*ദൈവത്തിന്റെ മനുഷ്യനുള്ള സ്വഭാവഗുണങ്ങൾ (1 തിമോത്തി 6: 11-16*
(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)
*PART - 2*
*B) ദൈവത്തിന്റെ മനുഷ്യൻ ദൈവിക സ്വഭാവം പിന്തുടരുന്നു.*
"നീയോ ദൈവത്തിന്‍റെ മനുഷ്യാ, ഇവയില്‍ നിന്നും വിട്ടോടി പുണ്യം, നീതി, വിശ്വാസം, സ്നേഹം, സഹനശക്തി, താഴ്മ എന്നിവയുടെ പിന്നാലെ പാഞ്ഞെത്തുക."
(1 തിമൊഥെയൊസ് 6:11)
ദൈവപുരുഷൻ അറിയപ്പെടുന്നത് പാപത്തിൽ നിന്നും ഓടിപ്പോകുന്നതിലൂടെ മാത്രമല്ല, മറിച്ച്, അവൻ പിന്തുടരുന്ന ദൈവിക സ്വഭാവങ്ങളിൽക്കൂടെയും ആണ്. ദൈവപുരുഷൻ പിന്തുടരുന്ന ആറ് ദൈവിക സ്വഭാവവിശേഷങ്ങൾ; പുണ്യം, നീതി, വിശ്വാസം, സ്നേഹം, സഹനശക്തി, താഴ്മ എന്നിവ പൗലോസ് അപോസ്തോലൻ പട്ടികപ്പെടുത്തുന്നു. “പാഞ്ഞെത്തുക” എന്ന വാക്ക് ചിലപ്പോൾ “പിന്തുടരുക” എന്ന് അർത്ഥം വരുന്നുണ്ട്. ഇത് എന്തെങ്കിലും പിന്തുടരാനുള്ള ഉത്സാഹത്തെയും, ഇച്ഛയെയും സൂചിപ്പിക്കുന്നു. ദൈവിക സ്വഭാവം നമ്മിൽ ഒറ്റരാത്രികൊണ്ട് സംഭവിക്കില്ല എന്ന് ഈ ഗുണങ്ങളുടെ പ്രത്യേകതകൾ നമ്മേ ഓർമിപ്പിക്കുന്നു . ഒരു വ്യക്തി തന്റെ ജീവിതകാലം മുഴുവൻ തുടർച്ചയായി പ്രവർത്തിക്കുന്നതു മൂലം ലഭ്യമാകുന്ന ഒന്നാണ് ദൈവിക സ്വഭാവം എന്നത്.
സദൃശ്യവാക്യങ്ങൾ 24:15,16 ൽ പറയുന്നു ; "എന്തെന്നാല്‍ നീതിമാന്‍ ഏഴു പ്രാവശ്യം വീണാലും, അവന്‍ എഴുന്നേല്‍ക്കും. ദുഷ്ടന്മാര്‍, തിന്മ മൂലം മറിച്ചിടപ്പെടും." സ്ഥിരോത്സാഹം നീതിമാന്മാരുടെ അടയാളമാണ്. അവർ പാപത്തിൽ ജീവിക്കുകയില്ല; അവർ തോൽവി അംഗീകരിക്കില്ല; അവ വീഴുന്നു, പക്ഷേ അവർ വീണ്ടും എഴുന്നേൽക്കുന്നു. തങ്ങളുടെ കർത്താവായ യേശുവിനെപ്പോലെയാണ് അവർ.
നാം ദൈവിക സ്വഭാവം പിന്തുടരുകയാണോ? പൗലോസ് പട്ടികപ്പെടുത്തുന്ന ആറ് സ്വഭാവഗുണങ്ങൾ നമുക്ക് എങ്ങനെ പിന്തുടരും?
1) ക്രിസ്തു മുഖാന്തിരം ഉള്ള രക്ഷമൂലം നമ്മിൽ ലഭ്യമായ ആന്തരീക ദൈവീക നീതിയെ അല്ല ഇവിടെ നീതി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് , മറിച്ച് നാം ഉത്പാദിപ്പിക്കേണ്ടതായ ബാഹ്യമായ നീതിയെയാണ്. ദൈവം നമ്മെ രക്ഷിക്കുകയും നീതിമാന്മാരാക്കുകയും ചെയ്തതിനാൽ, വിശ്വാസികൾ നീതിയുടെ ഒരു ജീവിതരീതി പിന്തുടരണം (എഫെ 2:10). മറ്റുള്ളവരെ സേവിക്കുക, അവഗണിക്കപ്പെട്ടവരെ പരിചരിക്കുക, നഷ്ടപ്പെട്ടവരെ സുവിശേഷീകരിക്കുക, ക്രിസ്തീയ ശിക്ഷ്യത്വത്തെ പരിശീലിയ്ക്കുകയും പരിശീലിപ്പിയ്ക്കുകയും ചെയ്യുക സർവോപരി ദൈവത്തെ ആരാധിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എങ്കിലും 'നീതി' ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല. ദൈവപുരുഷൻ ഇവയെ നിരന്തരം പിന്തുടരുന്നു.
2) ദൈവഭക്തിയെ 'ദൈവ സാദൃശ്യം' അഥവാ 'പുണ്യം' എന്ന് വിവർത്തനം ചെയ്യാം. ഈ വാക്കിന് ദൈവത്തോടുള്ള ബഹുമാനം എന്നൊരു അർത്ഥവുമുണ്ട്. ഇത് ബാഹ്യമായവയ്ക്ക് പകരം ആന്തരിക ഗുണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു പുണ്യവാനായ വ്യക്തിക്ക് എല്ലാ കാര്യങ്ങളിലും ദൈവത്തെ ബഹുമാനിക്കാനും പ്രസാദിക്കാനും പ്രതിഫലിപ്പിക്കാനും ആഗ്രഹിക്കുന്ന വിധത്തിൽ ദൈവത്തെക്കുറിച്ച് ഹൃദയാന്തർഭാഗത്തുനിന്നും ഒരു വിശുദ്ധ ഭക്തി പുറപ്പെടുന്നുണ്ട്.
3) വിശ്വാസം എന്നാൽ വിശ്വസ്തത എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ദൈവപുരുഷൻ അവന്റെ പരിശ്രമങ്ങളിൽ വിശ്വാസയോഗ്യനാണ്. അവന്റെ 'ഉവ്വ്' എന്നതിനർത്ഥം ഉവ്വ് എന്നും 'ഇല്ല' എന്നതിന് ഇല്ല എന്നും തന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “വിശ്വസ്തത" എന്നതിന്റെ അർത്ഥം - ഒരുവൻ ദൈവത്തിൽ വസിക്കുകയും അവന്റെ മുഖം അന്വേഷിക്കുകയും ചെയ്യുമ്പോൾ അവൻ ദൈവത്തെ ആശ്രയിച്ചിരിക്കുന്നു ( യോഹന്നാൻ 15: 5) എന്നത് പോലെയാണ്. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ദൈവപുരുഷന് അറിയാം, അതിനാൽ അവൻ നിരന്തരം ദൈവവചനത്തിലും പ്രാർത്ഥനയിലും വസിക്കുന്നു. അവന് ദൈവത്തിൽ വലിയ വിശ്വാസമുണ്ട്. നമ്മൾ വിശ്വസ്തതയും, വിശ്വാസവും പിന്തുടരുന്നവരണോ?
4) “അഗാപെ” എന്ന ഗ്രീക്ക് പദമാണ് സ്നേഹം എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ദൈവികസമാനമായ സ്നേഹത്തെ ഇത് സൂചിപ്പിക്കുന്നു. പലപ്പോഴും നമ്മുടെ സംസ്കാരത്തിൽ നമ്മിൽ പലരും കരുതുന്നത്, സ്നേഹത്തിനു വേണ്ടി പ്രവർത്തിക്കേണ്ടതില്ല, അത് സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നാണ്. ഒരു സ്ത്രീയും പുരുഷനും തമ്മിൽ 'പ്രണയത്തിലാകുക' എന്ന പോലെയുള്ള അർത്ഥത്തിൽ ലാഘവത്തോടെ അതിനെ കാണുന്നു. പക്ഷെ ബൈബിലെ സ്നേഹത്തിന്റെ കാര്യത്തിൽ അത് ശരിയല്ല. ഇച്ഛാശക്തിയോടു കൂടിയ വ്യവസ്ഥ കൂടാതുള്ള പ്രവൃത്തിയുടെയും, ത്യാഗത്തിന്റെയും ഫലമാണ് സ്നേഹം. അയൽക്കാരനെ സ്നേഹിക്കുക മാത്രമല്ല ശത്രുവിനെയും സ്നേഹിക്കുക എന്ന് കർത്താവ് നമ്മോട് കൽപ്പിക്കുന്നുണ്ടല്ലോ. നമ്മുടെ ശത്രുവിനെ സ്നേഹിക്കാൻ നാം പ്രവർത്തിക്കണം. നമ്മൾ സ്നേഹം എന്ന ദൈവിക സ്വഭാവം പിന്തുടരുന്നവരാണോ?
5) സഹിഷ്ണുത എന്നാൽ എന്തെങ്കിലും “സഹിക്കുക” എന്നാണ്. പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകാൻ ദൈവപുരുഷൻ ശ്രമിക്കുന്നത് അങ്ങനെയാണ്. പരീക്ഷണങ്ങളോടുള്ള നമ്മുടെ സ്വാഭാവിക പ്രതികരണം, സഹനം ഉപേക്ഷിക്കുകയോ, നിരാശപ്പെടുകയോ ചെയ്യുക എന്നതാണ്, എന്നാൽ സഹിഷ്ണുത നമ്മുടെ ജീവിതത്തിൽ കൃപയുടെ ഫലങ്ങൾ നൽകുന്നു. റോമർ 5: 3-4 പറയുന്നത് കഷ്ടപ്പാടിൽ നാം സന്തോഷിക്കണമെന്നാണ്, കാരണം അത് സ്ഥിരോത്സാഹം (അല്ലെങ്കിൽ സഹിഷ്ണുത) ഉളവാക്കുന്നു, സ്ഥിരോത്സാഹം സ്വഭാവവും സ്വഭാവ പ്രത്യാശയും സൃഷ്ടിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, സഹിക്കുന്നതിനുപകരം, മിക്കവരും പരാതികളിലൂടെയും ആളുകളോട് ദേഷ്യപ്പെടുന്നതിലൂടെയും ദൈവത്തോടു കോപിക്കുന്നതിലൂടെയും പരീക്ഷണങ്ങളുടെ ഘട്ടത്തിൽ ദൈവകൃപ പാഴാക്കുകയാണ് ചെയ്യുന്നത്. നാം സഹിച്ചാൽ, പരീക്ഷണങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ സ്വഭാവം വികസിപ്പിക്കാൻ ദൈവത്തിന് കഴിയും.
6) 'താഴ്മ' എന്നത് ബുദ്ധിമുട്ടുള്ള ആളുകളോടുള്ള നമ്മുടെ പ്രതികരണത്തെ സൂചിപ്പിക്കുന്നു. കോപത്തോടെയോ അക്ഷമയോടെയോ പ്രതികരിക്കുന്നതിനു പകരം, ദൈവപുരുഷൻ സൗമ്യമായി പ്രതികരിക്കാൻ ശ്രമിക്കുന്നു. താഴ്മയ്ക്കു നിയന്ത്രണവിധേയമായ വൈകാരിക ശക്തി എന്ന ഒരു അർത്ഥമുണ്ട്. താഴ്മ ഉള്ളവൻ അനിയന്ത്രിതമായി ദേഷ്യപെടില്ല കാരണം അവനു വൈകാരിക പ്രലോഭനങ്ങളെ നിയന്ത്രിക്കുവാനുള്ള ശക്തിയുണ്ട്.
മേൽപ്പറഞ്ഞ വസ്തുതകളെ നമുക്ക് ധ്യാനിക്കാം ബുദ്ധിമുട്ടുള്ള ആളുകളോട് നാം എങ്ങനെയാണ് പ്രതികരിക്കുന്നത്?
നാം ദൈവിക സ്വഭാവം പിന്തുടരുകയാണോ? അതോ ദൈവീക സ്വഭാവങ്ങൾ ആയ പുണ്യം, നീതി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, താഴ്മ മുതലായവ നമ്മിൽ ഇല്ലെന്നാണോ? എങ്കിൽ അത് നേടുവാൻ തുടർച്ചയായി നാം അതിനെ പിന്തുടരണം.
നമ്മുടെ ആത്മീയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആറ് സ്വഭാവഗുണങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ ഏത് തിരഞ്ഞെടുക്കും, എന്തുകൊണ്ട്? ഇത് നമുക്ക് പ്രത്യേകമായി ധ്യാനിക്കാം.
No comments