Latest Posts

Holy Qurbana Article - Yuhanon Raban Part - A

 വി. കുർബ്ബാന: സുറിയാനി അന്ത്യോഖ്യൻ ആരാധനക്രമം ഒരു ലഘുപഠനം

Holy mass

📝യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ

Part - 1

തൂയോബോ (ഒരുക്ക ശുശ്രൂഷ)

വി. കുർബാനയ്ക്കുള്ള ഒരുക്കത്തിന്റെ ക്രമങ്ങൾ ആണിത്. ഇതിൽ പുരോഹിതനും, വിശ്വാസികൾക്കും ഉള്ള ഒരുക്കം ഉണ്ട്. ബലിപീഠത്തിൽ വച്ച് പുരോഹിതൻ ചെയ്യേണ്ടതായ ഒരുക്കങ്ങളും ഉണ്ട്. 

a) പൊതുവായ ഒരുക്കം

വി. കുർബാന ആരംഭിക്കുന്നതിനു മുൻപുള്ള കാനോനിക നമസ്കാരങ്ങൾ നടത്തുക എന്നതാണ് ഒരുക്കങ്ങളിൽ ആദ്യത്തേത്.  വി.കുർബാന സന്ധ്യ കഴിഞ്ഞുള്ള സമയത്താണ് നടത്തുന്നതെങ്കിൽ ഒൻപതാം മണി, സന്ധ്യ, സൂത്താറ, പാതിരാ നമസ്കാരങ്ങൾ പൂർത്തിയാക്കുക, പ്രഭാതത്തിലാണ് നടത്തുന്നതെങ്കിൽ പ്രഭാതം, മൂന്നാം മണി, ആറാം മണി നമസ്കാരങ്ങൾ കൂടി പൂർത്തിയാക്കുക. ചുരുക്കത്തിൽ നമസ്കാരങ്ങൾ പൂർത്തിയാക്കി വേണം വി.കുർബാനയിൽ പങ്കെടുക്കേണ്ടത് എന്ന് അർത്ഥം.

b) ഉപവാസം

ഉപവാസങ്ങൾ എല്ലാം സാധാരണയായി പ്രഭാതത്തിൽ ആരംഭിച്ച്‌  സന്ധ്യയോടെയോ അതിനു മുൻപോ ആണ് അവസാനിപ്പിക്കുക പതിവ്. എന്നാൽ വി. കുർബാനയ്ക്കു ശേഷം ആ ദിവസത്തിൽ ഉപവാസം പാടില്ല. ഇത് തിരുശരീര രക്തങ്ങളോടുള്ള ആദരവ് ആണ്.

സന്ധ്യയ്ക്കു ശേഷമുള്ള വി. കുർബാനയിൽ സംബന്ധിക്കുന്നവർ കുറഞ്ഞത് നാലു മണിക്കൂർ ഉപവാസം എടുക്കാൻ ബാധ്യസ്ഥരാണ്. രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്ക് ഉപവാസം അനുഷ്ഠിക്കേണ്ട ആവിശ്യം ഇല്ല.

c) മൽക്കീ സദേക്കിന്റെ ക്രമം

ഇത് പുരോഹിതൻ ബലിയർപ്പിക്കുവാനായി വി. മദ്ബഹയിലേക്കു പ്രവേശിക്കുന്നിടം മുതൽ ബലിപീഠത്തിൽ അപ്പ വീഞ്ഞുകൾ ഒരുക്കി വയ്ക്കുന്നിടം വരെയുള്ള കാർമ്മികന്റെ ഒരുക്കം ആണ്. 

സങ്കീർത്തനങ്ങൾ 110:4 ൽ പറയുന്ന പ്രകാരം, " നീ മല്‍ക്കീസദേക്കിന്‍റെ സദൃശത്തില്‍ എന്നേക്കും മഹാ പുരോഹിതനാകുന്നു എന്ന് കര്‍ത്താവ് ആണയിട്ടിട്ടുണ്ട്; താന്‍ വ്യാജം പറയുകയില്ല" എന്ന വാക്യം നിവർത്തി ആയതു മാർക്കോസിന്റെ മാളികയിൽ ആണ്. നമ്മുടെ കർത്താവ് ഒരു ഭക്ഷണമേശയിലെ കൂട്ടായ്മയിലൂടെ നടത്തിയ പുതിയ നിയമ പെസഹ ബലി,  മൽക്കീ സദേക്കിന്റെ ക്രമത്തിൽ ആയിരുന്നു. 

ആദ്യ പുസ്തകം

14:18  ശാലേം രാജാവായ മല്‍ക്കീസദേക് അപ്പവും വീഞ്ഞുമായി പുറപ്പെട്ടു വന്നു. 

14:19  അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു. അവന്‍ അവനെ അനുഗ്രഹിച്ചു പറഞ്ഞത്: ആകാശവും ഭൂമിയും നിര്‍മിച്ച അത്യുന്നത ദൈവത്താല്‍ അബ്രാം അനുഗ്രഹിക്കപ്പെട്ടവന്‍;

14:20  നിന്‍റെ ശത്രുക്കളെ നിന്‍റെ കൈകളില്‍ ഏല്പിച്ചു തന്ന അത്യുന്നത ദൈവം വാഴ്ത്തപ്പെട്ടവന്‍. അബ്രാം സകലത്തിന്‍റെയും ദശാംശം അവനു കൊടുത്തു.

അബ്രഹാം ശത്രുക്കളെ പരാജയപ്പെടുത്തി മടങ്ങിവരുമ്പോൾ അത്യുന്നതനായ ദൈവത്തിന്‍റെ മഹാപുരോഹിതനും  സമാധാനത്തിന്റെ (ശാലേം) രാജാവുമായ ക്രിസ്തുവിന്റെ ദൈവപ്രത്യക്ഷത (theophony) അവനു ലഭിച്ചു. അപ്പവും വീഞ്ഞും ആയി തന്റെ ദാസന്റെ അരികിലേക്ക് ഇറങ്ങി വന്ന ക്രിസ്തുവിനു അബ്രഹാം ദശാംശം കൊടുത്തു. തന്മൂലം അബ്രഹാമിന്റെ കടി പ്രദേശത്തുണ്ടായിരുന്ന ലേവിയും അബ്രഹാം വഴി ക്രിസ്തുവിനു ദശാംശം കൊടുത്തു എന്ന് എബ്രായ ലേഖനം പഠിപ്പിക്കുന്നു, " ദശാംശം വാങ്ങിക്കൊണ്ടിരുന്ന ലേവിയും, അബ്രഹാം മുഖാന്തിരം ദശാംശം കൊടുത്തുവെന്ന് ഒരു വിധത്തില്‍ പറയാം, എന്തെന്നാല്‍ അവന്‍റെ പിതാവ് മല്‍ക്കിസദേക്കുമായി കണ്ടുമുട്ടിയപ്പോള്‍ അവനും ആ പിതാവിന്‍റെ ഘടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ."(എബ്രായർ 7:9 - 10)

ഇങ്ങനെ ത്രിത്വത്തിൽ രണ്ടാമനായ വചനം ജഡാധാരണം ചെയ്യും മുൻപേ, മർക്കോസിന്റെ മാളികയിൽ വച്ചുള്ള വി. ബലിയിലെ അർപ്പണ വസ്തുക്കൾ ഏവയെന്നു വിശ്വാസികളുടെ പിതാവായ അബ്രഹാമിന് ദൈവം വെളിപ്പെടുത്തി.

എബ്രായ ലേഖനത്തിൽ പറയുന്നതു പോലെ,  "അഴിവില്ലാത്ത ജീവന്‍റെ ശക്തിയാല്‍ മറ്റൊരു പുരോഹിതന്‍ മല്‍ക്കിസദേക്കിന്‍റെ സാദൃശ്യത്തില്‍ ഉണ്ടാകുമെന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇത് കൂടുതല്‍ വിശദമായിരിക്കുന്നു. നീ മല്‍ക്കിസദേക്കിന്‍റെ സദൃശ പ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷിച്ചിരിക്കുന്നത്." (എബ്രായർ 7:16 -17).

യേശു മൽക്കീസദെക്കിന്റെ ക്രമ പ്രകാരം "എന്നേക്കും" മഹാപുരോഹിതൻ ആകുന്നു എന്നുള്ളതാണല്ലോ പ്രവചനം. എന്നേക്കും എന്നത് നിത്യമായി എന്നർത്ഥം, അതുകൊണ്ട്  അപ്പ വീഞ്ഞുകൾ ഉപയോഗിച്ച് ഉള്ള മൽക്കീ സദേക്കിന്റെ  ക്രമത്തിലുള്ള ബലിയർപ്പണം നിത്യമായിട്ടുള്ളത് ആണ്. തന്റെ വരവ് വരെയും ഈ ക്രമം തുടരാൻ ആണ് കർത്താവ് കൽപ്പിച്ചത്. 

ആകയാൽ, വി. കുർബാനയ്ക്കുള്ള ഒരുക്ക സമയത്ത് മദ്ബഹയിൽ പ്രവേശിക്കുന്ന പുരോഹിതൻ ആദ്യമായി  'മൽക്കീസേദെക്കിന്റെ ക്രമപ്രകാരം' അപ്പ വീഞ്ഞുകൾ ബലിയർപ്പ ണത്തിനായി ഒരുക്കി വയ്ക്കുകയാണ് ചെയ്യുന്നത്.

ദാവീദ് മുഖാന്തരം താന്‍ പറഞ്ഞു. നീ മല്‍ക്കിസദേക്കിന്‍റെ സാദൃശ്യത്തില്‍ എന്നെന്നേക്കും പുരോഹിതനാകുന്നു. അവന്‍ ആണയിട്ടു. അത് വ്യാജമാകയില്ല. യേശു ജാമ്യമായിത്തീര്‍ന്നിരിക്കുന്ന ഈ ഉടമ്പടി അത്ര ശ്രേഷ്ഠമായിട്ടുള്ളതാകുന്നു. (എബ്രായർ 7:22)

തുടരും...

Read Part - 2

Read Part - 3

No comments