*എന്താണ് 666 ന്റെ പിന്നിലെ രഹസ്യം?*
(ബർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)
കൊറോണ വ്യാധി പടർന്നു പിടിക്കുമ്പോൾ സോഷ്യൽ മീഡിയ വഴി ധാരാളം ലോകാവസാന കഥകൾ പരക്കുന്നുണ്ട്. അതിലേ പ്രധാന വില്ലൻ ആണ് Mr.666. ആരാണിവൻ എന്ന് ഒരു ചെറിയ വിശകലനം നടത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഈ ലേഖനം വായിക്കുന്നവർ ദാനിയേൽ 2 & 7 അധ്യായങ്ങളും വെളിപാട് 13 & 17 അദ്ധ്യായങ്ങളും കൂടി വായിക്കുക.
ദാനിയേൽ കണ്ട ദർശനത്തിലെ സമുദ്രത്തിൽ നിന്നും ഉയർന്നു വന്ന നാലാമത്തെ ഭീകരമൃഗത്തിന്റ കൊമ്പുകളിൽ വമ്പും ദൈവദൂഷണവും പറയുന്ന വായും ഉള്ള കൊമ്പ് 7 സ്വതന്ത്ര്യ ഗവണ്മെന്റ്കളുടെ ഫെഡറേഷൻ ആണ്. ഈ ഫെഡറേഷൻ ഉണ്ടാകുന്നത് നിലവിലുള്ള മൂന്ന് ഗവണ്മെന്റ്കളെ വീഴ്ചയോടെയാണ്.
ദാനിയേൽ ദർശനത്തിലെ ശേഷിച്ച 7 കൊമ്പുകൾ സ്വതന്ത്ര്യ ഭരണം ഉള്ള 7 ഗവണ്മെന്റ്കൾ ആകുന്നു. ഈ 7 ഉം അവസാനം മുളച്ചു വരുന്ന കൊമ്പിനു (ഫെഡറെഷന്) വിധേയപ്പെടുന്നു.
ഈ വമ്പും ദൈവദൂഷണവും പറയുന്ന വായ് ഉള്ള കൊമ്പിനെ ആണ് ഒരു മൃഗം ആയി വെളിപാട് 13 ലും 17 ലും യോഹന്നാൻ ശ്ളീഹാ ദർശനത്തിൽ കാണുന്നത്. വെളിപാടിൽ കണ്ട മൃഗത്തിന് ഉള്ള 7 തല എന്നത് മുൻപ് പറഞ്ഞ ആ 7 ഗവണ്മെന്റ്കൾ ആകുന്നു. ഈ 7 ഗവണ്മെന്റ്കളും കൂടുമ്പോൾ മുൻപുണ്ടായിരുന്ന 10 ഗവണ്മെന്റ്കളുടെ ഭൂവിസ്തീര്ണ്ണം ഉൾക്കൊള്ളുന്നു. അതായത് വീണുപോയ 3 എണ്ണം ഈ ഏഴിൽ ഉൾക്കൊള്ളിക്കപ്പെട്ടു.
7 തല, 10 കൊമ്പ്, 10 കിരീടം എന്ന് പറയുന്നതിന്റെ അർത്ഥം ഇതാണ്. 7 പർവ്വതങ്ങൾ എന്ന പ്രയോഗത്തിലൂടെ 7 രാഷ്ട്രങ്ങളുടെ അധികാരത്തെ കാണിക്കുന്നു. 10 കൊമ്പുകൾ എന്ന മുൻപ് ഉണ്ടായിരുന്ന 10 രാഷ്ട്രങ്ങളിലെ വീണു പോയ 3 രാഷ്ട്രങ്ങൾ കൂടി ചേർന്നാണ് ഇപ്പോൾ ഉള്ള ഈ 7 രാഷ്ട്രങ്ങൾ എന്ന് കാണിക്കുന്നു. 10 കിരീടങ്ങൾ വഴി നിലവിൽ 7 രാഷ്ട്രങ്ങൾ ആണെങ്കിലും വീണു പോയ മൂന്നു രാഷ്ട്രങ്ങൾക്കും ആലങ്കാരികമായെങ്കിലും ഉള്ള ഒരു പ്രതിനിധ്യo ഈ 7 രാഷ്ട്രങ്ങൾ ചേർന്ന ഒരു ഫെഡറേഷനിൽ ഉണ്ട് എന്ന് മനസിലാക്കാം.
ചുരുക്കി പറഞ്ഞാൽ 10 രാഷ്ട്രങ്ങളുടെ ഒരു പ്രതിസന്ധിയിൽ രൂപപ്പെടുന്ന ഒരു ഫെഡറേഷനിൽ 10 രാഷ്ട്രങ്ങളെ ചേർത്ത് പുതിയത് ആയി രൂപീകരിച്ച ഒരു ഫെഡറേഷന്റെ കീഴിൽ മുൻപുള്ള 10 ഉം കൂടിചേർന്ന് 7 ആയി നിൽക്കുകയും, ഇല്ലാതാകുന്ന 3 മേഖലകളിലെ ഭരണം ഫെഡറേഷന്റെ ചുമതലയിൽ 7 ആയി വിഭജിക്കുകയും ആ മൂന്നിന് ആലങ്കാരികമായ പ്രാധാന്യം മാത്രം വരുകയും ചെയ്യുന്നു.
ഏകദേശം ഈ രീതിയിൽ ഉള്ള സംങ്കീർണ്ണമായ ഒരു പുരോഗതി ആയിരിക്കും മെഡിറ്ററേനിയൻ മേഖലയിൽ ഉള്ള രാഷ്ട്രങ്ങളിൽ സംഭവിക്കുവാൻ പോകുന്നത് എന്ന് വേദപുസ്തക പഠനത്തിലൂടെ അനുമാനിക്കുന്നു.
മൃഗത്തിന്റെ അഥവാ ഫെഡറേഷന്റെ ഘടന പ്രകാരം 7 രാഷ്ട്രങ്ങളിലും സ്വതന്ത്ര്യ ഗവണ്മെന്റ് ഉണ്ടായിരിക്കും. എന്നാൽ വീണു പോയ രാഷ്ട്രങ്ങൾക്കു ഫെഡറേഷൻ അനുവദിച്ച അവകാശങ്ങളോടെ അവർ അപ്പോൾ ഈ 7 ൽ ഏത് പ്രവിശ്യയുടെ ഭാഗമാണോ അവിടുള്ള സിവിൽ നിയമത്തിനു കീഴ്പ്പെട്ടിരിക്കണം. ഈ മൊത്തം 7 രാഷ്ട്രങ്ങളും, അവയുടെ ഭാഗമായി തീർന്ന 3 ആലങ്കാരിക ഗവണ്മെന്റ്കളും കൂടി ചേർന്നാണ് ഫെഡറേഷൻ നിലനിർത്തുന്നത്. ഫെഡറേഷൻ തീരുമാനം എല്ലാവർക്കും ബാധകമാകും. ഫെഡറേഷന്റെ തലപ്പത്ത് ഒരിക്കൽ ഒരു നേതാവ് വരും അവൻ ആണ് വമ്പും ദൈവദൂഷണവും പറയുന്ന വായോടു കൂടിയ ആ കൊമ്പ്. ആ മനുഷ്യന്റെ നമ്പർ ആണ് 666. അവന്റെ കീഴിൽ ഉള്ള ഒരു രാഷ്ട്രത്തിനു ഒരു വലിയ ആഘാതം ഉണ്ടാകും എങ്കിലും പിന്നീട് അത് ഭേദപ്പെടും.
യൂറോപ്യൻ മേഖലയിൽ ആയിരിക്കും ഈ മാറ്റങ്ങൾ നടക്കുവാൻ പോകുന്നത് എന്ന് വ്യക്തിപരമായി ഞാൻ കരുതുന്നു. പ്രത്യേകിച്ച് പറഞ്ഞാൽ വെളിപാടിലെ മൃഗത്തിന്റെ ലക്ഷണ പ്രകാരം ഫെഡറേഷൻ ഹെഡ് ആകുന്നത് പഴയ ബാബിലോണിയൻ സാമ്രാജ്യത്തിൽ പെട്ട ഒരു മേഖലയിൽ നിന്നും, വീണു പോകുന്ന മൂന്ന് കൊമ്പുകൾ പഴയ ഗ്രീക്ക് സാമ്രാജ്യ മേഖലയിൽ പെട്ടതും ആകാൻ സാധ്യത ഉണ്ട്. കാരണം മൃഗത്തിന്റെ വായ സിംഹത്തിന്റെ പോലെ യാണ് സിംഹം ബാബിലോൺ ആണ്. മൂന്ന് വീണു പോയ രാഷ്ട്രങ്ങൾ ആണ് മൃഗത്തിന്റെ ശരീരം, അത് പുള്ളിപ്പുലിയുടെയാണ്. പുള്ളിപുലി ഗ്രീക്ക് മേഖലയാണ്.
ഇത്തരം കാര്യങ്ങൾ സംഭവിക്കുവാൻ ആവിശ്യമായ പ്രശ്നങ്ങൾ പ്രധാനമായും മഹാപ്രകൃതി ദുരന്തങ്ങൾ, മഹാ ക്ഷാമം, മഹാവ്യാധി, മഹായുദ്ധം തുടങ്ങി ലോകം മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിൽ ഉള്ളതും മനുഷ്യ നിയന്ത്രണങ്ങൾക്കു അതീതമായതും ആയ സംഗതികൾ മൂലം ആയിരിക്കും.
അവസാനമായി ഒരു അനുമാനം കൂടി പറഞ്ഞു കൊണ്ടു നിർത്തുന്നു. ഈ ഫെഡറേഷൻ സത്യവിശ്വാസികളേ കടിച്ചു കീറുന്ന മൃഗം ആണ്. ഇതിന്റെ 8 ആമത്തെ നേതാവിന്റെ കാലത്ത് ആണ് അന്ത്യകാലത്തിനു മുൻപുള്ള മഹാപീഡ ആരംഭിക്കുന്നത് എന്ന് കരുതുന്നു. 666 എന്താണ് എന്ന് ആ കാലത്തിനോടടുത്തു എത്തുമ്പോൾ പൂർണ്ണമായും വെളിപ്പെടും. അപ്പോൾ മുതൽ ക്രസ്ത്യാനികൾക്ക് പീഢയുണ്ടാകുവാൻ തുടങ്ങും. ആ മഹാപീഡനം ക്രിസ്തുവിന്റെ രണ്ടാം വരവോടു കൂടി മാത്രം അവസാനിക്കും.
വിശുദ്ധ ജെറോം എഴുതിയിരിക്കുന്നു, "റോമാ സാമ്രാജ്യം നശിപ്പിക്കപ്പെടുമ്പോൾ, പത്തു രാജാക്കന്മാർ അവരുടെ ഇടയിൽ വിഭജിക്കും; പത്തു രാജാക്കന്മാരിൽ മൂന്നുപേരെ ജയിക്കുന്ന ഒരു കൊച്ചു രാജാവു പതിനൊന്നാമൻ എഴുന്നേൽക്കും; ആ മൂന്നു പേര് അറുക്കപ്പെട്ട് കഴിയുമ്പോൾ മറ്റ് ഏഴുപേർ ജേതാവിന് കഴുത്ത് സമർപ്പിക്കും." - *വിശുദ്ധ ജെറോം*
(AD 347-420)
No comments