Holy Qurbana Article - Yuhanon Raban Part - B
വി. കുർബ്ബാന: സുറിയാനി അന്ത്യോഖ്യൻ ആരാധനക്രമം ഒരു ലഘുപഠനം
📝 ബർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ
PART - 2
തൂയോബോ (ഒരുക്ക ശുശ്രൂഷ)
d) അഹരോന്റെ ക്രമം
ഇവിടെ അഹരോന്റെ ക്രമം എന്നത് കൊണ്ടുദ്ദേശിക്കുന്നത് പഴയനിയമത്തിലെ രക്താർപ്പിത ബലികളെ അല്ല, മറിച്ച് ബലികൾ അർപ്പിക്കുന്ന പുരോഹിതൻ ധരിക്കേണ്ട വസ്ത്രങ്ങളുടെ ആധികാരികതയും, പ്രാധാന്യവുമാണ്.
പുറപ്പാട് പുസ്തകം 28:1 - 4 ഭാഗങ്ങളിൽ ഇപ്രകാരം എഴുതപെട്ടിരിക്കുന്നു,
"എനിക്കു പുരോഹിതശുശ്രൂഷ ചെയ്യുവാനായി നിന്റെ സഹോദരന് അഹറോനെയും അവന്റെ പുത്രന്മാരെയും ഇസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നു നിന്റെ അടുക്കല്‍ വരുത്തുക; അഹറോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലയാസാര്‍, ഈഥാമാര്‍ എന്നിവരെത്തന്നെ. നിന്റെ സഹോദരനായ അഹറോന്നു മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധ വസ്ത്രം ഉണ്ടാക്കണം. ഞാന്‍ ജ്ഞാനാത്മാവു കൊണ്ടു നിറച്ചിട്ടുള്ള സമര്‍ത്ഥരോടു: അഹറോന് എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിനു അവനെ വിശുദ്ധീകരിക്കുവാനായി വസ്ത്രം ഉണ്ടാക്കണമെന്നു നീ പറയുക. അവര്‍ ഉണ്ടാക്കേണ്ട വസ്ത്രങ്ങള്‍: മാര്‍പതക്കം, എഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവയാകുന്നു. എന്റെ പുരോഹിത ശുശ്രൂഷ അനുഷ്ടിക്കുവാന്‍ അവനും അവന്റെ പുത്രന്മാര്ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം"
ഈ ഭാഗത്ത് നിന്നും പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന പുരോഹിതൻ പ്രത്യേക വസ്ത്രം ധരിക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് ദൈവമായ കർത്താവ് മോശയോട് അരുളി ചെയ്യുന്നു, "മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധ വസ്ത്രം ഉണ്ടാക്കണം." വീണ്ടും ദൈവം അരുളി ചെയ്യുന്നു, "എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിനു അവനെ വിശുദ്ധീകരിക്കുവാനായി വസ്ത്രം ഉണ്ടാക്കണമെന്നു നീ പറയുക." ഇതിന്റെ പ്രകാരം ദൈവം പൗരോഹിത്യ അംശവസ്ത്രങ്ങൾ നിർദേശിക്കുന്നതിലൂടെ മൂന്ന് കാര്യങ്ങൾ ആണ് ആഗ്രഹിക്കുന്നതു എന്ന് കാണുവാൻ സാധിക്കുന്നു, അവ; പൗരോഹിത്യത്തിനും പുരോഹിതനും ലഭിയ്ക്കേണ്ട മഹത്വം, അലങ്കാരം, വിശുദ്ധി എന്നിവയാണ്.
മഹത്വം ദൈവത്തിനു മാത്രം അവകാശപെട്ടതാണ്, ഈ മഹത്വത്തിന്റെ ഒരു അംശമാണ് പുരോഹിതൻ പ്രാപിക്കുന്നത്. അലങ്കാരം അഥവാ സൗന്ദര്യം എന്നത് പരിശുദ്ധാത്മ നിറവിൽ ഉണ്ടാകുന്നതാണ്, പൗരോഹിത്യമില്ലാത്തവൻ ഈ വസ്ത്രം ധരിച്ചാൽ അവനിൽ ദൈവം ആഗ്രഹിക്കുന്ന അലങ്കാരം അഥവാ പരിശുദ്ധാത്മ സൗന്ദര്യം നമുക്ക് ദർശിക്കുവാൻ കഴിയില്ല. വിശുദ്ധി പരോഹിത്യത്തിന്റെ മുഖമുദ്രയാണ്, പുരോഹിതൻ വിശുദ്ധീകരിക്കപ്പെട്ടവനും, ദൈവത്തിനു വേണ്ടി മറ്റുള്ളവരെ വിശുദ്ധീകരിക്കുവാൻ കടപ്പെട്ടവനും ആകുന്നു. ആയതിനാൽ വിശുദ്ധ വസ്ത്രങ്ങൾ നൽകുന്ന സന്ദേശം പുരോഹിതൻ ഉൾക്കൊള്ളാൻ ബാധ്യസ്ഥനും അപ്രകാരം അവൻ ശുശ്രൂഷിക്കുമ്പോൾ ഈ അടയാളങ്ങൾ അവനിൽ അനുഭവേദ്യവും, പ്രകടവുമായി തീരുന്നു.
പുരോഹിതൻ ധരിക്കേണ്ട അംശാവസ്ത്രത്തെ പറ്റി വീണ്ടും ദൈവം മോശയ്ക്കു വിശദീകരണം കൊടുക്കുന്നു, "അവര്‍ ഉണ്ടാക്കേണ്ട വസ്ത്രങ്ങള്‍: മാര്‍പതക്കം, എഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവയാകുന്നു. എന്റെ പുരോഹിത ശുശ്രൂഷ അനുഷ്ടിക്കുവാന്‍ അവനും അവന്റെ പുത്രന്മാര്ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം" (പുറപ്പാട് 28:4). പുതിയ നിയമത്തിൽ പൗലോസ് ഇതിനോട് സാദൃശ്യമായി വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാകേണ്ട ആത്മീയ വസ്ത്രധാരണത്തെ പറ്റി പറയുന്നുണ്ട്, " ഇതു നിമിത്തം, ദുഷ്ടനോട് എതിര്‍ത്തു നില്പാന് നിങ്ങള്‍ പ്രാപ്തരാകുവാനായി ദൈവത്തിന്റെ സര്വ്വായുധവര്ഗ്ഗവും ധരിച്ച് നിങ്ങള്‍ എല്ലാറ്റിനും ഒരുങ്ങി നില്പിന്. ആകയാല്‍ എഴുന്നേല്പിന്‍ സത്യം കൊണ്ട് അരമുറുക്കുവിന്, നീതി എന്ന കവചം ധരിപ്പിന്‍, സമാധാന സുവിശേഷത്തിന്റെ ഒരുക്കം എന്ന ചെരിപ്പ് നിങ്ങളുടെ കാലുകളില്‍ ഇടുവിന്‍, ഇവയോടു കൂടെ ദുഷ്ടന്റെ എരിയുന്ന അമ്പുകളെയെല്ലാം കെടുത്തുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന വിശ്വാസമാകുന്ന പരിചയും നിങ്ങള്‍ക്കായി എടുക്കുവിന്‍. രക്ഷയാകുന്ന പടത്തൊപ്പി വയ്ക്കുവിന്. ദൈവവചനം എന്ന ആത്മാവിന്റെ വാള് പിടിക്കുവിന്‍ " (എഫെസ്യർ 6: 13 - 17). ആയതിനാൽ, അംശാവസ്ത്രങ്ങൾക്കു പൊതുവിൽ മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങൾ അടിസ്ഥാനവും, അംശാവസ്ത്രത്തിന്റെ ഓരോ ഭാഗങ്ങൾക്ക് പ്രത്യേക അർഥവും ഉണ്ട് എന്നും നമുക്ക് മനസ്സിലാക്കാം. ഈ വസ്ത്രക്രമത്തിന്റെ ദൈവശാസ്ത്രം തന്നെയാണ് സുറിയാനി സഭയിൽ പുരോഹിതന്മാർക്കുള്ള അംശവസ്ത്രങ്ങളുടെ കാര്യത്തിലും പിന്തുടരുന്നത്. വസ്ത്രങ്ങളുടെ ഓരോ ഭാഗത്തിന്റെയും അർത്ഥം ഇപ്പോൾ വിവരിക്കുന്നില്ല, കാരണം ഒട്ടു മിക്കവാറും ആളുകൾ ഇത് സൺഡേ സ്കൂളിൽ പഠിച്ചിട്ടുള്ളത് കൊണ്ടും, വി. കുർബാനയെ പറ്റിയുള്ള പല ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുള്ളതും ആകുന്നുവല്ലോ.
മൽക്കീസദേക്കിന്റെ ക്രമപ്രകാരം അപ്പവും, വീഞ്ഞും ബലിപീഠത്തിൽ ഒരുക്കി കഴിയുമ്പോൾ തൂയോബോയുടെ ഒന്നാം ശുശ്രൂഷ പൂർത്തിയായി. തുടർന്ന് രണ്ടാം ശുശ്രൂഷയായ "അഹരോന്റെ ക്രമം" അനുസരിച്ചു പൗരോഹിത്യ അംശ വസ്ത്രം ധരിക്കുന്നു. തുടർന്ന് പുരോഹിതൻ ബലി വസ്തുക്കൾ, ബലിപീഠത്തിനുപരിയായി (തബ്ലൈത്താ) കുരിശാകൃതിയിൽ പിടിച്ചു കൊണ്ട് പേരുകൾ ഓർക്കുന്നു.
പേരുകൾ ഓർക്കുന്നതു അഹരോന്യ ക്രമത്തിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നതിനും കാരണം ഉണ്ട്. പുറപ്പാട് 28: 9 - 12 വരെയുള്ള ഭാഗങ്ങളിൽ 'ഏഫോദിന്റെ' മേലുള്ള രണ്ടു ചുമൽകണ്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഗോമേദക കല്ലുകളെ പറ്റി പറയുന്നു, "നീ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയില്‍ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തണം. അവരുടെ പേരുകളില്‍ ആറെണ്ണം ഒരു കല്ലിലും ആറെണ്ണം മറ്റേ കല്ലിലും അവരുടെ ജനനക്രമത്തില്‍ ആയിരിക്കണം.രത്നങ്ങളില്‍ പണിചെയ്യുന്ന ശില്പിയുടെ പണിയായി ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആ കല്ലുകള്‍ രണ്ടിലും കൊത്തി, രണ്ടു പൊന്തടങ്ങളില് അവ പതിക്കണം. ഇസ്രായേലിന്റെ പുത്രന്മാര്ക്കു വേണ്ടിയുള്ള സ്മാരക രത്നങ്ങളായി ഏഫോദിന്റെ ചുമല്കണ്ടങ്ങളില് ആ കല്ലുകള്‍ വയ്ക്കണം; അവരുടെ പേരുകള്‍ ഓര്‍മ്മയ്ക്കായി അഹറോന് തന്റെ ചുമലിന്മേല് വഹിക്കണം. ഇപ്രകാരം പൗരോഹിത്യ വസ്ത്രത്തിലൂടെ ഇസ്രായേൽ വംശത്തിലെ ഗോത്രങ്ങളെ മുഴുവൻ ഓർക്കുന്നുണ്ടായിരുന്നു. പുതിയ നിയമത്തിൽ ക്രിസ്തുവിലൂടെ ഈ രക്ഷ സകല ജാതികൾക്കും പ്രാപ്തമായി. അഹരോന്യ പുരോഹിതന്റെ തോളിൽ വഹിച്ച രണ്ടു ചുമൽകണ്ടങ്ങൾ 12 ഗോത്രങ്ങളേ ഓർക്കുമ്പോൾ കർത്താവു തോളിൽ വഹിച്ച ജയത്തിന്റെ സ്ലീബമൂലം സകല ജാതികളിൽ പെട്ട വിശ്വാസികളെയും ഓർക്കുന്നു.
ഈ വിശുദ്ധ സ്ലീബായുടെ ആകൃതിയിൽ പുരോഹിതൻ അപ്പവും വീഞ്ഞും വഹിക്കുമ്പോൾ, അവ കർത്താവിന്റെ സ്ളീബായിൽ വഹിക്കപ്പെട്ട തിരുശരീരവും, അതിൽ നിന്നൊഴുകിയ തിരു രക്തവും ആയി തീരേണ്ട ബലി വസ്തുക്കളും, ആ പഴയ ഏഫോദിലെ ചുമൽ കണ്ടങ്ങൾക്കു പകരം ഉള്ളതും വിശ്വാസികളുടെ പേരുകൾ കൊത്തപ്പെടേണ്ട കല്ലുകൾക്ക് പകരവുമുള്ളതായി തീരുന്നു. അതുകൊണ്ടാണ് നാം ഇങ്ങനെ പാടുന്നത്,
ഗോത്ര പേരുകൾ ഓർമ്മയ്ക്കായ് കർത്താവിൻ മുൻപിൽ, കാണ്മാൻ കല്ലുകളിൽ മോശ കൊത്തിയതോർക്കുമ്പോ ൾ, നിങ്ങൾ തൻ മൃതർ പേരുകളെ, ഓർക്കാനും പള്ളിയിലിവിടെ എഴുതാനും, മേൽ സ്വർഗ്ഗത്തിൽ, മിശിഹാ തൻ വരവിൽ തന്നോ, ടവർ മോദിപ്പാനും, ചേർപ്പിൻ പ്രിസ്തായിൽ.
ഇവിടെ തൂയോബോയിൽ അഹരോന്റെ ക്രമത്തിൽ വസ്ത്രങ്ങൾ ധരിച്ച്, അതേ ക്രമത്തിൽ വിശുദ്ധ ബലിയിൽ വഴിപാട് സമർപ്പിച്ച് ഓഹരിക്കാരായ സഭാ മക്കളെ പുരോഹിതൻ ചുമൽകണ്ടങ്ങൾക്കു പകരം, അപ്പ വീഞ്ഞുകൾ കുരിശാകൃതിയിൽ കൈകളിൽ ചുമന്നു കൊണ്ട് പേരുകൾ ഓർക്കുന്നു. ഇപ്പോൾ ഇതൊന്നും ആരും ശ്രദ്ധിക്കാറുമില്ല, പേരുകൾ തൂയോബോയ്ക്കു മുൻപ് കൊടുക്കാറുമില്ല. ഞാൻ വി. കുർബാന അർപ്പിക്കുമ്പോൾ മദ്ബഹയിൽ വച്ച് ആരോടും ദേഷ്യപ്പെടില്ല എന്ന് തീരുമാനം പട്ടം ഏൽക്കുമ്പോൾ തന്നെ എടുത്തിട്ടുണ്ട്. അത് ഇതുവരെയും പാലിച്ചു. എങ്കിലും തൂയോബോയ്ക്കു ശേഷം പേരുകൾ നല്കുമ്പോൾ എനിക്ക് നല്ല ദേഷ്യം തോന്നാറുണ്ട്. ഞാൻ വചന ശുശ്രൂഷയിൽ ഇതു പറഞ്ഞു പഠിപ്പിച്ചിട്ടും ഉണ്ട്. പക്ഷെ അനുസരിച്ച് കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല. കർത്താവിന്റെ ശരീര രക്തങ്ങൾ ആയി രൂപാന്തിരപ്പെടുന്ന വി. കുർബാനമേൽ നിങ്ങളുടെയും, നിങ്ങളുടെ മൃതരുടെയും പേരുകൾ എഴുതി ചേർക്കണമെങ്കിൽ തൂയോബോയ്ക്കു മുൻപേ പേരുകൾ കൊടുക്കുക.
തുടരും......
Read Part - 3
No comments