറയുന്നു, "അവര്‍ പ്രതിദിനം രാവിലെയും സന്ധ്യയ്ക്കും ദൈവത്തിന് ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധ മേശമേല്‍ അടുക്കുന്നു; പൊന്‍നിലവിളക്കും അതിന്‍റെ ദീപങ്ങളും സന്ധ്യാസമയത്ത് കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ കല്പന ആചരിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു." രാവിലെയും വൈകിട്ടും ഉള്ള ബലിയർപ്പണത്തോടോപ്പം പരിമളധൂപവും അർപ്പിച്ചിരുന്നു. അതുപോലെ അതേ സമയം തന്നേ ആയിരുന്നു വരുവാനുള്ള മിശിഹായാൽ നിത്യമായി അർപ്പിക്കപ്പെടുന്ന അപ്പവീഞ്ഞുകളുടെ ക്രമത്തെ അഥവാ മൽക്കീസേദെക്കിന്റെ ക്രമത്തെ ഓർമ്മിപ്പിക്കുന്ന കാഴ്ചയപ്പം വിശുദ്ധ മേശമേൽ അടുക്കി വച്ചിരുന്നതും. സുറിയാനി അന്ത്യോക്യൻ ആരാധനയിൽ വിശുദ്ധ ബലിയർപ്പണത്തിനു മുൻപേ കർതൃമേശയിൽ അതായത് വിശുദ്ധ ബലിപീഠത്തിൽ ഒരുക്കി വച്ചിരിക്കുന്ന അപ്പ വീഞ്ഞുകളുടെ മുൻപാകെ ക്രിസ്തീയ പുരോഹിതന്റെ കരങ്ങളാൽ വിശുദ്ധ ധൂപനത്തിന്റെ ആരാധനയുടെ ഭാഗമായി ധൂപകലശം ത്രിത്വ സ്തുതികളാൽ ആഘോഷിക്കുന്നു.
"പരിശുദ്ധനായ പിതാവ് പരിശുദ്ധൻ, പരിശുദ്ധനായ പുത്രൻ പരിശുദ്ധൻ, ജീവനും വിശുദ്ധിയുമുള്ള റൂഹാ പരിശുദ്ധൻ" എന്നിങ്ങനെ ആണ് ധൂപകലശത്തിൽ സുഗന്ധവർഗ്ഗം ഇട്ട് അതിനെ റൂശ്മാ ചെയ്യുമ്പോൾ പുരോഹിതൻ സ്തുതിച്ചു പാടി കീർത്തിക്കുന്നത്. തുടർന്ന് ധൂപനം ചെയ്തു കൊണ്ടുള്ള പ്രഖ്യാപനവും നടത്തുന്നു. പ്രസ്തുത പ്രഖ്യാപനത്തിൽ ത്രിയേക സത്യദൈവം ഈ ധൂപാർപ്പണം സ്വീകരിച്ചിരിക്കുന്നതിനാൽ അതുമൂലം ശുദ്ധീകരണവും, ജീവിച്ചിരിക്കുന്നവരും വാങ്ങിപ്പോയിരിക്കുന്നവരുമായ സഭയുടെ വിശ്വാസികളുടെ ആത്മാക്കൾക്ക് ഇഹത്തിലും പരത്തിലും കരുണയും ലഭിച്ചിരിക്കുന്നതായി അറിയിക്കുന്നു. ഇത് അംഗീകരിച്ചു കൊണ്ട് നാം ഈ വിശുദ്ധ ധൂപാർപ്പണത്തെ വണങ്ങുന്നു. എന്തുകൊണ്ടെന്നാൽ അതിലെ ധൂപത്തോടൊപ്പം സഭാമക്കളുടെ പ്രാർത്ഥനയും ദൈവതിരുമുൻപാകെ കരേറുന്നുവല്ലോ.
ധൂപകലശം വാഴ്ത്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടു അതിന്റെ ഭാഗങ്ങളെ പറ്റിയും ഓരോ ഭാഗവും എന്തെല്ലാം പ്രതിനിധീകരിക്കുന്നു എന്നുള്ളതും സൺഡേ സ്കൂളിൽ നാം പഠിച്ചിട്ടുള്ളതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല. ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ വിശുദ്ധ ധൂപനശേഷം പട്ടക്കാരൻ കൈവിരലുകൾ കഴുകുന്നതുമായി ബന്ധപ്പെട്ടു പലരും പല വ്യാഖ്യാനങ്ങൾ നൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ദയവായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക, കാരണം ധൂപകലശത്തിൽ സ്പർശിച്ചതിനാൽ കൈകളിൽ പുരണ്ടിരിക്കാൻ സാധ്യത ഉള്ള കരി കഴുകി കളയുവാൻ ആണ് അപ്രകാരം ചെയ്യുന്നത്.
ഇയ്യോബിന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു, "ഒരുദിവസം ദൈവപുത്രന്മാര്‍ കര്‍ത്തൃസന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു. സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ദൈവം ചോദിച്ചതിനു സാത്താന്‍ തന്നോട്: ഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു." (ഇയോബ് 1:6-7). ദൈവസന്നിധിയിൽ പോലും ചെന്ന് നിൽക്കുന്നവൻ ആണ് സാത്താൻ, ദൈവഭക്തന്മാരുടെ മേലിൽ അവന്നു വലിയ കണ്ണുണ്ട്. സത്യ ദൈവത്തിന്റെ ആരാധന നശിപ്പിക്കുക എന്നതാണ് അവന്റെ പരമലക്ഷ്യം. ധൂപാർപ്പണത്തിന്റെ ഒരു ലക്ഷ്യം എന്ന് പറയുന്നത് വിശുദ്ധ ആലയത്തിൽ സാത്താന്യ ശക്തികൾ പ്രവേശിക്കാതെ അതിലെ 'ഓയാർ'നെ (അന്തരീക്ഷം) ശുദ്ധീകരിക്കുവാനും, വിശുദ്ധരുടെ ആത്മാക്കൾക്ക് ആരാധനയിൽ സന്നിഹിതരായിരിക്കുവാനും വേണ്ടിയാണ്. വിശുദ്ധധൂപത്തിന്റെ വ്യാപനത്തെ മേഘത്തോടാണ് തിരുവെഴുത്തിൽ ഉപമിച്ചിരിക്കുന്നതു. വിശുദ്ധരുടെ ആത്മാക്കളെ 'മേഘം പോലെ' എന്നാണ് പൗലോസ് ഉപമിച്ചിരിക്കുന്നതു, "ആകയാല്‍ മേഘംപോലെ നമ്മെ ചുറ്റിനില്‍ക്കുന്ന സാക്ഷികളുടെ സമൂഹം നമുക്കുള്ളതുകൊണ്ട് നാം സകല ഭാരവും, സദാ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന പാപവും വിട്ട് നമുക്കായി വച്ചിരിക്കുന്ന, ഈ പോരാട്ടത്തിങ്കലേക്ക് ക്ഷമയോടുകൂടി ഓടണം." (എബ്രായർ 12:1). ലഘുവായ മേഘത്തോട് ആണ് പിതാക്കന്മാർ ദൈവമാതാവായ മറിയാമിനെ1രാജാക്കന്മാർ 18:44 ലെ വാക്യത്തിന്റെ
വ്യാഖ്യാനത്തിലൂടെ ഉപമിക്കുന്നത്. അതുപോലെ, എശ്ശയ്യാ പ്രവാചകൻ കണ്ട മേഘാവാഹനരായി പറന്നിടുന്ന ശ്രേഷ്ഠന്മാർ നിബി ശ്ശ്ളീഹാ സഹദേന്മാരുടെ സംഘമാണ് എന്നും പിതാക്കന്മാർ വർണ്ണിക്കുന്നു. ചുരുക്കി പറഞ്ഞാൽ വിശുദ്ധ ധൂപനമുള്ള ആരാധന മുഖാന്തിരം പൈശാചിക ആത്മാക്കൾ നീങ്ങി പോവുകയും വിശുദ്ധാത്മാക്കളുടെ സംസർഗം ഉണ്ടാവുകയും ചെയ്യുന്നു, "തോബിയാ റപ്പായേലിന്‍റെ വചനങ്ങള്‍ ഓര്‍ക്കുകയും ആ മത്സ്യത്തിന്‍റെ ചങ്കും കരളും സുഗന്ധവര്‍ഗ്ഗം വച്ചിരുന്നതായ തീയിന്മേല്‍ വയ്ക്കുകയും ചെയ്തു. അതിന്‍റെ (ആ മത്സ്യത്തിന്‍റെ) ഗന്ധം ആ പിശാചിനെ പുറത്തിറക്കുകയും അവന്‍ മെസ്രേനിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഓടിപ്പോകുകയും റപ്പായേല്‍ അവിടെ അവനെ ബന്ധിച്ചിടുകയും ചെയ്തു." (തോബീദ് 8:2-3)
മൂന്നാം ഘട്ടം
വിശുദ്ധ ധൂപനത്തിന്റെ ആരാധനയിൽ മൂന്നാമത്തേതും അവസാനത്തേതുമായ പ്രാർത്ഥന എന്നത് വിശ്വാസ പ്രമാണം ഉച്ഛരിക്കുന്നതാണ്. ശുശ്രൂഷകൻ ഇപ്രകാരം വിളിച്ചു പറയുന്നു, " ബാറക്മോർ, ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ട് നാമെല്ലാവരും നല്ലവണ്ണം നിന്ന് ബഹുമാനപ്പെട്ട പട്ടക്കാരന്റെ പ്രാർത്ഥന ഏറ്റുചൊല്ലണം." വിശ്വാസപ്രമാണത്തെ പറ്റി ഇവിടെ വിശദീകരിക്കുന്നില്ല. എന്നാൽ ആരാധനാപരമായ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഒന്നാമതായി, ഇതൊരു വേദശാസ്ത്രപരമായ പ്രമാണം (Creed) ആണെങ്കിലും, സുറിയാനി സഭയിൽ ഇത് ഒരു പ്രാർത്ഥന ആയിട്ടാണ് പരിശുദ്ധ പിതാക്കന്മാർ നമുക്ക് ഇതിനെ ഭരമേല്പിച്ചു തന്നിട്ടുള്ളത്.
രണ്ടാമതായി, ദൈവകൃപയാലത്രേ നമുക്ക് വിശ്വാസം കൈവന്നിരിക്കുന്നത് എന്നുള്ള അപ്പോസ്തോലിക പഠിപ്പിക്കൽ [ വിശ്വാസം മൂലം തന്‍റെ കൃപയാല്‍ ആകുന്നു നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അത് നിങ്ങളാല്‍ ഉണ്ടായതല്ല; പിന്നെയോ ദൈവത്തിന്‍റെ ദാനമാകുന്നു. ആരും പ്രശംസിക്കാതിരിക്കേണ്ടതിന്, അത് പ്രവൃത്തികളാല്‍ ഉണ്ടായതുമല്ല. (എഫെസ്യർ 2:7-9)] നമ്മെ ബോധ്യപ്പെടുത്തുവാനും, ജനങ്ങൾ നിൽക്കുന്ന വായുമണ്ഡലം ശുദ്ധീകരിക്കപ്പെടുവാനുമായി ത്രിത്വ സ്തുതികളാൽ വാഴ്ത്തി ആഘോഷിച്ച ധൂപകലശവുമായി ശുശ്രൂഷകൻ വിശ്വാസപ്രമാണം ചൊല്ലുന്നതായ സമയത്ത് അതിവിശുദ്ധ സ്ഥലത്തുനിന്നും വിശ്വാസികളുടെ ഇടയിലേക്ക് ഇറങ്ങി ധൂപനം ചെയ്യുന്നു.
മൂന്നാമതായി, വിശ്വാസപ്രമാണം പ്രാർത്ഥനയായി ചൊല്ലുന്ന അവസരത്തിൽ, പട്ടക്കാരൻ വിശുദ്ധ ബലിപീഠത്തിന്റെ മുൻപാകെ മുട്ടുകൾ മടക്കി നിന്നുകൊണ്ട് വിശുദ്ധ കുർബാനയിൽ ദൈവമുൻപാകെ ഓർക്കേണ്ടതിനായിട്ട് തന്നിരിക്കുന്നതായ പേരുകൾ ഓരോന്നായി ഓർത്ത് പ്രിസ്‌തായിൽ കുരിശടയാളം വരച്ച് ചേർക്കുന്നു.
ഇക്കാര്യങ്ങൾ പൂർത്തീകരിക്കുന്ന തോടുകൂടി മൗദ്യോനൻമാർക്കുള്ള തായ ബലിയുടെ ക്രമം അവസാനിക്കുകയും വിശുദ്ധ മാമോദീസാ ഏറ്റിട്ടില്ലാത്തവരായ വിശ്വാസികൾ പിരിഞ്ഞു പോവുകയും ചെയ്യുന്നു.
തുടരും......
No comments