*ദൈവത്തിന്റെ മനുഷ്യനുള്ള സ്വഭാവഗുണങ്ങൾ (1 തിമോത്തി 6: 11-16*
(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)
*PART - 3*
*C) ദൈവത്തിന്റെ മനുഷ്യൻ വിശ്വാസത്തിനായി പോരാടുന്നു*
" വിശ്വാസത്തിന്‍റെ നല്ല യുദ്ധം ചെയ്യുക. നിത്യജീവനെ പിടിച്ചുകൊള്ളുക. അതിനായിട്ടല്ലോ, നീ വിളിക്കപ്പെട്ടത്." (1 തിമൊഥെയൊസ് 6:12 )
“വിശ്വാസത്തിന്റെ നല്ല യുദ്ധം ചെയ്യുക” എന്ന് പൗലോസ് ശ്ളീഹാ പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്?
“വിശ്വാസത്തിനായി നന്നായി മത്സരിക്കുക” എന്നും “വിശ്വാസത്തിന്റെ നല്ല പോരാട്ടം പോരാടുക” എന്നും ഇതിനെ വിവർത്തനം ചെയ്യാനാകും. ദൈവപുരുഷൻ ഓടിപ്പോകുന്നതിനും, പിന്തുടരുന്നതിനും മാത്രമല്ല, അവൻ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്നും ഉള്ളതിനാൽ കൂടിയാണ് അവൻ അറിയപ്പെടുന്നത്. “വിശ്വാസത്തിന്റെ നല്ല പോരാട്ടം പോരാടുക” എന്ന് പൗലോസ് പറയുമ്പോൾ അവൻ എന്താണ് സൂചിപ്പിക്കുന്നത്?
തിമോത്തിയോസിനെഴുതിയ ലേഖനത്തിന്റെ ഉദ്ദേശങ്ങളിൽ ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല വിശ്വാസത്തിന്റെ ഉപദേശങ്ങളെ കൂടിയാണ് സൂചിപ്പിക്കുന്നത്. യുദ്ധം എന്നത് വേദനിപ്പിക്കുന്ന ഒരു പദമാണ്, അത് അത്ലറ്റുകൾ, സൈനികർ മുതലായവർക്ക് ബാധകമാണ്. ഗ്രീക്കിൽ ഒരു ചൊല്ലുണ്ട് അതിന്റെ ആക്ഷരീക വിവർത്തനം ഇങ്ങനെ പറയുന്നു, “നല്ല വേദനയെ വേദനിപ്പിക്കുക." എന്ന്. ഒരു വ്യക്തി ബുദ്ധിമുട്ടുന്നതും സമ്മാനം നേടുന്നതിനോ യുദ്ധത്തിൽ വിജയിക്കുന്നതിനോ പരമാവധി ശ്രമിക്കുന്നതിനെ ആണ് ഇത് വിവരിക്കുന്നത്. യുദ്ധം എന്നാൽ അക്ഷരാർത്ഥത്തിൽ അർത്ഥമാക്കുന്നത്, ക്രിസ്തുവിനു വേണ്ടിയുള്ള ആത്മയുദ്ധം തുടരുക എന്നാണ്.
ഒരു യുദ്ധത്തിന്റെ ഭാഗമായി വേദനയോ ഞെരുക്കങ്ങളോ എല്ലായ്പ്പോഴും ഉണ്ട്; എന്നിരുന്നാലും, ഈ പോരാട്ടം “നല്ലതാണ്” കാരണം നമ്മൾ നിത്യജീവൻ നേടുവാനാണ് പോരാടുന്നത്. ഈ പോരാട്ടമില്ലാതെ വന്നാൽ മനുഷ്യർക്ക് അവരുടെ ആത്മാക്കൾ നഷ്ടപ്പെടും. പോരാട്ടം ഇല്ലാതെ വന്നാൽ ക്രിസ്ത്യാനികളുടെ ശത്രു അവരെ ദൈവിക നന്മകളിൽ നിന്നും ഏറ്റവും വഴിതെറ്റിക്കും, പോരാട്ടകുറവിൽ താൽക്കാലികമായിപ്പോലും സാത്താൻ വിജയം നേടും. സാത്താൻ എപ്പോഴും തിരുവചനസത്യങ്ങളെ ആക്രമിക്കുന്നു. അവൻ വിശ്വാസികളുടെ മനസ്സിൽ നുണകൾ നട്ടുപിടിപ്പിക്കുന്നു. ശത്രു നമ്മുടെ പോരാട്ടത്തിൽ നമ്മെ വിശ്രമിക്കുവാൻ പ്രേരിപ്പിക്കുന്നത് അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അവൻ മനസ്സിലാക്കുന്നതിനാലാണ്, അതിനാൽ നാം വിശ്വസിക്കുന്നതിനെ വളച്ചൊടിക്കാനോ കളങ്കപ്പെടുത്താനോ അവനു കഴിയുമെങ്കിൽ നമ്മുടെ പോരാട്ടം പാഴാകുകയും അത് നഷ്ടത്തിലേക്കോ നാശത്തിലേക്കോ നമ്മെ നയിക്കുകയും ചെയ്യും.
ഇക്കാരണത്താൽ, തന്നെപ്പോലെ തന്റെ ശിക്ഷ്യൻ കൂടിയായ തിമൊഥെയൊസും സത്യത്തിനുവേണ്ടി കാവൽ നിൽക്കണം എന്ന് പൗലോസ് അറിയിക്കുന്നു. 1 തിമൊഥെയൊസിൽ, പൗലോസ് തന്റെ മിക്ക കത്തുകളിലും പറയുന്നതുപോലെ, തെറ്റായ പഠിപ്പിക്കലിനെ ചെറുക്കുന്നതിനായി വിശ്വാസോപദേശങ്ങൾ നൽകുന്നു. വിശ്വാസത്തിനായി
പോരാടുന്ന വിശ്വാസികളുടെ പ്രാധാന്യത്തെ ഇനിപ്പറയുന്ന വാക്യങ്ങൾ പിന്തുണയ്ക്കുന്നു: "എന്‍റെ വത്സലരേ, നമ്മുടെ പൊതുവായ രക്ഷയെക്കുറിച്ച് നിങ്ങള്‍ക്കെഴുതുവാന്‍ ഞാന്‍ സര്‍വ വിധത്തിലും ഉത്സാഹിക്കുന്നു. വിശുദ്ധന്മാര്‍ക്ക് ഒരിക്കലായി ഭരമേല്‍പ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസത്തിനു വേണ്ടി നിങ്ങള്‍ പോരാട്ടം നടത്തണമെന്ന് അപേക്ഷിച്ചു കൊണ്ട് നിങ്ങള്‍ക്ക് എഴുതേണ്ടത് അത്യാവശ്യം എന്ന് എനിക്ക് തോന്നി." (യൂദാ 1:3)
വിശ്വാസത്തിനായുള്ള പോരാട്ടത്തെക്കുറിച്ചുള്ള സുവിശേഷകൻ സ്റ്റീവ് കോളിന്റെ അഭിപ്രായങ്ങൾ സഹായകരമാണ്: "ക്രൈസ്തവ സഭയുടെ ചരിത്രം, ആവർത്തിച്ചുള്ള യുദ്ധങ്ങൾ ഉൾക്കൊള്ളുന്നു. സഭയിൽ ശത്രു വിനാശകരമായ വേദവിപരീതങ്ങളെ അവതരിപ്പിക്കുന്നു, ആ വേദവിപരീതങ്ങൾക്കെതിരായ പോരാട്ടത്തിലൂടെ സഭ അതിനെ അഭിമുഖീകരിക്കുന്നു, പോരാട്ടം സത്യം വ്യക്തമാക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. വിശുദ്ധ സഭയിൽ വ്യാപിച്ച അഴിമതിയെയും തെറ്റായ ഉപദേശങ്ങളെയും ചെറുക്കുന്നതിന് തിരുവെഴുത്തുകളുടെ മഹത്തായ സത്യങ്ങൾ മുഖാന്തിരം പോരാട്ടം നടത്തിയത് ദൈവഭക്തരായ മനുഷ്യരായിരുന്നു."
കൂടാതെ, ജെ. ഗ്രെഷാമിനെ ഉദ്ധരിച്ചുകൊണ്ട് സ്റ്റീവ് കോൾ, ദൈവത്തിന്റെ വിശുദ്ധൻന്മാരിൽ പലരെയും ചരിത്രത്തിലുടനീളമുള്ള അവരുടെ പോരാട്ടങ്ങളെയും വിവരിക്കുന്നു. " തെർത്തുല്യൻ മാർക്കിയനുമായി യുദ്ധം ചെയ്തു; അത്തനാസിയസ് അറിയൂസിനോട് യുദ്ധം ചെയ്തു; അഗസ്റ്റിൻ പെലാജിയസുമായി യുദ്ധം ചെയ്തു" ; അവൻ [ജെ. ഗ്രെഷാം മക്കൻ] ശരിയായി ഉപസംഹരിക്കുന്നു, “യേശുക്രിസ്തുവിന്റെ യഥാർത്ഥ പട്ടാളക്കാരനാകുന്നവൻ യുദ്ധം ചെയ്യാതിരിക്കുക അസാധ്യമാണ്. സ്ഥിരോത്സാഹത്തിന് നാം ലൗകികതയിൽ നിന്ന് ഓടിപ്പോകണം; ദൈവഭക്തി പിന്തുടരുക; വിശ്വാസത്തിന്റെ നല്ല പോരാട്ടം പോരാടുക."
സാത്താന്റെ വഞ്ചനയും കണക്കിലെടുക്കുമ്പോൾ,പോരാട്ടം, വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങളുടെ സംരക്ഷണത്തിനു മാത്രമല്ല സഭാജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇത് അവശ്യമാണ്. മറ്റുള്ളവരെ ഉപദേശിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യുമ്പോൾ ഒരു വിശ്വാസി, ആ വ്യക്തി വിശ്വസിക്കുന്ന നുണകൾ തിരിച്ചറിയുകയും ദൈവവചനത്തിലെ സത്യം അയാൾക്ക് മനസ്സിലാക്കികൊടുക്കുകയും വേണം. 2 കൊരിന്ത്യർ 10: 4-5 പറയുന്നു: "ഞങ്ങളുടെ ജോലിയുടെ ആയുധം ജഡത്തിന്‍റേതല്ല; പിന്നെയോ, ദൈവത്തിന്‍റെ ശക്തിയുടേതാണ്. അതിനാല്‍ ഞങ്ങള്‍ ബലമേറിയ കോട്ടകള്‍ കീഴടക്കുന്നു. ദൈവജ്ഞാനത്തിന് എതിരായി ഉയരുന്ന എല്ലാ ഉയര്‍ച്ചയേയും ഞങ്ങള്‍ ഇടിച്ചു കളയുന്നു. മ്ശീഹായെ അനുസരിപ്പാന്‍ തക്കവണ്ണം സര്‍വബോധങ്ങളെയും ഞങ്ങള്‍ കീഴ്പെടുത്തുന്നു."
യുദ്ധം ബുദ്ധിമുട്ടുള്ളതും അഭികാമ്യമല്ലാത്തതുമാണെങ്കിലും, പൗലോസിനെപ്പോലെ വിശ്വസ്തരായിരിക്കാൻ നാം പ്രത്യാശിക്കണം. തന്റെ ജീവിതാവസാനം അദ്ദേഹം പ്രഖ്യാപിച്ചു: “ ഞാന്‍ നല്ല പോരുപൊരുതി, എന്‍റെ ഓട്ടം തികച്ചു; എന്‍റെ വിശ്വാസം ഞാന്‍ സംരക്ഷിച്ചു. ” (2 തിമോ 4: 7)
വിശ്വാസത്തിന്റെ നല്ല പോരാട്ടം പോരാടാൻ നിങ്ങൾ തയ്യാറാണോ? സഭയിൽ ഇന്ന് നടക്കുന്ന “വിശ്വാസത്തിനെതിരായ” പ്രധാന ആക്രമണങ്ങൾ ഏവ? വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടം പ്രായോഗികമായി എങ്ങനെ കാണപ്പെടുന്നു?
ചർച്ച് ബില്ല് പാസ്സാക്കുവാനായുള്ള സമരം യഥാർത്ഥത്തിൽ സാത്താനെതിരെയുള്ള ഒരു പോരാട്ടം ആയി നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ചിന്തിക്കുക, ധ്യാനിക്കുക.
*D) ദൈവത്തിന്റെ മനുഷ്യൻ നിത്യജീവനെ പിടിക്കുന്നു.*
" നിത്യജീവനെ പിടിച്ചുകൊള്ളുക. അതിനായിട്ടല്ലോ, നീ വിളിക്കപ്പെട്ടത്." (1 തിമൊഥെയൊസ് 6:12)
"നിത്യജീവനെ മുറുകെ പിടിക്കുക” എന്ന് പൗലോസ് പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചത്?
തിമൊഥെയൊസിനെ പ്രചോദിപ്പിക്കാൻ ശ്രമിക്കുന്നതിനു പൗലോസ് നൽകിയ അവസാന കൽപ്പന “നിത്യജീവനെ മുറുകെ പിടിക്കുക” എന്നതാണ്. ഇതിനർത്ഥം എന്താണ്? തിമോത്തി ഇതിനകം രക്ഷ പ്രാപിച്ചിട്ടില്ലേ? അതെ, തിമൊഥെയൊസ് തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ക്രിസ്തുവിനെ കർത്താവായി അനുഗമിക്കുകയും ചെയ്തപ്പോൾ രക്ഷ സംഭവിച്ചു (റോമ 8:29). അവന്റെ നല്ല പോരാട്ടം അദ്ദേഹത്തിന്റെ തുടർന്നുള്ള വിശ്വാസത്തിന്റെ തീഷ്ണതയെ സൂചിപ്പിക്കുന്നു. എന്നാൽ “ആ നിത്യജീവനെ മുറുകെ പിടിക്കുക” എന്ന 'വിളി' കൊണ്ട് പൗലോസ് എന്താണ് അർത്ഥമാക്കുന്നത്?പൗലോസ് ഇവിടെ പരാമർശിക്കുന്ന “നിത്യജീവനിലേക്കുള്ള വിളി” രക്ഷയിലേക്കുള്ള പോരാട്ടത്തിന്റെ ഫലപ്രദമായ പൂർത്തീകരണമാണ്.
ചില സമയങ്ങളിൽ, നിത്യജീവൻ എന്നത് ഭാവിയിൽ സംഭവിക്കുവാനുള്ള ഒന്നായിട്ടും, മറ്റു ചിലപ്പോൾ വർത്തമാനകാല യാഥാർത്ഥ്യമായും തിരുവെഴുത്തുകളിൽ പരാമർശിക്കുന്നു. പിതാവിനെയും പുത്രനെയും അറിയുന്നതാണ് നിത്യജീവൻ എന്ന് യേശു പറയുന്നത് യോഹന്നാൻ 17:3 ൽ നാം കാണുന്നു; "അങ്ങ് മാത്രമാണ് സത്യദൈവമെന്നും, നീ അയച്ചവനാണ് യേശുമ്ശീഹാ എന്നും അറിയുന്നതാണല്ലോ നിത്യജീവന്‍." ഈ യാഥാർത്ഥ്യമാണ് നാം അന്വേഷിച്ച് ജീവിക്കേണ്ടത്. ശ്ശ്ളീഹാ, നിത്യജീവൻ നേടുവാൻ തിമൊഥെയൊസിനോട് കൽപ്പിക്കുന്നത്, ഈ വർത്തമാനകാല യാഥാർഥ്യം പങ്കുവച്ചും കൊണ്ടാണ്.
ഈ നിത്യജീവന്റെ എല്ലാ വശങ്ങളും നാം ശക്തിയോടെ പിടിച്ചെടുക്കുകയും, പിന്തുടരുകയും വേണം. പ്രാർത്ഥന, ദൈവവചന ധ്യാനത്തിനുള്ള സമയം, വിശുദ്ധരുമായുള്ള കൂട്ടായ്മ, അനുതാപത്തോടെയുള്ള
വി. കുമ്പസാരം, സമർപ്പണത്തോടുള്ള വി. കുർബാനാനുഭവം തുടങ്ങിയ ആത്മീയ നടപടികളിലൂടെയാണ് നാം ഇവ പിന്തുടരേണ്ടത്. ഉത്കണ്ഠയ്ക്കും വേവലാതിക്കും പകരം നാം സമാധാനം മുറുകെ പിടിക്കണം. തന്നിൽ മനസ്സു വച്ചിരിക്കുന്നവരെ ദൈവം പൂർണ്ണ സമാധാനത്തിലാക്കുന്നുവെന്ന് യെശയ്യാവ് പറഞ്ഞു (ഏശ 26: 3). കർത്താവിൽ സന്തോഷിക്കാൻ കൽപിക്കപ്പെട്ടതുപോലെ നാം സന്തോഷം മുറുകെ പിടിക്കണം (ഫിലി 4: 4).
ദൈവപുരുഷൻ നിത്യജീവൻ പിടിച്ചെടുക്കുകയും അനുദിനം അതിനായി ജീവിക്കുകയും വേണം. ദൈവം നൽകിയ വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ഇതിനായി അദ്ദേഹം സ്വീകരിക്കരുത്. ഫിലിപ്പിയർ 3: 12-ൽ പൗലോസിന്റെ പിന്തുടരൽ നാം കാണുന്നു. അദ്ദേഹം പറയുന്നു, “ഞാന്‍ പ്രാപിച്ചു കഴിഞ്ഞിട്ടില്ല; പൂര്‍ണ്ണനായി കഴിഞ്ഞിട്ടുമില്ല. എന്നാലോ യേശുമ്ശീഹാ ഏതിനായി എന്നെ പിടിച്ചുവോ, അതിനെ എനിക്കു പിടിക്കാമോ എന്ന് നോക്കി ഞാന്‍ ഓടുകയാകുന്നു."
നിങ്ങൾ നിത്യജീവൻ പിടിച്ചെടുക്കുന്നുണ്ടോ? നിത്യജീവൻ നിത്യതയിലുള്ള ഒരു അവസ്ഥ മാത്രമല്ല. നാം ഇപ്പോൾ എപ്രകാരം ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ജീവിത നിലവാരമാണ്, പക്ഷേ നാം അത് അതിശക്തമായി പിടിച്ചെടുക്കണം. നാം ഇപ്പോൾ നിത്യജീവനിൽ ജീവിക്കുകയാണോ? ദൈവത്തിന്റെ മനുഷ്യൻ നിത്യജീവൻ പിടിച്ചെടുത്ത് ജീവിക്കുന്നു. ഒരു ദിവസം, ക്രിസ്തുവിന്റെ വരവിലോ അല്ലെങ്കിൽ ശാരീരികമരണത്തിലോ ആദ്യം സംഭവിക്കുന്നതെന്തുമാകട്ടെ അത് നമ്മുടെ നിത്യജീവനിലേക്കായിരിക്കണം അപ്പോൾ നാമും മഹത്വപ്പെടുത്തപ്പെടും.
നമ്മുടെ കര്‍ത്താവായ യേശുമ്ശീഹായുടെ പിതാവായ ദൈവം സ്വര്‍ഗ്ഗത്തിലെ ആത്മികമായ എല്ലാ അനുഗ്രഹങ്ങളാലും നമ്മെ മ്ശീഹാ മുഖാന്തരമായി അനുഗ്രഹിച്ചിട്ടുള്ളവനായ ദൈവം, വാഴ്ത്തപ്പെട്ടവന്‍ (എഫെ 1: 3).
നമുക്ക് ധ്യാനിക്കാം!
ഞാൻ എങ്ങനെ നിത്യജീവൻ പിടിച്ചെടുത്തു ഈ ഭൂമിയിൽ ജീവിക്കാൻ ശ്രമിക്കണം? നിത്യജീവന്റെ ഏത് വശങ്ങളാണ് പിടിച്ചെടുക്കാൻ ദൈവം എന്നെ വിളിക്കുന്നത്?
No comments