Latest Posts

 *നീതിമാൻ ആയ യൗസേഫ് : നിത്യകന്യാവ്രതക്കാരനായ  ഗൃഹനാഥൻ*


(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)


ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിന്റെ ഭർത്താവ് ആയി  നിച്ഛയിക്കപ്പെട്ടിരുന്ന  നീതിമാനായ യൗസേഫിനെ ആദ്യമായി  'വിഭാര്യൻ' ആയി ചിത്രീകരിച്ചതു  "യെരുശലെമിലെ യാക്കോബിന്റെ പ്രോട്ടോ ഏവൻഗേലിയോൻ" എന്ന് പേരുള്ള ഒരു വ്യാജ അപ്പൊക്രീഫാ ഗ്രന്ഥത്തിൽ  ആകുന്നു. ഇത് മൂന്നാം നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട കൃതിയും ഇതിന്റെ ഗ്രന്ഥകാരൻ യെരുശലേമിലെ മോർ യാക്കോബ് ശ്ശ്ളീഹാ അല്ലാ എന്നും ആണ് പണ്ഡിതർ അഭിപ്രായപെട്ടിരിക്കുന്നത്.


നാലാം നൂറ്റാണ്ടിലെ മറ്റൊരു വ്യാജ കൃതിയായ 'മരപ്പണിക്കാരനായ യൗസേഫിന്റെ ചരിത്രം' എന്ന ഗ്രന്ഥത്തിൽ നീതിമാനായ യൗസേഫിനെ 'വിഭാര്യൻ' ആയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിൽ ഉണ്ടായ മക്കൾ ആയി ചെറിയ യാക്കോബിനെയും, ജോസിയെയും, ശേമവൂനെയും, യഹൂദായേയും കൂടാതെ പെണ്മക്കൾ ആയി ആസിയ, ലിദിയ എന്നിവരെയും ചിത്രീകരിക്കുന്നു. ഗ്രന്ഥകർത്താവ് ആരെന്നു അറിയില്ല. പുസ്തകത്തിൽ അപോസ്തോലന്മാർ യേശുവിൽ നിന്നും കേട്ട് പഠിച്ച ചരിത്രം ആണെന്ന്  അവകാശപ്പെടുന്നു.


ഇപ്രകാരം മൂന്നാം നൂറ്റാണ്ടിനു ശേഷം ഉള്ള വ്യാജ കൃതികളിൽ നിന്നുമുള്ള ഒരു സാങ്കല്പിക   രൂപം യൗസേഫ് പിതാവിനെ പറ്റി പലരിലും ഉണ്ടാവുകയും ക്രിസ്ത്യൻ  ഇക്കണോഗ്രാഫിയുടെ വളർച്ചയുടെ നാളുകളിൽ നീതിമാനായ യൗസേഫിന്റെ ഐക്കൺ അദ്ദേഹത്തെ ഒരു വൃദ്ധനായ വിഭാര്യനായിരുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ചു. ഫലത്തിൽ വ്യാജ ചരിത്ര ഗ്രന്ഥങ്ങളിലെ പഠിപ്പിക്കലുകൾ വലിയ സ്വാധീനം സഭയിൽ ഉണ്ടാക്കുകയും വേദപുസ്തക അടിസ്ഥാനത്തിൽ ഉള്ള ഒരു പഠനം യൗസേഫിനെപറ്റി ഉണ്ടാകാത്തിരിക്കുകയും ചെയ്തു. തന്മൂലം യൗസേഫ് പിതാവിന്റെ വ്യക്തമായ ചരിത്രം സഭയ്ക്കു അന്യമായി പോവുകയും, ആ നീതിമാന്റെ ഓർമ്മ ശ്രദ്ധാപ്പൂർവ്വം നിര്വഹിക്കപ്പെടുന്നതിൽ ന്യൂനത ഉണ്ടാകുകയും ചെയ്തു.


വിശുദ്ധ ഗ്രന്ഥത്തിന്റെ പഠനം നടത്തുമ്പോൾ ദാവീദ് വംശത്തിൽ മാഥാന്റെ പുത്രനായ യാക്കോബിന്റെ മകൻ ആണ് യൗസേഫ് എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലും (1:16, 17), വിശുദ്ധ ലൂക്കോസിന്റെ സുവിശേഷത്തിൽ വിശുദ്ധ യൗസേഫ് മഥാത്തിന്റെ (മാഥാന്റെ) പുത്രനായ ഹേലിയുടെ പുത്രൻ എന്ന് എഴുതിയിരിക്കുന്നു. 


ഇതിൽ ആദ്യത്തേത് ദാവീദിന്റെ പുത്രൻ ശലോമോനിൽ നിന്നുമുള്ള വംശാവലി ആയും രണ്ടാമത്തേത് ദാവീദിന്റെ പുത്രൻ നഥാനിൽ നിന്നുള്ള വംശാവലി ആയും കാണുന്നു.  വേദശാസ്ത്രജഞാൻമാരുടെ അഭിപ്രായ പ്രകാരം ഒന്നാമത്തെ വംശാവലി യൗസേഫിന്റെയും രണ്ടാമത്തെതു കന്യക മറിയാമിന്റെയും ആയിരിക്കുവാൻ ആണ് സാധ്യത എന്നാണ്. യൗസേഫിന്റെ വംശാവലി പ്രകാരം ബാബേൽ വിപ്രവാസത്തെ തുടർന്ന് രാജഭരണം നഷ്ടപ്പെട്ട ദാവീദ് കുടുംബത്തിലേ ഒരു മരപ്പണിക്കാരന്റെ മകനാണ് യേശു. വിശുദ്ധ കന്യകയുടെ വംശാവലി പ്രകാരം ദാവീദ് ഗൃഹത്തിൽ ജനിച്ചവൾ ആകയാൽ ദാവീദ് പുത്രിയുടെ മകൻ ആണ് യേശു. ഒന്നാമത്തേത് ഉടമ്പടിപരവും രണ്ടാമത്തെതു പ്രവചനപരവും ആകുന്നു.   ആയതിനാൽ വിശുദ്ധ യൗസേഫ് ദൈവിക ഉടമ്പടി പ്രകാരം യേശുവിന്റെ പിതാവും, മറിയം പ്രവചന പൂർത്തീകരണ പ്രകാരം ദൈവപ്രസവിത്രിയും ആകുന്നു.


ലൂക്കോസിന്റെ സുവിശേഷത്തിൽ യൗസേഫിന്റെ കുടുംബം ദാവീദ് കുടുംബം ആണെന്നും, ഗോത്രം യഹൂദ ഗോത്രം ആണെന്നും സൂചിപ്പിക്കുന്നുണ്ട്,  "യൌസേഫും ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതു കൊണ്ട് യഹൂദയില്‍ ബേത്ലഹേം എന്ന് വിളിക്കപ്പെടുന്ന ദാവീദിന്‍റെ പട്ടണത്തിലേക്ക് ഗലീലയിലെ നസ്രേത്ത് പട്ടണത്തില്‍നിന്നും തനിക്ക് വിവാഹം നിശ്ചയം ചെയ്യപ്പെട്ടിരുന്ന ഗര്‍ഭിണിയായ മറിയാമിനോടു കൂടെ പേര്‍വഴി ചാര്‍ത്തപ്പെടുവാനായി പോയി"(ലൂക്കോസ് 2:4,5). ഇതിൻ പ്രകാരം യൗസേഫ്  യഥാർത്ഥത്തിൽ ബെത്ലെഹെമിൽ നിന്നുള്ളവൻ ആകുന്നതിനാൽ അവിടെ നിന്നും കിലോമീറ്ററുകൾ അകലെ വടക്കൻ മേഖലയിൽ തീരപ്രദേശമായ നസ്രേത്തിൽ ചെന്ന് താമസിക്കുന്നത് എന്ത് കൊണ്ട് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. 


യൗസേഫ് ഒരു മരപ്പണിക്കാരൻ ആണ്. അവന്റെ തൊഴിലിനു കൂടുതൽ അവസരമുള്ള ഒരു സ്ഥലം ആയിരിക്കും അവനു ഉപജീവനത്തിന് ഏറ്റവും യോഗ്യമായതു. കൂടാതെ തൊഴിലിനു ആവിശ്യം ആയ വസ്തുക്കളും ലഭ്യമായിരിക്കണം. ഇപ്രകാരം നോക്കുമ്പോൾ,  നസ്രേത്തു അതിനു യോജിച്ച സ്ഥലം തന്നെയാണ്. കാരണം, ഗലീല കടലിന്റെ സമീപത്തുള്ള നസ്രേത്തിൽ താമസിക്കുന്നത് വഴി ധാരാളം മരപ്പണി ചെയ്യുവാനുള്ള അവസരം ഉണ്ട്.  പടകു നിർമ്മാണം, അതിന്റെ അറ്റകുറ്റ പണികൾ എന്നിവ ഏറ്റവും കൂടുതൽ ആയി ഉള്ളത് ഗലീല പ്രദേശത്തു ആണെന്നുള്ളത് ഒരു വസ്തുത ആകുന്നു. മറ്റൊരു സംഗതി, നസ്രേത്തിൽ നിന്നും വിദൂരത്തിൽ വടക്കുമാറി സ്ഥിതി ചെയ്യുന്ന   ഹെർമ്മോൻ മഞ്ഞു പർവതത്തിൽ നിന്നും ഒഴുകി എത്തുന്ന വെള്ളം ആണ് ഗലീല കടലിൽ ഉള്ളത്. അതുകൊണ്ട് ഹെർമ്മോനിൽ നിന്നും ഗലീല കടലിലേക്ക് ഒരു  ജലമാർഗ്ഗം ഉള്ള സഞ്ചാരത്തിന് സാധ്യത ഉണ്ട്. കാദേശ് വനമേഖല ഹെർമ്മോൻ പർവ്വത നിരയിൽ ആണ്. സ്വാഭാവികമായും വലിയ വൃക്ഷങ്ങൾ വെട്ടി ജലമാർഗ്ഗം ഗലീലയിൽ എത്തിച്ചിരുന്നു. ഇത്  ബൈബിൾ ഭൂമി ശാസ്ത്ര പണ്ഡിതർ കണ്ടെത്തിയിട്ടുണ്ട്.


ലൂക്കോസ് 1:26, 27 വാക്യങ്ങളിൽ ഇപ്രകാരം കാണുന്നു, "ആറാം മാസത്തില്‍ ഗലീലയില്‍ നസ്രേത്ത് പട്ടണത്തിലേക്ക് ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് ദൈവസന്നിധിയില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ അയയ്ക്കപ്പെട്ടു." വീണ്ടും ഗബ്രിയേൽ മാലാഖയുടെ അറിയിപ്പിനു മറുപടിയായി  വിശുദ്ധ കന്യക ഇപ്രകാരം പറയുന്നു, "മറിയാം മാലാഖയോട് ഞാന്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു" (ലൂക്കോസ് 1:34). വളരെ വ്യക്തമായ കുറച്ചു കാര്യങ്ങൾ ഇവിടെ യൗസേഫിന്റെ  കുടുംബത്തെ പറ്റിയുണ്ട്. 

സ്നാപക യോഹന്നാനേ എലിശുബ ആറു മാസം ഗർഭത്തിൽ വഹിക്കുന്ന സമയത്ത്, കന്യക മറിയം നസ്രേത്തിൽ തനിക്കു വിവാഹം നിച്ഛയിക്കപ്പെട്ട യൗസേഫ് എന്ന തന്റെ പുരുഷന്റെ ഭവനത്തിൽ അയാളോടൊപ്പമാണ് താമസിക്കുന്നത്. അപ്പോൾ ആണ് ഗബ്രിയേൽ അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടു അവൾ ഗർഭം ധരിക്കുന്ന വിശേഷം അറിയിക്കുന്നത്. ഇതിനുള്ള മറുപടി വളരെ ശ്രദ്ധേയമാണ്. "ഞാന്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് എങ്ങനെ സംഭവിക്കും" എന്നാണ് തനിക്കു വിവാഹം നിച്ഛയിക്കപ്പെട്ട  യൗസേഫിന്റെ കൂടെ ജീവിക്കുന്ന കന്യക പറയുന്നത്. 


മോശയുടെ ന്യായപ്രമാണ 

പ്രകാരം യഹൂദ വിവാഹം രണ്ട് ഘട്ടങ്ങളാണ്. ആദ്യത്തേത് വിവാഹനിശ്ചയം (kiddushin) രണ്ടാമത്തേത് വിവാഹമാണ് (Chuppah). കിഡുഷിൻ അഥവാ വിവാഹനിശ്ചയം നിർവ്വഹിക്കുന്നത്  ഒരു സ്ത്രീയെ പുരുഷൻ ഭാര്യയായി ഉള്ള 'എടുക്കൽ' ( kichah) മുഖാന്തിരം ആണ്. ഈ കിച്ച അഥവാ എടുക്കൽ  മൂന്നു തരത്തിൽ നിലനിന്നിരുന്നു അവ യഥാക്രമം; ധനം (kessef),

ഉടമ്പടി (she'tar), ലൈംഗീകബന്ധം (bi'ah)  എന്നിവയാണ്. മറിയം മാലാഖയോട് യൗസെഫിനെ അറിഞ്ഞില്ല എന്ന് പറയുന്നതിനാൽ മൂന്നാമത്തെ രീതിയിൽ (bi'ah എന്നത് sex നേ തുടർന്ന് വിവാഹം ചെയ്യേണ്ടി വരുന്ന രീതി ആണ്. വ്യഭിചാര തുല്യം ആണ്. ) അല്ല അവളെ യൗസേഫ് ഭാര്യ ആയി എടുത്തതു എന്ന് മനസ്സിലാക്കാം. ഉടമ്പടി (she'tar) പ്രകാരം ഉള്ള വിവാഹം ആയിരുന്നെങ്കിൽ ഒരു വെപ്പാട്ടിയുടെതായ (ലൈംഗീക സഹായി) സ്ഥാനം മാത്രമേ മറിയാമിന് കിട്ടുമായിരുന്നുള്ളൂ, ഇതു അക്കാലത്ത് പ്രത്യേക സാഹചര്യങ്ങളിൽ നിലനിന്നിരുന്നു എങ്കിലും വ്യഭിചാരം ആയി ആണ് കണക്കാക്കിയിരുന്നത്. മറിയാമിനെ ഭാര്യയായി എടുക്കാൻ യൗസേഫ് എന്ന നീതിമാൻ സ്വീകരിച്ചത് 'കേസ്സെഫ്' എന്ന നേരായ മാർഗം ആണെന്ന് ഇതിൽ നിന്നും മനസിലാക്കാം. അതായത്  പുരുഷൻ സ്ത്രീയ്ക്ക് പണം കൊടുത്തു അവളെ തന്റെ ഭാര്യയായി വിലയ്‌ക്കു വാങ്ങുന്നു. അന്ന് മുതൽ അവർ ഭാര്യ ഭർത്താക്കന്മാർ എന്ന് അറിയപ്പെടും, ഈ ചടങ്ങിന് സാക്ഷികൾ ഉണ്ടായിരിക്കും. 


കേസ്സെഫ് പ്രകാരം ഭാര്യയായി ഉള്ള 'എടുക്കൽ' ( kichah) നടത്തി വിവാഹ നിച്ഛയം (kiddushin) ചെയ്യുന്നവർ വിവാഹം (Chuppah) വരെ   ഒരുമിച്ചു ജീവിക്കുമെങ്കിലും പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെടാറില്ല. ഇതിനിടയിൽ സ്ത്രീ ഗർഭിണി ആയാൽ അത് ഭർത്താവ് അറിയാതെ ആണെങ്കിൽ അവളെ ശിക്ഷിക്കാൻ നിയമം ഉണ്ട്.   ഇനി അറിഞ്ഞു ആണെങ്കിൽ അവളെ ഉപേക്ഷിയ്ക്കുവാനും ഉപേക്ഷിയ്ക്കാതിരിയ്ക്കു വാനും സാധിയ്ക്കും. താൻ ഗർഭം ധരിച്ചത് തനിക്കു വിവാഹം നിച്ഛയിക്കപ്പെട്ട പുരുഷനിൽ നിന്നാണ് എന്ന് സ്ത്രീ പറയുകയും പുരുഷൻ തെറ്റ് സമ്മതിയ്ക്കുകയും ചെയ്‌താൽ മാത്രം ആണ് വിവാഹം (Chuppah) നടക്കുകയുള്ളൂ. അങ്ങിനെ ഉള്ള പുരുഷനേ  നീതിമാൻ ആയി കണക്കാക്കുകയില്ല കാരണം അവൻ വിവാഹത്തിന് മുൻപേ ഭാര്യയുമായി ബന്ധപ്പെട്ടുവല്ലോ. രണ്ടാം ഘട്ടമായ വിവാഹത്തിന് മുൻപേ ഭാര്യ ഗർഭിണി ആവുകയും പുരുഷൻ അവളെ ഉപേക്ഷിക്കാതിരിക്കുകയും അവർ വിവാഹിതരാവാതിരിക്കുകയും ചെയ്‌താലും ഭാര്യ ഭർത്താക്കന്മാർ എന്നറിയപ്പെടും. സന്താനം അവരുടെ സന്താനമായി കണക്കാക്കും, "ഇവന്‍ യൌസേഫിന്‍റെ മകനായ യേശു അല്ലേ? ഇവന്‍റെ അപ്പനേയും അമ്മയേയും നാം അറിയുന്നു. പിന്നെ, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു എന്ന് ഇവന്‍ എങ്ങനെ പറയുന്നു"  (യോഹന്നാൻ 6:42)


ഇക്കാര്യങ്ങളിൽ നിന്നെല്ലാം നമുക്കു മനസ്സിലാക്കുവാൻ കഴിയുന്ന ചില സത്യങ്ങൾ ഉണ്ട്. ഒന്ന്, ഞാൻ പുരുഷനേ അറിഞ്ഞിട്ടില്ല എന്നു വിശുദ്ധ കന്യക പറയുന്നത് തന്റെ ഭർത്താവ് ആയ യൗസേഫിനെ പറ്റിയാണ്.  യൗസേഫ് ന്യായപ്രമാണം കൃത്യമായി പാലിക്കുന്നവൻ ആയിരുന്നു. രണ്ട്, തന്റെ ഭാര്യ ഗർഭിണി ആയതു താൻ മൂലം അല്ല എന്നത് അവനു അറിയാമായിരുന്നു എങ്കിലും അവന്റെ നീതി അവളെ ശിക്ഷാവിധിയ്ക്കു ഏൽപ്പിച്ചു കൊടുക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ചു. ദൈവാത്മാവ് ഇടപെട്ടപ്പോൾ അവളെ ഉപേക്ഷിക്കാതെ സ്വീകരിയ്ക്കുവാനും തയ്യാറായി. മൂന്ന്,  മറിയം തന്റെ കുഞ്ഞിന്റെ പിതൃത്വം യൗസേഫിൽ ആരോപിച്ചങ്കിൽ മാത്രം വിവാഹം എന്ന രണ്ടാം ഘട്ടം വഴി ന്യായപ്രമാണം ലംഘിക്കാതെ ആ ഭാര്യ ഭർത്താക്കന്മാർക്ക്  ദാമ്പത്യ ജീവിതം സാധ്യമാകുമായിരുന്നുള്ളു.   നാല്, അപ്രകാരം ചെയ്‌താൽ അത് യേശുവിന്റെ സ്വർഗസ്ഥ പിതാവിന്റെ ഹിതത്തിനു എതിരാകുമായിരുന്നു. അതുകൊണ്ട് വിശുദ്ധ കന്യകയും, വിശുദ്ധ യൗസേഫും തുടർന്നും ഭാര്യ ഭർത്താക്കന്മാരായിരുന്നു എങ്കിലും വിവാഹിതരാകാതെ കന്യാവ്രതമുള്ള ഭാര്യയും ഭർത്താവും ആയി ജീവിച്ചു. 


നസ്രേത്തിലെ കുടുംബത്തിൽ മറിയം നിത്യ കന്യകയും, മാതാവും, ഭാര്യയും ആയിരുന്നപ്പോൾ  യൗസേഫ് നിത്യ വ്രതമുള്ളവനും, കന്യകയുടെ കാവൽപ്പുരുഷനായ ഭർത്താവും,  കർത്താവിന്റെ വളർത്തു പിതാവും ആയി ജീവിച്ചു.

No comments