Latest Posts

കപട വാസ്തുശാസ്ത്രവും , സുറിയാനി ക്രൈസ്തവ വിശ്വാസവും ഒരു ലഘു അവലോകനം

 കപട വാസ്തുശാസ്ത്രവും , സുറിയാനി ക്രൈസ്തവ വിശ്വാസവും ഒരു ലഘു അവലോകനം

യൂഹാനോൻ റമ്പാൻ, yoohanon ramban, vasthu, കപട വാസ്തുശാസ്ത്രവും , സുറിയാനി ക്രൈസ്തവ വിശ്വാസവും ഒരു ലഘു അവലോകനം


📝ബർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറ

PART -1

ആമുഖം

ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു പരമ്പരാഗത ആർക്കിടെക്ക്ച്ചറൽ സമ്പ്രദായമാണ് വാസ്തു ശാസ്ത്രം. ഇന്ത്യയിലെ പുരാതന രേഖകളിൽ ക്ലാസ്സിക്കൽ വാസ്തു പ്രകാരം ഉള്ള principles of design, layout, measurements, ground preparation, space arrangement, and spatial geometry തുടങ്ങിയവയുടെ വിവരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ വാസ്തു ശാസ്ത്രം കാലക്രമേണ ജ്യോതിഷവുമായി കൂടി കലരുകയും അതിന്റെ പവിത്രതയും ശാസ്ത്രം എന്നുള്ള ഐഡന്റിറ്റിയും നഷ്ടപ്പെടുത്തുകയും ചെയ്തു. പരമ്പരാഗത ഹിന്ദു, ബുദ്ധമത വിശ്വാസങ്ങളും മറ്റും ഉൾക്കൊണ്ട ഒരു Pseudoscience മാത്രം ആയി ഇന്നത്തെ വാസ്തുവിദ്യ നിലനിൽക്കുന്നു. ക്രിസ്തീയ വേദശാസ്ത്ര വീക്ഷണത്തിൽ ആശാസ്ത്രീയവും, അന്ധവിശ്വാസ ബന്ധിതവും, അന്യദൈവാരാധനാദിഷ്ഠി തവുമായ പോപ്പുലർ വാസ്തുവിദ്യക്കു അല്പ്പം പോലും സ്ഥാനമില്ല. അത്തരം പ്രാക്ടീസുകൾ പൂർണ്ണമായും സഭ വിലക്കുകയും, അവയെ പാപങ്ങളുടെ പട്ടികയിൽ (ആദ്യ നാല് കൽപ്പനകളുടെ ലംഘനം) ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു.

വാസ്തുവിദ്യ ഒരു കപടശാസ്ത്രം

കപടശാസ്ത്രം (Pseudoscience)പലപ്പോഴും പരസ്പരവിരുദ്ധമോ അതിശയോക്തിപരമോ അയോഗ്യമോ ആയ അവകാശവാദങ്ങൾ ആണ് മുന്നോട്ടു വയ്ക്കുന്നത്. പോപ്പുലർ വാസ്തുവിദ്യ തെറ്റിനെ നിരാകരിക്കാനുള്ള  ശ്രമങ്ങളെക്കാൾ കൂടുതലായി വ്യാജത്തെ  ആശ്രയിക്കുന്നു. മറ്റ് ശാസ്ത്രീയ വിദഗ്ധരുടെ വിലയിരുത്തലിനോടുള്ള എതിർ മനോഭാവം; ഹൈപ്പോതിസീസ് വികസിപ്പിക്കുമ്പോൾ ഉണ്ടാകേണ്ട ചിട്ടയായ പ്രവർത്തനങ്ങളുടെ അഭാവം; വാസ്തു സിദ്ധാന്തങ്ങൾ പരീക്ഷണാത്മകമായി പരാജയപ്പെട്ടു വളരെക്കാലം കഴിഞ്ഞിട്ടും തുടർന്നും അതിന്റെ അശാസ്‌ത്രീയ ആശയം മുറുകെ പിടിക്കൽ  എന്നിവയെല്ലാം ഈ കപടശാസ്ത്രത്തെ പ്രാക്ടീസ് ചെയ്യുന്നവരുടെ മുഖമുദ്രയാണ്.

നിർമ്മിതികളെ പ്രകൃതിയുമായി സമന്വയിപ്പിക്കുന്ന നിർമ്മാണ ആശയങ്ങൾ, കെട്ടിടഘടനയുടെ വിവിധ ഭാഗങ്ങളുടെ ആപേക്ഷിക പ്രവർത്തനങ്ങൾ (relative functions), ജ്യാമിതീയ പാറ്റേണുകൾ (Geometric patterns ), സമമിതി(Symmetry ), ദിശാസൂചന വിന്യാസങ്ങൾ (directional alignments)തുടങ്ങിയ വീക്ഷണങ്ങൾ ഉപയോഗിച്ചുള്ള യഥാർത്ഥ പുരാതന വാസ്തു വിദ്യ തികച്ചും ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉള്ളത് ആയിരുന്നു. അത്തരം ക്ലാസ്സിക്കൽ വാസ്തുശാസ്ത്രം ഇന്ത്യൻ   വാസ്തു നിർമ്മാണ മേഖലയിൽ കനത്ത സംഭാവനകളും നൽകിയിട്ടുണ്ട്.  ജ്യോതിശാസ്ത്രവുമായുള്ള അതിന്റെ ആരോഗ്യകരമായ ബന്ധം മൂലം അന്നത്തെ നിർമ്മാണങ്ങൾ എല്ലാം പ്രകൃതിയുമായുള്ള സംതുലനാവസ്‌ഥ നിലനിർത്തുന്നതിൽ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കാലക്രമേണ ജ്യോതിശാസ്ത്രത്തെ ജ്യോതിഷമെന്ന കപടശാസ്ത്രം പിടികൂടുകയും അതിന്റെ പരിണിതഫലമായി വാസ്തുവിദ്യ ആശാസ്‌ത്രീയ വിശ്വാസങ്ങളിലേക്കു മുങ്ങി താഴുകയും ചെയ്തു.

വാസ്തു ശാസ്ത്രവും, സഭാ വീക്ഷണവും

അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഭൂമിശാസ്ത്രപരമായ വിസ്തൃതി പുരാതന റോമാ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളും, പേർഷ്യൻ സാമ്രാജ്യവും ഇന്ത്യയും ചൈനയും വരേ പടർന്നു കിടന്നിരുന്നു. പേർഷ്യൻ സാമ്രാജ്യത്തിലെ അന്ത്യോക്യൻ സുറിയാനി സഭയുടെ പാരമ്പര്യങ്ങൾ കിഴക്കൻ പാരമ്പര്യങ്ങൾ എന്ന് അറിയപ്പെട്ടിരുന്നു. റോമാ സാമ്രാജ്യത്തിൽ പെട്ട സഭയുടെ പാരമ്പര്യങ്ങൾ പടിഞ്ഞാറൻ പാരമ്പര്യങ്ങൾ എന്നും അറിയപ്പെട്ടു. കിഴക്കൻ മേഖല ജ്യോതിശാസ്ത്രജ്ഞരുടെ ഈറ്റില്ലമായിരുന്നു. തന്മൂലം പൌരസ്ത്യ അന്ത്യോക്യൻ സുറിയാനി സഭയിലെ ദയറകളിലും മറ്റും ജീവിച്ചിരുന്ന താപസ പണ്ഡിത ശ്രേഷ്ഠർ പലരും ജ്യോതിശാസ്ത്രത്തിൽ നിപുണരും അതിന്റെ മേഖലയിൽ ഗ്രന്ഥരചനകളും കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളവരും ആയിരുന്നു. സ്വഭാവികമായി ഇവർക്ക് ക്ലാസ്സിക്കൽ വാസ്തു ശാസ്ത്രം പരിചിതമായിരുന്നു. തന്മൂലം ഇവരുടെ മേൽനോട്ടത്തിൽ ധാരാളം നിർമ്മിതികൾ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അന്ത്യോക്യ പാത്രിയർക്കീസ്സിന്റെ കല്പ്പന പ്രകാരം ഇന്ത്യയിലേക്ക് വന്നിട്ടുള്ള മിഷണറി പിതാക്കന്മാരിൽ കൂടുതൽ പേരും കിഴക്കൻ പാരമ്പര്യം ഉൾക്കൊണ്ടവരായിരുന്നു. അവരിൽ പലരും ജ്യോതിശാസ്ത്രത്തിലും, വാസ്തു ശാസ്ത്രത്തിലും മിടുക്കർ ആയിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ കൊല്ലത്തു വന്നിറങ്ങിയ രണ്ടാം സുറിയാനി കുടിയേറ്റക്കാരുടെ നേതൃത്വം കൊടുത്തിരുന്ന മോർ സാബോർ, മോർ അപ്രോത്തു പിതാക്കൻമാർ ആയിരുന്നു മലങ്കരയിൽ സ്വന്തം ആയൊരു പഞ്ചാംഗം നിർമ്മിച്ചത്. കൊല്ലം രാജാവിന് നിർമ്മിച്ച് നൽകിയതിനാൽ അത് ഇപ്പോഴും 'കൊല്ലവർഷം' എന്ന് അറിയപ്പെടുന്നു. ഈ പിതാക്കന്മാരുടെ കാലത്ത് ആണ് മലങ്കര സഭയിൽ ഏറ്റവും കൂടുതൽ പുരാതന ക്രിസ്തീയ ദേവാലയങ്ങൾ പണി കഴിപ്പിച്ചിട്ടുള്ളത്. അവയിൽ എല്ലാം യഥാർത്ഥ വാസ്തു വിദ്യയുടെ സ്വാധീനം ഇന്നും നമുക്ക് ദർശിക്കുവാൻ കഴിയും. എന്നാൽ ഇതേ പിതാക്കന്മാർ തന്നെയായിരുന്നു സഭാ മക്കൾ ജ്യോതിഷത്തിന്റെ പാപക്കെണിയിൽ വീണു പോകാതിരിക്കുവാൻ പ്രബോധനം നൽകിയതും സത്യമാർഗ്ഗം കാണിച്ചു തന്നതും. അതുകൊണ്ട് തന്നെ സഭ ഇന്നും കപട വാസ്തു ശാസ്ത്രത്തെ പടിക്കു പുറത്ത് നിർത്തിക്കൊണ്ട് തികച്ചും ശാസ്ത്രീയമായ ആധുനിക കെട്ടിടനിർമ്മാണ ശാസ്ത്രത്തെ മാത്രം ദേവാലയ നിർമ്മാണങ്ങൾക്കായി ആശ്രയിക്കുന്നു.

No comments