Holy Qurbana Article - Yuhanon Raban Part - D
വി. കുർബാന: സുറിയാനി അന്ത്യോഖ്യൻ ആരാധനക്രമം ഒരു ലഘുപഠനം
📝ബർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ
Read Part - 1
Read Part - 2
Read Part - 3
PART - 4
മൌദ്യോനെൻമാർക്കുള്ള ബലിയുടെ ക്രമം (Order of the Mass of Catechumen)
b) വിശുദ്ധ ധൂപനത്തിന്റെ ആരാധന (Liturgy of the Sacred Censing)
സുറിയാനി അന്ത്യോഖ്യൻ ആരാധനക്രമം അനുസരിച്ചു വി. കുർബാനയിൽ മൌദ്യോനെൻമാർക്കുള്ള ബലിയുടെ ക്രമത്തിൽ തിരുവചനത്തിന്റെ ആരാധനയെ തുടർന്ന് വരുന്ന ഭാഗം ആണ് വിശുദ്ധ ധൂപനത്തിന്റെ ആരാധന എന്നത്.
ഈ ആരാധനയിൽ പങ്കെടുക്കുന്നവർക്ക് രണ്ടു യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം; ഒന്നാമത്തേതു അയാൾ വിശ്വാസം ഏറ്റു പറഞ്ഞു യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചിട്ടുള്ള വിശ്വാസ പഠിതാവോ, സ്നാനാർഥിയോ ആയിരിക്കണം, രണ്ടാമത്, അയാൾ മാമോദീസാ ഏറ്റയാൾ ആണെങ്കിൽ പാപങ്ങൾ ഏറ്റു പറഞ്ഞിരിക്കണം.
വിശുദ്ധ ഏവൻഗേലിയോനു ശേഷമുള്ള ഗീതത്തെ തുടർന്ന് പ്രധാന ശൂശ്രൂക്ഷകൻ നാമെല്ലാവരും നല്ലവണ്ണം നിന്ന് കർത്താവിനോടു കരുണ യാചിക്കുവാനായി ' സ്തൗമെൻ കാലോസ് കുറിയേ ലായിസോൻ' എന്ന് വിളിച്ചു പറയുന്നിടം മുതൽ ഈ ആരാധന തുടങ്ങുന്നു. അപ്പ വീഞ്ഞുകളുടെ ബലിയർപ്പണത്തിനു വേണ്ടി പുരോഹിതൻ വിശുദ്ധ മദ്ബഹായുടെ ദർഗയിൽ കയറി നിന്നുകൊണ്ടുള്ള കർമ്മങ്ങൾ തുടങ്ങുന്നതിനു മുൻപു വരെയാണ് ഈ ആരാധനയുടെ ദൈർഘ്യം. ഈ ആരാധനയുടെ അവസാനത്തിൽ വിശ്വാസപ്രമാണം ചൊല്ലുമ്പോൾ ആണ് ഓർക്കുവാനായി നൽകപ്പെട്ട പേരുകൾ പ്രിസ്‌തായിൽ (ത്രോണോസ് വിരി) വിശുദ്ധ സ്ലീബായുടെ അടയാളം വരച്ചു കൊണ്ട് എഴുതി ചേർക്കുന്നത്.
വി. കുർബാനയിൽ ഇതു രണ്ടാമത്തെ തവണയാണ് പേരുകൾ കർത്താവിന് മുൻപിൽ ഓർത്തു പ്രാർത്ഥിക്കുന്നത്. ആദ്യം തൂയോബോയുടെ സമയം ബലിവസ്തുക്കളായ അപ്പ വീഞ്ഞുകളിലും, രണ്ടാമത് പ്രിസ്തായിലൂടെ വിശുദ്ധ ബലിപീഠത്തിലും ഓർക്കുന്നു. ആദ്യത്തെ ഓർമ്മയുടെ സമയത്താണ് പേര് നൽകിയവർക്ക് വേണ്ടിയുള്ള വിശുദ്ധരുടെ പ്രാർത്ഥനാ മദ്ധ്യസ്ഥത, കുമ്പസാരിച്ചവരുടെ അനുതാപം സ്വീകരിക്കുവാനുള്ള പ്രാർത്ഥന, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന, മരണപെട്ടവരുടെ ഓർമ്മയ്ക്കുള്ള പ്രാർത്ഥന, കാർമ്മികനും അവന്റെ കുടുംബത്തിനും, ഗുരുക്കൻമാർക്കും ബന്ധു മിത്രാദികൾക്കും, പ്രാർത്ഥനയിൽ ഓർക്കണമെന്ന് തന്നോട് പറഞ്ഞിട്ടുള്ളവർക്കും, പേര് മറന്നു പോയിട്ടുള്ളവർക്കും വേണ്ടിയുള്ള പ്രാർത്ഥന, സഭയുടെ പിതാക്കന്മാർക്കും, വൈദിക ഗണത്തിനും, ശേമ്മാശന്മാർക്കും, ദയറക്കാർക്കും, ദയറക്കാരികൾക്കും വേണ്ടിയുള്ള പ്രാർത്ഥന, പൊതുവായി അനാഥർ, വിധവകൾ, ദാരിദ്ര്യം അനുഭവിക്കുന്നവർ തുടങ്ങിയവർക്കും വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ നടത്തുന്നത്.
ഒന്നാം ഘട്ടം
വിശുദ്ധ ധൂപനത്തിന്റെ ആരാധനയ്ക്കു മൂന്നു പ്രധാന ഭാഗങ്ങൾ ഉണ്ട്. ഈ മൂന്ന് ഭാഗങ്ങളിലും, അതായത് തുടക്കം മുതൽ അവസാനം വരെ ധൂപനത്തോട് കൂടിയാണ് ആരാധിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടത്തിൽ മൂന്നു പ്രത്യേക പ്രാർത്ഥനകൾ ഉണ്ട്. അവ യഥാക്രമം പ്രുമിയോൻ, ഹൂസോയോ, സെദറാ എന്നീ പ്രാർത്ഥനകൾ ആണ്. പ്രുമിയോൻ എന്നത് ഈ ആരാധനയുടെ മൊത്തത്തിലുള്ള ഒരു ആമുഖ പ്രാർത്ഥനയാണ്. ഈ ആമുഖപ്രാർത്ഥനയിൽ പുരോഹിതൻ മുഖാന്തിരം നാം ദൈവത്തോട് പറയുന്നത് ഇതാണ്, "ഞങ്ങൾക്ക് ആയുഷ്കാലം മുഴുവൻ അങ്ങയെ ആരാധിക്കുവാനുള്ള യോഗ്യത നല്കണമേ, ഞങ്ങൾ വി. ത്രിത്വത്തിൽ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങൾ യേശു മിശിഹായെയും അവൻ മുഖാന്തിരം പിതാവിനെയും പരിശുദ്ധാത്മാവിനെയും ആരാധിക്കുന്നു, പ്രത്യേകാൽ ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്നത് ഈ വിശുദ്ധ ബലി വഴിപാടുകൾ അങ്ങ് സ്വീകരിക്കുവാനാണ്, അങ്ങിനെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ" എന്നിപ്രകാരം ആകുന്നു.
പ്രുമിയോനെ തുടർന്നാണ് വിശുദ്ധ ധൂപനത്തിനുള്ള പരിമള വർഗ്ഗങ്ങൾ വാഴ്ത്തുകയും അവ ധൂപകലശത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നത്. ഇത് ചെയ്യുമ്പോൾ ശുശ്രൂഷക്കാരൻ ശ്രദ്ധിക്കേണ്ടതായ ഒരു സംഗതി ഉണ്ട്, ആയത്, ശുശ്രൂഷക്കാരൻ ധൂപകലശം കൈകളിലേന്തി വിശുദ്ധ വഴിപാടുകൾ സമർപ്പിച്ചിരിക്കുന്ന ബലിപീഠത്തിന്റെ മുൻപിൽ പുരോഹിതന് അഭിമുഖമായി വടക്കോട്ട് തിരിഞ്ഞു നിൽക്കണം. പുരോഹിതന് പരിമള വർഗ്ഗങ്ങൾ റൂശ്മ ചെയ്യത്തക്ക വിധത്തിൽ പിടിച്ചിരിക്കണം. ഇങ്ങനെ നിൽക്കുമ്പോൾ ധൂപകലശം വിശുദ്ധ ബലി പീഠത്തിൽ ഇരിക്കുന്ന വിശുദ്ധ കുർബാനയുടെ (വഴിപാട് ) മുമ്പാകെ ആയിരിക്കണം. ഈ സമയത്ത് പുരോഹിതൻ പരിമളവർഗ്ഗം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധറൂഹായുടെയും നാമത്തിൽ മൂന്നുപ്രാവശ്യം റൂശ്മ ചെയ്തു വാഴ്ത്തുന്നു. പിന്നീട് വി. കുർബാനയിൽ ഉടനീളം ഒരു പ്രാവിശ്യം റൂശ്മ ചെയ്‌താൽ മതിയാകും. ഇങ്ങനെ വാഴ്ത്തിയ പരിമളവർഗ്ഗം മറ്റൊരു ആവിശ്യത്തിനും ഉപയോഗിക്കരുത്. അത് ബലിപീഠത്തിൽ ധൂപനം ചെയ്യുന്നതിന് മാത്രം ഉള്ളതാണ്.
വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന പരിമളവർഗ്ഗത്തെ പറ്റി അല്പം അറിഞ്ഞിരിക്കണം. ഒരു കാരണവശാലും നിലവാരം കുറഞ്ഞതോ മായം കലർന്നതോ ആയ പരിമള വർഗ്ഗം നാം ആരാധനയ്ക്ക് ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ദോഷമായി ഭവിക്കും. പരിമള വർഗ്ഗം എന്നു പറയുന്നത് കുന്തുരുക്കവും മൂർ എന്ന പേരിൽ അറിയപ്പെടുന്ന മീറായും ചേർത്ത മിശ്രിതമാണ്.
മൂറിന് പകരം സാമ്പ്രാണി കട്ട പൊടിച്ചു ചേർക്കുന്നത് ഹിതകരം അല്ല. അതുപോലെ കുന്തുരുക്കവും മായം കലർന്നതല്ലന്ന് ഉറപ്പുവരുത്തിയിരിക്കണം. ധൂപകലശത്തിന്റെ നിറം സ്വർണ്ണവർണ്ണം ആയിരിക്കണം, കിഴക്കു നിന്നു വന്ന വിദ്വാന്മാർ കർത്താവിന് സമർപ്പിച്ച കാഴ്ചദ്രവ്യങ്ങളെ ഇത് അനുസ്മരിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ വെളിപ്പാടു 8:3 -4 ൽ സ്വർഗ്ഗത്തിലെ ആരാധനയെ പറ്റി ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നുവല്ലോ, "മറ്റൊരു മാലാഖ വന്ന് യാഗപീഠത്തിനുപരിയായി നിന്നു. ആ മാലാഖയുടെ കൈയില്‍ ഒരു സ്വര്‍ണ്ണ ധൂപക്കുറ്റി ഉണ്ടായിരുന്നു. വളരെയേറെ സുഗന്ധ വസ്തുവും അയാള്‍ക്ക് നല്‍കപ്പെട്ടു. ആയത്, മഹാസിംഹാസനത്തിന് മുമ്പിലുള്ള സ്വര്‍ണ്ണയാഗപീഠത്തിന്മേല്‍ എല്ലാ വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോടും കൂടെ അര്‍പ്പിക്കുവാനായിരുന്നു.
ധൂപവര്‍ഗ്ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോടുകൂടെ മാലാഖയുടെ കൈയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കരേറി."
ധൂപകലശത്തിൽ പരിമളവർഗ്ഗം നിക്ഷേപിച്ചതിന് ശേഷം പുരോഹിതൻ ഹൂസോയോ പ്രാർത്ഥന നടത്തുന്നു. ഇത് തന്റെയും സഭ മുഴുവന്റെയും പാപങ്ങൾക്ക് മോചനം അഭ്യർത്ഥിച്ച് കൊണ്ടുള്ളതായ പ്രാർത്ഥന ആണ്. എന്തുകൊണ്ടെന്നാൽ പഴയനിയമത്തിൽ സഭമുഴുവന്റെയും പാപപരിഹാരത്തിനുള്ള ബലിയർപ്പണം നടത്തുന്നതിന് മുൻപ് പുരോഹിതൻ തന്റെയും കുടുംബത്തിന്റെയും പാപങ്ങൾക്ക് മോചനം ലഭിക്കുന്നതിനു വേണ്ടി പ്രത്യേകം ബലി അർപ്പിച്ചിരുന്നുവല്ലോ, "പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹറോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിനും വേണ്ടി പാപ പരിഹാര ബലിയായി കാളയെ അറുക്കണം." (ലേവ്യപുസ്തകം 16:11).
ഈ ആരാധനയുടെ ഒന്നാം ഘട്ടത്തിലെ പ്രാർത്ഥനകളിൽ മൂന്നാമത്തേത് 'സെദറാ' എന്ന പേരിലുള്ള ഒരു കൂട്ടം സ്തുതികളും യാചന കളുംആണ്. ഇതിൽ പ്രധാമായും ബലിയെ സമർപ്പിച്ചു കൊണ്ടുള്ള പ്രാർത്ഥനയാണ്. അതിനോടൊപ്പം പരിശുദ്ധാത്മാവിന്റെ സംബന്ധവും സഹവാസം ഉണ്ടാകുവാനും ബലിയും അർപ്പകനും വിശ്വാസി സമൂഹം മുഴുവനും ശുദ്ധീകരിക്കപ്പെടുവാനും, വാങ്ങിപോയ വിശ്വാസികളായ പരേതർക്കു ആശ്വാസം ലഭിക്കുവാനും ഉള്ള പ്രാർത്ഥനകൾ ആണ്. ആഴമേറിയ സ്തുതിപ്പുകൾ കൊണ്ട് സമ്പുഷ്ടമാണ് വി. കുർബാനയിലെ സെദറാകൾ. ആഴമേറിയ ദൈവിക രഹസ്യങ്ങളുടെ പ്രാർത്ഥനാ രൂപത്തിലുള്ള വർണ്ണന കൂടിയാണിത്. ഈ സമയം മുഴുവനും ശുശ്രൂഷകൻ ധൂപനം നടത്തിക്കൊണ്ടിരിക്കുന്നു.
ഈ ധൂപനം മൂലം ത്രോണോസ് സ്ഥിതി ചെയ്യുന്നിടം മുഴുവനും ധൂപത്താൽ സമാഗമന കൂടാരത്തിൽ മേഘം നിറഞ്ഞതുപോലെ നിറഞ്ഞു നിന്നും കൊണ്ട് ദൈവപ്രത്യക്ഷതയുടെ വരവറിയിക്കുന്നു.
പ്രുമിയോൻ, ഹൂസോയോ, സെദറാ പ്രാർത്ഥനകളും ഒപ്പം ഉള്ള പരിമള ധൂപനവും വിശ്വാസ സമൂഹത്തെ മുഴുവനും ഒരു ധ്യാനാത്മക അന്തരീക്ഷത്തിലെത്തിക്കുന്നു. ഈ പ്രാർത്ഥനകൾ നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും കാർതൃസന്നിധിയിലേക്ക് കൂടുതൽ അടുപ്പിക്കുവാനും, ഏകാഗ്രമാക്കുവാനും, വിശ്വാസി സമൂഹത്തോട് മുഴുവനും സമാധാനപൂർവ്വം നിരപ്പാകുവാനും വേണ്ടി നമ്മെ ഒരുക്കുന്നു.
തുടരും........
Read Part - 5
No comments