Latest Posts

 *കൂടാരപ്പെരുന്നാൾ*


[സ്വിസ്സർലാൻഡ്ലെ സുറിയാനി സഭയുടെ   മോർ ഔഗേൻ ദയറയിലെ അംഗവും എന്റെ സുഹൃത്തുമായ *ഗബ്രിയേൽ റമ്പാന്റെ കൂടാരപെരുന്നാളിനേ പറ്റിയുള്ള സന്ദേശം* ആസ്പദമാക്കി തയ്യാറാക്കിയത്.]


(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറ) 


▪ സുറിയാനി പാരമ്പര്യത്തിൽ വളരെ പ്രാധാന്യം ഉള്ള ഒരു പെരുന്നാൾ ആണിത്. 


▪സുറിയാനി  വേദശാസ്ത്രത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒരു വിഷയം ആണ് ക്രിസ്തുവിന്റെ രൂപമാറ്റം /മറുരൂപം. 


▪മനുഷ്യപ്രകൃതം ദൈവപ്രകൃതത്തെ നേരിട്ട് ദർശിക്കുന്ന ഒരു സംഭവം. 

അഥവാ താൽക്കാലികമായവ നിത്യമായതിനെ നേരിട്ട്  ദർശിക്കുന്ന സംഭവം. 


▪സ്വർഗവും ഭൂമിയും തമ്മിലുള്ള ബന്ധം അഥവാ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മിശിഹാ തമ്പുരാൻ വഴി ദൃഢമായി ഉറപ്പിക്കുന്നു. 


▪സാരാംശത്തിൽ പിതാവിനോടും പരിശുദ്ധ റൂഹായോടും  സമത്വമുള്ള യേശു മിശിഹായുടെ  ക്നൂമായുടെ വെളിപ്പെടുത്തൽ ശിക്ഷ്യന്മാരുടെ മുൻപാകെ   ഉണ്ടാകുന്നു. 


▪  ഇവൻ എന്റെ പ്രിയപുത്രൻ എന്നുള്ള വെളിപ്പെടുത്തൽ കർത്താവിന്റെ മാമോദിസ യിൽ സംഭവിച്ചതു കുറച്ചു കൂടെ വ്യക്തമായ വിധത്തിൽ പിതാവ് മനുഷ്യർക്ക് പഠിപ്പിക്കുന്നു. 


"നിങ്ങൾ ഇവനെ അനുസരിപ്പിൻ" എന്നുള്ള പ്രത്യേക ഉപദേശം ആണ് 'ഇവനെന്റെ പ്രിയപുത്രൻ' എന്നതിനൊപ്പം ഇവിടെ കൂടുതൽ ആയി പിതാവ് മനുഷ്യരോട് ആവിശ്യപ്പെടുന്നത്. 


▪നിര്യാതനായ മോശയുടെയും ജീവനോടെ എടുക്കപ്പെട്ട ഏലീയാവിന്റെയും സാന്നിധ്യത്തിൽ ഉള്ള പ്രഖ്യാപനം മുഖാന്തിരം ജീവിച്ചിരിക്കുന്നവർക്കും വാങ്ങിപ്പോയവർക്കും ബാധകമായ പിതാവിന്റെ അരുളപ്പാടു. 


▪വി. ഐറെനിയോസ് (രണ്ടാം നൂറ്റാണ്ടു ) ക്രിസ്തുവിന്റെ മറുരൂപത്തെ പറ്റിയുള്ള പഠിപ്പിക്കലിൽ കൂടി ക്രിസ്ത്യൻ ജീവിതത്തിലൂടെ മനുഷ്യൻ  പ്രകടിപ്പിക്കേണ്ട സാക്ഷ്യം എന്ത് എന്ന് പറയുന്നു, "ദൈവത്തിന്റെ മഹത്വം ഒരു ജീവനുള്ള മനുഷ്യൻ ആകുന്നു,  യഥാർത്ഥ മനുഷ്യജീവിതം ദൈവത്തിന്റെ ദർശനം ആകുന്നു."


▪വി. ഐറെനിയോസ് പഠിപ്പിക്കുന്നതിതാണ് ജീവനുള്ള മനുഷ്യൻ ദൈവത്തെ സാക്ഷ്യപ്പെടുത്തുന്നത് തന്റെ ജീവിതത്തിൽ കൂടിയാണ്. 


▪സഭാ പിതാവായിരുന്ന ഒറിഗൺ പറയുന്നത് കർത്താവിന്റെ  മറുരൂപം എന്നത് ഉയിർപ്പിന്റെ ആദ്യരൂപം ആകുന്നു എന്നാണ്. 


▪പുരാതന സഭയിലെ ഇക്കോണോഗ്രാഫിയിൽ  ഉയിർപ്പിന്റെ ഐക്കോൺ രൂപപ്പെട്ടത് മറുരൂപ സംഭവത്തിൽ അടിസ്ഥാനമാക്കിയാണ്. 


▪ മോശ ബാർ കേഫാ (ഒൻപതാം നൂറ്റാണ്ട് )


എന്ത് കാരണം കൊണ്ടാണ് താബോർ മലയിൽ വച്ച് മിശിഹാ തമ്പുരാൻ തന്റെ യഥാർത്ഥത്ത രൂപം വെളിപ്പെടുത്തുവാനുണ്ടായ സാഹചര്യം? കർത്താവിന്റെ പീഡാനുഭവവും, മരണവും  അടുത്തിരിക്കുന്നതിനാൽ തന്റെ ശിക്ഷ്യന്മാർ തന്നെ മനസ്സിലാക്കുവാൻ വേണ്ടി സ്വയം വെളിപ്പെടുത്തി. ഈ  ലോകം നന്മകളിൽ നിന്നും അകലെയാണ് ഇതിന് വേണ്ടിയല്ല വരുവാനുള്ള ലോകത്തിനു വേണ്ടിയാണ് മനുഷ്യൻ പ്രവർത്തിക്കേണ്ടത് എന്നുള്ള ബോധം ശിക്ഷ്യൻമാർക്ക് ഉണ്ടാകേണ്ടിയിരുന്നു. 


▪എന്ത് കൊണ്ടാണ് പത്രോസിനെയും, യാക്കോബിനെയും യോഹന്നാനെയും മാത്രം കൊണ്ടുപോയത്? 

ബാർ കീപ്പ പറയുന്നു, പത്രോസ് ആകുന്നു ശ്ശ്ളീഹാന്മാരുടെ തലവൻ, അതുപോലെ ശിക്ഷ്യന്മാരിൽ ഏറ്റവും കൂടുതൽ ആയി കർത്താവിനെ അധികം സ്നേഹിച്ചതും പത്രോസ് ആകുന്നു.യോഹന്നാൻ ആണ് കർത്താവിനാൽ ഏറ്റവും അധികം സ്നേഹിക്കപ്പെട്ട ശ്ശ്ളീഹാ. യാക്കോബ് ഒരിക്കൽ കർത്താവിനോടു നീ കുടിക്കുന്ന കാസ്സ ഞാൻ കുടിക്കാൻ തയ്യാർ ആണെന്ന് പറയുന്നുണ്ട്, 

അതുകൊണ്ട് ആണ് ഈ മൂന്നു പേരെ കർത്താവ് മലയിലേക്കു കൂട്ടിക്കൊണ്ട് പോയത്. 


▪മൂന്നു എന്ന സംഖ്യ വരുവാൻ കാരണം പഴയനിയമ സാഹചര്യം ആണ്, രണ്ടോ മൂന്നോ പേരുടെ സാക്ഷ്യത്തിൽ ഒരു കാര്യം അംഗീകരിക്കപ്പെട്ടിരുന്നതിനാൽ ആണ്. 


▪മറുരൂപദർശനത്തിനു തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ഉള്ള ക്രിസ്തുവിന്റെ ചോദ്യങ്ങൾക്ക് ശിക്ഷ്യരുടെ മറുപടി കൂടി കണക്കിലെടുക്കുമ്പോൾ മോശയുടെയും ഏലിയാ പ്രവാചകന്റെയും സാമീപ്യത്തിൽ ഉള്ള മറുരൂപത്തിനു കൂടുതൽ പ്രസക്തി ഉളവാകുന്നു. 


മർക്കൊസ്

8:27  യേശുവും തന്‍റെ ശിഷ്യന്മാരും പീലിപ്പോസിന്‍റെ കൈസറിയായിലെ ഗ്രാമങ്ങളിലേക്ക് പുറപ്പെട്ടു. വഴിയില്‍ വച്ച് താന്‍ തന്‍റെ ശിഷ്യരോട് ഞാന്‍ ആരാകുന്നു എന്നാണ് മനുഷ്യര്‍ എന്നെക്കുറിച്ച് പറയുന്നത്?എന്നു ചോദിച്ചു.

8:28  അവര്‍ തന്നോട്, അങ്ങ് യോഹന്നാന്‍ സ്നാപകനാണ് എന്നു ചിലരും, ഏലിയാ എന്ന് മറ്റുചിലരും, പ്രവാചകന്മാരില്‍ ഒരുവന്‍ എന്ന് വേറെ ചിലരും പറയുന്നുണ്ട് എന്ന് പറഞ്ഞു.


കർത്താവ് ആണ് ഏലിയാവ് എന്നുള്ള ചിലരുടെ വിചാരം തെറ്റാണു എന്നുള്ളത് ഏലീയാവിന്റെ  സാമീപ്യത്തിൽ കൂടി  വെളിപ്പെടുത്തുന്നു. 


▪യഹൂദന്മാർ എല്ലാം പറയുന്നത് മോശയുടെ ന്യായപ്രമാണം അടിസ്ഥാനമാക്കി ആണല്ലോ, താബോറിൽ മോശ കർത്താവിനെ വണങ്ങുമ്പോൾ കർത്താവ് ഇതുവരെയും പഠിപ്പിച്ചത് പ്രവർത്തിച്ചത് പൂർണ്ണമായും ശരിയായിരുന്നു എന്നുള്ള ബോധ്യം ശ്ശ്ളീഹന്മാർക്കുണ്ടാകുന്നു. 


താൻ ആരാണ് എന്നുള്ള യഥാർത്ഥ ബോധ്യം ശിക്ഷ്യന്മാർക്കു ഉണ്ടാകുവാൻ മറുരൂപം സഹായിച്ചു. 


▪മൂന്നു കൂടാരങ്ങൾ പണിയാം എന്ന് പത്രോസ് പറയുന്നതിന്റെ കാരണം കൂടാരപെരുന്നാൾ  പെംകീസ്സ നമസ്കാരത്തിന്റെ പ്രഭാതത്തിലെ കൊലോകളിൽ പറയുന്നുണ്ട്, അതിപ്രകാരം ആണ്, 


മോശയും ഏലിയായും കർത്താവിനോടു ആദമിന്റെ പാപത്തിനു പകരമായി മനുഷ്യകുലത്തിനു വേണ്ടി പീഡയും മരണവും  ഏൽക്കുവാൻ പോകുന്നതിന് നന്ദി പറയുന്നു. 


ഇത് കേൾക്കുന്ന പത്രോസ് ഭയപ്പെടുകയും കർത്താവിനു യെരുശലേമിൽ പോയാൽ അപകടം സംഭവിക്കുന്നതിനാൽ ഇവിടെ താമസിക്കുന്നതിന്  ഉള്ള ക്രമീകരണം ചെയ്യാം എന്ന് പറയുന്നു.  


▪ഇതേ പെംകീസ്സ നമസ്കാരത്തിൽ പറയുന്നു,  മോശയുടെ സ്ഥാനവും അധികാരവും  (സഭയുടെ കാര്യവിചാരകൻ) കർത്താവിന്റെ ഈ  മഹത്വ പ്രത്യക്ഷതയിൽ മോശ്ശ പത്രോസിന് ഭരമേല്പിക്കുന്നു. 


ഏലിയാ അനീതിക്കെതിരെ പ്രതികരിക്കുന്ന വ്യക്തി ആണ്. അത് അവന്റെ സന്യാസത്തിന്റെ ഫലം ആണ്. ഈ സന്യാസ നീതിബോധം  ഏലീയാവിൽ നിന്നും യോഹന്നാൻ സ്വീകരിക്കുന്നു.

No comments