Latest Posts

Holy Qurbana Article - Yuhanon Raban Part - C

 വി. കുർബാന: സുറിയാനി അന്ത്യോഖ്യൻ ആരാധനക്രമം ഒരു ലഘുപഠനം

📝ബർയൂഹാനോൻ  റമ്പാൻ, പിറമാടം ദയറാ

PART - 3

II. മൌദ്യോനെൻമാർക്കുള്ള  ബലിയുടെ ക്രമം (Order of the Mass of Catechumen)

ഈ ക്രമം പരസ്യശുശ്രൂഷയുടെ ഭാഗമായ രണ്ടു ആരാധനകൾ ഉൾക്കൊള്ളൂന്നതാണ്. പലരും ധരിച്ചു വച്ചിരിക്കുന്ന പ്രകാരം പരസ്യശുശ്രൂഷ ആരംഭിക്കുന്നത് തിരശീല  നീക്കിക്കൊണ്ട്  മറിയാം ദീലെത്തോക്ക് .... ചൊല്ലുമ്പോൾ ആണ് ആരംഭിക്കുന്നത് എന്നാണ്. അത് ശരിയല്ല, "നീതിമാന്മാരുടെ കൂടാരത്തിൽ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദം എന്ന് ദാവീദ് മുഖാന്തിരം പരിശുദ്ധ റൂഹാ പാടി" എന്നുള്ള പരിശുദ്ധാത്മാവിന്റെ പാട്ടു പാടിക്കൊണ്ടാണ് വി. കുർബാനയുടെ പരസ്യശൂശ്രൂക്ഷ ആരംഭിക്കുന്നത്. അപ്പോൾ മറ വലിക്കാത്തതു ഈ ആരാധനാഭാഗം പഴയ നിയമ വായനയുടെ സമയമാകയാലും, അതിനു ശേഷം അവയുടെ  പൂർത്തീകരണത്തിനു  വേണ്ടി സ്വർഗം തുറക്കപ്പെട്ടതിനെയും ഓർത്തു കൊണ്ടാണ്.

എന്തുകൊണ്ടെന്നാൽ എബ്രായ ലേഖനത്തിൽ  ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നുവല്ലോ, " ദൈവം, മുമ്പ് നമ്മുടെ പിതാക്കന്മാരോട് നാനാപ്രാകാരത്തിലും, വിവിധ ദൃഷ്ടാന്തങ്ങളിലും സംസാരിച്ചു. ഈ അവസാന കാലത്താകട്ടെ, തന്‍റെ പുത്രന്‍ മുഖാന്തരം നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ താന്‍ സകലത്തിനും അവകാശിയാക്കുകയും, അവന്‍ മൂലം ലോകത്തെ ഉളവാക്കുകയും ചെയ്തു. 

അവന്‍ തന്‍റെ തേജസിന്‍റെ കിരണവും തന്‍റെ സ്വത്വത്തിന്‍റെ പ്രതിബിംബവും തന്‍റെ വചനത്തിന്‍റെ ശക്തിയാല്‍ സകലത്തേയും അടക്കി വാഴുന്നവനുമാകുന്നു. താന്‍ ക്നൂമായാല്‍ തന്നെ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി, മേലുയരങ്ങളില്‍ മഹിമയുടെ വലതു ഭാഗത്ത് ഇരുന്നു."(എബ്രായർ 1:1-3). മുൻപ് ഭാഗം ഭാഗമായി പറഞ്ഞിരുന്നതിനാൽ കണ്ണുകൾക്ക്‌ ദർശിക്കുവാൻ അപ്രാപ്യം ആയിരുന്നു,  അതുകൊണ്ട് പഴമ വായിക്കുമ്പോൾ തിരശീല മറയ്ക്കുന്നു. ഈ അവസാന കാലത്താകട്ടെ, തന്‍റെ പുത്രന്‍ മുഖാന്തരം നമ്മോടു സംസാരിച്ചിരിക്കുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ പുത്രനെ ദർശ്ശിക്കുവാൻ മറ നീക്കുന്നു.

സങ്കീർത്തനക്കാരൻ പറയുന്നപോലെ സ്വർഗീയ സിംഹാസനത്തിൽ വാഴുന്നവൻ വിശുദ്ധ ആലയത്തിൽ  മനുഷ്യരെ കാണുന്ന സമയം ആണല്ലോ അപ്പോൾ,  "കര്‍ത്താവു തന്‍റെ വിശുദ്ധ ആലയത്തിലുണ്ട്. കര്‍ത്താവിന്‍റെ സിംഹാസനം സ്വര്‍ഗ്ഗത്തിലാകുന്നു; തന്‍റെ കണ്ണുകള്‍ മനുഷ്യരെ കാണുകയും കണ്‍പോളകള്‍ പരിശോധിക്കുകയും ചെയ്യുന്നു." (സങ്കീർത്തനങ്ങൾ 11:4)

a. തിരുവചനത്തിന്റെ ആരാധന (Liturgy of His  WORD)

മുകളിൽ സൂചിപ്പിച്ച പോലെ ഈ ആരാധന തുടങ്ങുന്നത്  പരിശുദ്ധാത്മ കീർത്തനം ആലപിച്ചും കൊണ്ടാണ്. 

പ്രസ്തുത കീർത്തനം മുതൽ വി. ഏവൻഗേലിയോൻ വായനയ്ക്കു ശേഷം ഉള്ള ഗീതം വരെയുള്ള ഭാഗങ്ങളിലായാണ്  തിരുവചനത്തിന്റെ ആരാധന നടത്തുന്നത്. യോഹന്നാൻശ്ലീഹാ ഇപ്രകാരം എഴുതിയിരിക്കുന്നു, "വചനം ആദിയിലേ ഉണ്ടായിരുന്നു. വചനം ദൈവ സന്നിധിയില്‍ ആയിരുന്നു. വചനം ദൈവം ആയിരുന്നു. ആദിയില്‍ വചനം ദൈവത്തിന്‍റെ അടുക്കല്‍ ആയിരുന്നു." (യോഹന്നാൻ 1:1-2). അതുകൊണ്ട് ദൈവവചനം ആരാധിക്കപ്പെടെണ്ടതാണ്. എന്നാൽ ഇതിന്റെ അർത്ഥം നാം ബൈബിളിനെ ആരാധിക്കുന്നു എന്നല്ല.

വചനം എന്നത് ത്രിത്വത്തിൽ രണ്ടാമനായ ദൈവം ആണ്,  ദൈവ വചനം എന്നത് ആത്മാവ് മൂലം വെളിപ്പെടുത്തപ്പെട്ട വചനം ആണ്. "എന്തെന്നാല്‍ പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടാനുസരണം ഉണ്ടായതല്ല. ദൈവ മനുഷ്യരായ വിശുദ്ധര്‍, പരിശുദ്ധാത്മാവിനാല്‍ ആകൃഷ്ടരായി സംസാരിച്ചിട്ടുള്ളതാകുന്നു." (2 പത്രൊസ് 1:21). എഴുതപ്പെട്ട വചനം, പ്രത്യേകിച്ച് സുവിശേഷം  കേൾക്കുന്നതും വായിക്കുന്നതും വചനമായ ദൈവത്തിന്റെ മഹത്വത്തിന്റെ ഒരംശം നാം ദർശിക്കുന്നത് പോലെയാണ്. മോശ പിതാവിന്റെ മഹത്വം പാറയുടെ പിളർപ്പിലിരുന്നു ദർശിച്ചതുപോലെ തന്നേ. "മനുഷ്യന്‍ എന്‍റെ മുഖം കണ്ടിട്ടു ജീവനോടിരിക്കുകയില്ല. കര്‍ത്താവു പറഞ്ഞു: ഇതാ അടുത്ത് ഒരു പാറപ്പുറത്തു നീ നില്‍ക്കുക. എന്‍റെ മഹത്വം കടന്നു പോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു വിള്ളലില്‍ ആക്കി എന്‍റെ കൈകൊണ്ടു നിന്നെ മറയ്ക്കും. എന്‍റെ മഹത്വം കടന്നു കഴിയുമ്പോള്‍ ഞാന്‍ എന്‍റെ കൈ എടുക്കും; അപ്പോള്‍ നീ എന്‍റെ പിന്‍ഭാഗം കാണും; എന്‍റെ മുഖം കാണപ്പെടുകയില്ല (പുറപ്പാട് 33: 20 - 23)

പഴമ വായിച്ചു കേൾക്കുന്നതാണ് തുടക്കം. പിന്നീട് സ്വർഗം തുറക്കപ്പെടുന്നതിന്റെ ദർശനം. ഈ ദർശനം മോശ സീനായി മലയിൽ  ദൈവസന്നിധിയിലേക്കു കയറിയപ്പോൾ അവനും ഇസ്രായേൽ ജനമൊക്കെയ്ക്കും ഉണ്ടായതിന്റെ ഒരു പുനരാവിഷ്കരണമാണ്,  "മൂന്നാം ദിവസം അതികാലത്ത് പര്‍വതത്തില്‍ ഉറച്ച ശബ്ദവും മിന്നലുകളും കനത്ത മേഘവും ഉണ്ടായി, കാഹളധ്വനി ഉയര്‍ന്നുയര്‍ന്നുവന്നു. കൂടാരത്തിലുള്ള ജനം ഭയന്നുവിറച്ചു. ദൈവത്തിന്‍റെ എതിരേല്പിനായി മോശ ജനത്തെ പാളയത്തില്‍ നിന്നു പുറപ്പെടുവിച്ചു. അവര്‍ പര്‍വതത്തിന്‍റെ അതിര്‍ത്തിയിങ്കല്‍ നിന്നു. സീനായ്മല മുഴുവന്‍ പുകഞ്ഞു. എന്തെന്നാല്‍ അഗ്നിയിലാണ്, കര്‍ത്താവു അതിന്മേല്‍ ഇറങ്ങിയത്. തീച്ചൂളയുടെ പുക പോലെ അതിന്‍റെ പുക പൊങ്ങി. പര്‍വതം മുഴുവന്‍ നന്നായി കുലുങ്ങി. കാഹളധ്വനി അത്യന്തം ശക്തിപ്പെട്ടപ്പോള്‍ മോശ സംസാരിക്കുകയും ദൈവം ഉച്ചത്തില്‍ മറുപടി നല്‍കുകയും ചെയ്തു. സീനായ് പര്‍വതത്തിലേക്ക്, പര്‍വതത്തിന്‍റെ കൊടുമുടിയിലേക്ക്, കര്‍ത്താവ് ഇറങ്ങി പര്‍വതത്തിന്‍ന്‍റെ കൊടുമുടിയിലേക്കു മോശയെ വിളിക്കുകയും, മോശ കയറി ചെല്ലുകയും ചെയ്തു." (പുറപ്പാട് 19: 16 -20)

മറ വലിയ്ക്കുമ്പോൾ ദൈവസാന്നിധ്യം കൂടുതൽ ദർശിക്കുകയും അനുഭവപ്പെടുകയും ചെയ്യുന്ന നേരത്ത് ഉറച്ച ശബ്ദത്തിൽ "നിന്നെ പ്രസവിച്ച മറിയാമും,........................., ഞങ്ങളോട് കരുണ ചെയ്യേണമേ" എന്നുള്ള പ്രാർത്ഥനയും, മിന്നലിന്റെ സ്ഥാനത്തു മറുവാഹസ്സയും, അഗ്നിയുടെ സ്ഥാനത്തു കത്തിച്ച മെഴുകു തിരികളും, മേഘത്തിന്റെയും, കനത്ത പുകയുടെയും സ്ഥാനത്തു  സുഗന്ധ ധൂപവും, കാഹളധ്വനിയുടെ സ്ഥാനത്തു മറുവാഹസ്സയുടെയും, കൈമണിയുടെയും ശബ്ദവും, ദൈവജനത്തിന്റെ ഒരേ സ്വരത്തിലുള്ള മാനീസ്സോ ( അപേക്ഷ ) ഗീതവും കൂടി  ചേരുമ്പോൾ  വിശ്വാസികൾ സ്വർഗീയ അനുഭവത്തിൽ എത്തിചേരുന്നു.

തുടർന്ന് ത്രൈശുദ്ധ കീർത്തനം ആലപിക്കുന്നു. മിശിഹാ ത്രിയേക ദൈവത്തിന്റെ ഒരു  ക്നൂമായാണെന്നും, അവൻ കുരിശിൽ മരിച്ചത് ഞങ്ങൾക്ക് പകരമാണെന്നും, അവൻ ഉയർത്തെഴുന്നേറ്റതിനാൽ മരണമില്ലാത്തവനാണെന്നും, കുരിശു മരണത്തിനു സ്വയം ഏൽപ്പിച്ചു കൊടുത്ത ബലവനാണെന്നും ഈ കീർത്തനത്തിലൂടെ പ്രഖ്യാപിക്കുന്നു.

ഗ്രീക്ക് സംസ്കാരം മൂലം ഉളവായ ഒരു രീതിയാണ് മധ്യത്തിൽ ഒന്നാമനും അവന്റെ വലതു വലത് വശം രണ്ടാമനും ഇടതു വശം മൂന്നാമനും നിൽക്കുന്നു എന്നത്. ഇടത്തും വലത്തും നിൽക്കുന്നവർ മധ്യത്തിൽ നിൽക്കുന്നവനെക്കാൾ ഒരു പടി താഴെ നിൽക്കുന്നു.  ഗ്രീക്കിലെ ഏതെൻസിൽ ഉള്ള ഒളിമ്പിക്സ് മത്സരത്തിൽ വിജയികളെ ഇപ്രകാരം ആണ് നിർത്തി ആദരിച്ചിരുന്നത്. അതുകൊണ്ട്  ഭൂവിലശേഷം പാടി കഴിയുമ്പോൾ പൊതു ലേഖനങ്ങളിൽ നിന്നോ പ്രക്സീസ്സിൽ നിന്നോ ഉള്ള ഭാഗം വടക്കു വശത്ത് ഒരു സ്റ്റെപ് ഇറങ്ങി വായിക്കുന്നു. അതുപോലെ പൗലോസിന്റെ ലേഖനം വായിക്കുമ്പോൾ തെക്കു വശത്ത് ഒരു സ്റ്റെപ് താഴെ നിൽക്കുന്നു. ഏവൻഗേലിയോൻ എന്നത് കർത്താവ് നേരിട്ട് മൊഴിഞ്ഞിട്ടുള്ളതും അവന്റെ പ്രവർത്തികളുടെ വിവരണവും രക്ഷയുടെ ദൂതുമാകയാൽ മധ്യത്തിൽ മുകളിൽ നിന്നു കൊണ്ട് വായിക്കുന്നു.

ഏവൻഗേലിയോന് ശേഷം പട്ടക്കാരൻ കിഴക്കോട്ടു തിരിഞ്ഞു ബലിപീഠത്തിന് മുൻപിലേക്ക് പോയി നിൽക്കുന്നു. ഈ സമയം ഏവൻഗേലിയോന് ശേഷം ഉള്ള ഗീതം ആലപിക്കുന്നു. 

യഥാർത്ഥത്തിൽ ഏവൻഗേലിയോൻ വായിച്ചു കഴിയുമ്പോൾ തന്നെ അതിന്റെ വ്യാഖ്യാന രൂപത്തിലുള്ള പ്രസംഗം നടത്തേണ്ടതും അതിനു ശേഷം മടങ്ങി ബലിപീഠത്തിന്നരികിലേക്കു പോകുമ്പോൾ ഗീതം ആലപിക്കേണ്ടതും ആകുന്നു.

ഇത്രയും ആകുമ്പോൾ മൗദ്യൊനന്മാർക്കുള്ള ബാലിയുടെ ക്രമത്തിലെ ഒന്നാമത്തെ ആരാധന ആയ തിരുവചനത്തിന്റെ ആരാധന പൂർത്തിയാകുന്നു.  ഇതിനെ മൗദ്യോനന്മാർക്കുള്ള ബലിയെന്നു പറയുന്നതിന് കാരണമുണ്ട്. വിശ്വാസം ഏറ്റു പറഞ്ഞു വി. മാമോദീസാ സ്വീകരിച്ചവർക്കു മാത്രം ആണല്ലോ വി. ബലിയർപ്പണത്തിലൂടെ തിരുശരീര രക്തങ്ങളുടെ അനുഭവത്തിലേക്ക് വരുവാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ കർതൃദിവസം സഭ കൂടുമ്പോൾ വിശ്വാസം സ്വീകരിച്ചു ഏറ്റു പറഞ്ഞവരും, മാമോദീസ്സ  ഏറ്റിട്ടില്ലാത്തവരും സഭായോഗത്തിൽ കടന്നു വരുന്നു. അവരെ ഈ ക്രമത്തിന്റെ അവസാനം പിരിഞ്ഞു പോകുവാൻ അനുവദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോൽ സ്നാനം സ്വീകരിക്കുന്നതു വരെയുള്ള കാലത്ത് ബലിയർപ്പണം എന്നത് ഈ ക്രമത്തിലുള്ള ആരാധനയിലെ സംബന്ധമാണ്. മാമോദീസാ സ്വീകരിക്കുവാൻ ഒരുങ്ങുന്ന വിശ്വാസം ഏറ്റു പറഞ്ഞ ഈ കൂട്ടരേ മൌദ്യാനന്മാർ എന്ന് വിളിക്കുന്നു.  അവരുടെ ബലിയർപ്പണ സമയം ആയി ഈ ക്രമത്തിലെ ആരാധന സമയത്തെ കണക്കാക്കുന്നു. "സ്തുതിയാം ബാലികളെ അർപ്പിപ്പിൻ കർത്താവിനു പ്രിയരേ നിങ്ങൾ" എന്നാണല്ലോ ചൊല്ലുന്നത്.  അവർ സ്തുതി ബലികൾ അർപ്പിച്ചു കൊണ്ട് ദൈവവചനത്തിൽ ശക്തി നിറഞ്ഞു മടങ്ങുന്നു.

തുടരും.....

Read Part - 4

No comments