Latest Posts

കപട വാസ്തുശാസ്ത്രവും, സുറിയാനി ക്രൈസ്തവ വിശ്വാസവും ഒരു ലഘു അവലോകനം

 കപട വാസ്തുശാസ്ത്രവും, സുറിയാനി ക്രൈസ്തവ വിശ്വാസവും ഒരു ലഘു അവലോകനം

📝ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ

PART - 2

കപട വാസ്തു വിദ്യയും, ബൈബിളും

കപട വാസ്തുവിദ്യ വാസ്തു പുരുഷൻ അഥവാ ദേവനിൽ കേന്ദ്രീകരിച്ചുള്ള ഒരു വാദഗതിയാണ്. എങ്കിലും ഈ വിദ്യയിൽ പുരാതന യഥാർത്ഥ വിദ്യയുടെ അംശങ്ങൾ ഉള്ളതിനാൽ ഇത് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങൾ രൂപീകരിക്കുവാൻ സാധിക്കുന്നു. എങ്കിലും ഇതിന്റെ എല്ലാ തത്വങ്ങളും  മുൻപ് സൂചിപ്പിച്ച പ്രകാരം ഹിന്ദു - ബുദ്ധ വിശ്വാസങ്ങൾ പ്രകാരമുള്ള മിത്തുകളുമായി സംയോജിച്ചിരിക്കുന്നു. ആയതു മൂലം, വാസ്തു വിദ്യയിൽ ധാരാളം അക്രൈസ്തവ ആശയങ്ങളും, മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ട്. ആവർത്തനം 18:9-13 വാക്യങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു, "നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്തു എത്തിയതിനുശേഷം സ്ഥലത്തെ *ജാതികളുടെ വഷളതകള്‍ നീ പഠിക്കരുത്. തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുവാന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവന്‍, മഷിനോക്കുന്നവന്‍ ഇങ്ങനെയുള്ളവര്‍ നിങ്ങളുടെ ഇടയില്‍ കാണരുത്. ഇവ ചെയ്യുന്നവനെല്ലാം കര്‍ത്താവിനു വെറുപ്പാകുന്നു;* ഇങ്ങനെയുള്ള വഷളത മൂലം നിന്‍റെ ദൈവമായ കര്‍ത്താവു അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു. നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കണം."  കപട വാസ്തുവിദ്യ മേൽപ്പറഞ്ഞ ദൈവിക കല്പനയുടെ നഗ്നമായ ലംഘനമാണ്. അതുകൊണ്ട് ഈ കപട ശാസ്ത്രം പഠിപ്പിക്കുന്നതും, പാലിക്കുന്നതും, അത് ചെയ്യുവാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നതും പാപം ആണ്. കപട വാസ്തുവിദ്യ താഴെ പറയുന്ന നാല് കല്പനകളുടെ ലംഘനമായിട്ട് സഭ കണക്കാക്കുന്നു ;

1) “ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്.” ഈ കല്പന സത്യ ദൈവത്തെ അല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരാധിക്കുന്നതിന് എതിരെയുള്ളതാണ്. മറ്റെല്ലാ ദൈവങ്ങളും തെറ്റായ ദൈവങ്ങളാണ്.

വാസ്തുപുരുഷൻ അഥവാ ദേവൻ ഒരു തെറ്റായ ദൈവം ആകുന്നു. വാസ്തുവിദ്യയുടെ ഉപയോഗം വാസ്തുദേവന്റെ വിശ്വാസം ആണ്. വാസ്തുബലി (പുരവാസ്തുബലി, പുരാവാസ്ത്തൊലി, പുരവാത്തോലി) എന്നുള്ളതു കെട്ടിടം വാസ്തു ദേവന് സമർപ്പിക്കുന്ന ചടങ്ങ് ആണ്.ഒരു പക്ഷെ അറിയാതെ ആണെങ്കിൽ കൂടി വാസ്തുവിദ്യയിൽ സ്വാധീനപ്പെടുന്നത് ഒന്നാം പ്രമാണ ലംഘനമാണ്.

2) “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു” (പുറപ്പാട് 20: 4-6) ഈ കല്പന ദൈവത്തിന്റെ മാതൃകയായ ഏതെങ്കിലും വിഗ്രഹം ഉണ്ടാക്കുന്നതിന് എതിരെയാണ്. ദൈവത്തെ ശരിയായി ചിത്രീകരിക്കാവുന്ന രീതിയിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു പ്രതിമയും ഇല്ല. ദൈവത്തെ സൂചിപ്പിക്കുവാൻ വിഗ്രഹം ഉണ്ടാക്കുന്നത് ദൈവം അല്ലാത്തതിനെ ആരാധിക്കുന്നത് പോലെയാണ്.

വാസ്തു ദേവന്റെ പ്രതീകമായാണ് ഓരോ കെട്ടിടവും വാസ്തുവിദ്യ പ്രകാരം നിർമ്മിക്കുന്നത്. (ചിത്രം ലേഖനത്തോടൊപ്പം ചേർക്കുന്നു.) ഒരു പ്രത്യേക രീതിയിൽ കുനിഞ്ഞു നിൽക്കുന്ന വാസ്തുദേവ സങ്കല്പം അനുസരിച്ച് ആ ഛായയിൽ ആണ് ഓരോ കെട്ടിടവും നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ വാസ്തു വിദ്യപ്രകാരം ഉള്ള ഓരോ കെട്ടിടവും വാസ്തു ദേവന്റെ വിഗ്രഹം ആണ്. നമ്മുടെ ഭവനം ഒരു അന്യ ദൈവവിഗ്രഹം ആക്കണോ എന്നുള്ളത് നാം ചിന്തിക്കുക. വാസ്തു വിദ്യ മൂന്നാം പ്രമാണ ലംഘനമാണ്.

3) “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.” (പുറപ്പാട് 20: 7) ദൈവ നാമം വൃഥാ എടുക്കുന്നതിന് എതിരെയുള്ള കല്പനയാണിത്. ദൈവനാമം ലഘുവായി എടുക്കുവാൻ പറ്റുന്ന ഒന്നല്ല. ബഹുമാനപൂർവ്വമാണ് ദൈവത്തെ കുറിച്ച് പ്രസ്താവിക്കേണ്ടത്.

ക്രിസ്ത്യാനി തന്റെ ഭവനമോ മറ്റു കെട്ടിടങ്ങളോ പണിയേണ്ടത് "പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധ റൂഹായുടെയും നാമത്തിൽ" ആണ്. വാസ്തുവിദ്യ പ്രകാരം സ്ഥാനം നോക്കി ഘടന കണക്കാക്കി പണിയുന്ന ഓരോ കെട്ടിടവും "വാസ്തു ദേവ നാമത്തിൽ" ആകുന്നു. ഇപ്രകാരം ക്രിസ്ത്യാനി ഭവനം പണിയുന്നത് മൂന്നാം പ്രമാണ ലംഘനമാകുന്നു.

4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” പുറപ്പാട് 20: 8-11 ശബത്ത് നാളിനെ (പഴയ നിയമ സഭയിൽ ശനിയാഴ്ച്ച, ഇപ്പോൾ ആഴ്ച്ചയുടെ ഒന്നാംനാൾ ഞായറാഴ്ച) വേർതിരിച്ച് കാണണം എന്നുള്ള കല്പനയാണിത്. ദൈവത്തിന് സമർപ്പിക്കുവാനുള്ള വിശ്രമ ദിവസമാണിത്.

വാസ്തുവിദ്യ പ്രകാരം ഉള്ള ഓരോ കെട്ടിടവും വാസ്തു ദേവന്റെ വിശ്രമ സ്ഥാനം ആകുന്നു. ഇവിടെ വസിക്കുന്നവർ വാസ്തു ദേവന്റെ കൂടെ വിശ്രമം അനുഭവിക്കുന്നു എന്നാണ്  വിശ്വാസം. ഇത് നാലാം പ്രമാണ ലംഘനമാണ്.

നിർമ്മാണ പ്രവർത്തനങ്ങളിലെ ദൈവഹിതം

നമ്മുടെ ദൈവത്തിന്റെ ഹിതം അനുസരിച്ച് ആയിരിക്കണം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്തകൊണ്ടെന്നാൽ സങ്കീർത്തനങ്ങൾ 126:1ൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, "കര്‍ത്താവു ഭവനം പണിയാതിരുന്നാല്‍ അതിനെ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; കര്‍ത്താവു പട്ടണം കാക്കാതിരുന്നാല്‍ അതിന്‍റെ കാവല്‍ക്കാര്‍ വൃഥാ ജാഗരണം ചെയ്യുന്നു." ആയതു കൊണ്ടു ദൈവഹിതം നാം ആരാഞ്ഞു അറിയണം. താഴെ കൊടുക്കുന്ന വാക്യങ്ങളും അതിന്റെ അർത്ഥവും ശ്രദ്ധിക്കുക ;

1) പുറപ്പാട് 28:3 

"ഞാന്‍ ജ്ഞാനാത്മാവു കൊണ്ടു നിറച്ചിട്ടുള്ള *സമര്‍ത്ഥരോടു:* അഹറോന്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിനു അവനെ വിശുദ്ധീകരിക്കുവാനായി വസ്ത്രം ഉണ്ടാക്കണമെന്നു നീ പറയുക."

സകലർക്കും, ജാതി മത വ്യത്യാസം കൂടാതെ ജ്ഞാനം ലഭിക്കുന്നത് ദൈവത്തിൽ നിന്നും ആണ്. ഈ വാക്യത്തിൽ ജ്ഞാനം ഉള്ള തയ്യൽ തൊഴിലാളികളെ തയ്യൽ ഏൽപ്പിക്കുവാൻ ദൈവം പറയുന്നു.

2) പുറപ്പാട് 30:25

"ഇവകൊണ്ടു *തൈലക്കാരന്‍റെ അറിവുവച്ച്* വിശുദ്ധമായ അഭിഷേക തൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേക തൈലം ആയിരിക്കും."

ഇവിടെ തൈലം കൂട്ടുവാൻ തൈലക്കാരന്റെ അറിവും ഉപദേശവും ആണ് സ്വീകരിക്കുവാൻ ദൈവം കൽപ്പിക്കുന്നത് 

3) പുറപ്പാട് 31:2 -6

യഹൂദാ ഗോത്രത്തില്‍ ഹൂറിന്‍റെ മകന്‍ ഊറിയുടെ മകന്‍ ബസലേലിനെ ഞാന്‍ പേരു പറഞ്ഞു വിളിച്ചിരിക്കുന്നു. കലാസൃഷ്ടികള്‍ സങ്കല്പിച്ചു ചെയ്യുവാനും സ്വര്‍ണ്ണം, വെള്ളി, ഒട് ഇവ കൊണ്ട് പണി ചെയ്യുവാനും, രത്നം വെട്ടി പതിക്കുവാനും ദാരുശില്പങ്ങള്‍ നിര്‍മ്മിക്കുവാനും എല്ലാവിധ കരകൌശലപ്പണികള്‍ നടത്തുവാനും ഞാന്‍ അവനെ *ദിവ്യാത്മാവിനാല്‍ ജ്ഞാനവും ബുദ്ധിയും അറിവും സാമര്‍ത്ഥ്യവും കൊണ്ട് നിറച്ചിരിക്കുന്നു* അവനോടു കൂടെ ഞാന്‍ ദാന്‍ ഗോത്രത്തില്‍ അഹീസമാക്കിന്‍റെ മകന്‍ ഏലിയാബിനെ ആക്കിയിരിക്കുന്നു. *സകല ജ്ഞാനികളുടെയും ഹൃദയത്തില്‍ ഞാന്‍ ജ്ഞാനം നിറച്ചിരിക്കുന്നു;* ഞാന്‍ നിന്നോടു ആജ്ഞാപിച്ചതെല്ലാം അവര്‍ ഉണ്ടാക്കും.

ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവാൻ അതാത് മേഖലയിൽ ജ്ഞാനം ഉള്ളവരെ ആശ്രയിക്കുവാൻ ആണ് ദൈവം കല്പിക്കുന്നത്. എന്തെന്നാൽ സകല ജ്ഞാനവും ദൈവാത്മാവ് ആണ് നൽകുന്നത് എന്ന് തിരുവചനം പഠിപ്പിക്കുന്നു.

ഇതിന്റെ വെളിച്ചത്തിൽ നാം ആശ്രയിക്കേണ്ടത് കപട വാസ്തുവിദ്യാ പ്രവർത്തകരെയല്ല മറിച്ച് ശാസ്ത്രീയ അടിത്തറയുള്ള ജ്ഞാനികളായ വിദഗ്ദ്ധരെയാണ് എന്നത് ആണ് ദൈവഹിതം എന്ന് മനസിലാക്കാം.

ഉപസംഹാരം

നൂറ്റാണ്ടുകൾക്ക് മുൻപ് വാസ്തുശാസ്ത്രം തികച്ചും ഒരു ശാസ്ത്രീ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്ന് അറിയപ്പെടുന്ന വാസ്തുവിദ്യ (Popular vāstu śāstra ) ഒരു കപട ശാസ്ത്രം മാത്രമാണ്. സുറിയാനി ഓർത്തഡോൿസ്‌ വിശ്വാസം ഈ കപട ശാസ്ത്രത്തെ വേദപുസ്തക അടിസ്ഥാനത്തിൽ ബഹഷ്‌കരിക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ പെടുകയോ, അത് പ്രാക്ടീസ് ചെയ്യുകയോ, അതിന്റെ ഗുണഭോക്താവോ പ്രചാരാകനോ ആയിരിക്കുകയോ ചെയ്യുന്നത് ഒന്ന്, രണ്ടു, മൂന്നു, നാല് പ്രമാണങ്ങളുടെ നേരിട്ടുള്ള ലംഘനമാകുന്നു. അത്തരക്കാർ പച്ഛാത്താപം ഉള്ളവരായി അന്ധവിശ്വാസം വെടിഞ്ഞു ഓർത്തോദുക്സൊ (സ്തുതി ) സത്യവിശ്വാസത്തിലേക്ക് മടങ്ങി വരണം എന്നാകുന്നു സഭയുടെ കല്പ്പന. അല്ലാത്തവർ ഷുദ്രക്കാരൻ ശേമവൂനോട് കൂടി എണ്ണപ്പെടും. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യേക ദൈവത്തിന്റെ നാമത്തിൽ ആയിരിക്കണം സുറിയാനി ക്രിസ്ത്യാനികൾ കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. അത് നിർമ്മിക്കാൻ ദൈവാശ്രയവും, ജ്ഞാനമുള്ള വിദഗ്ധരുടെ  സേവനവും ആവിശ്യമാണ്. കപട വാസ്തുവിദ്യയ്ക്ക് സുറിയാനി ക്രിസ്ത്യാനികളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സ്ഥാനമില്ല. നമ്മുടെ നിർമ്മിതികൾ ദൈവത്മാവിനാൽ ശൂദ്ധീകരിക്കപ്പെടട്ടെ.

No comments