വാങ്ങിപ്പോയ അമ്മ
വാങ്ങിപ്പോയ അമ്മ
📝 ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ
പരിശുദ്ധ കന്യക മർത്തു മറിയം അമ്മ വാങ്ങിപ്പോയതിന്റെ ഓർമ്മ പെരുന്നാൾ ആഘോഷിക്കുകയാണല്ലോ നാം ഓഗസ്റ്റ് 15 ന്.
ഭാരതീയരായ നമുക്ക് ഈ ദിനം നമ്മുടെ രാഷ്ട്രം സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികം കൂടിയാണല്ലോ. നമ്മുടെ സഹോദരങ്ങളായ റോമൻ കത്തോലിക്ക സഭയിൽ ഈ ദിനം പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ പെരുന്നാൾ ആയിട്ടാണ് ആഘോഷിക്കുന്നത്. ആയതിനാൽ ഈ ദിവസത്തിലെ ഓർമ്മയാചരണത്തിന്റെ പശ്ചാത്തലം നമുക്ക് ഒന്ന് ചിന്തിക്കുക ഉചിതം ആകുമല്ലോ.
ഒന്നാമതായിട്ടു വിശുദ്ധ കന്യക മറിയം ആരാണ് എന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു എന്ന് ചിന്തിക്കാം. ലൂക്കോസ് 1:27 ൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു ; "ദാവീദ് വംശത്തില്‍ യൌസേഫ് എന്നു പേരുള്ള ഒരുവന് വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യക" എന്നാണ്. ലൂക്കോസ്1:36 ൽ വി.കന്യകയുടെ "ചാര്‍ച്ചക്കാരിയായ എലിസബേത്ത്" നെ പറ്റിയും പറഞ്ഞിട്ടുണ്ട്.
പരിശുദ്ധാത്മാവ് മുഖാന്തിരം ഗർഭിണി ആയിരിക്കുന്ന മറിയാമിന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ പറ്റി അവൻ ദാവീദ് പുത്രൻ ആണ് എന്നുള്ള അർത്ഥത്തിൽ സഖറിയാ പുരോഹിതൻ ആത്മാവിൽ പ്രവചിച്ചിരിക്കുന്നതും ലൂക്കോസ് 1:71 ഇപ്രകാരം കാണുവാൻ സാധിക്കുന്നു ; "തന്‍റെ ദാസനായ ദാവീദിന്‍റെ കുടുംബത്തില്‍ രക്ഷയുടെ കൊമ്പ് അവന്‍ നമുക്കായി എഴുന്നേല്പിച്ചിരിക്കുന്നു." ഇതെല്ലാം കൂട്ടി ചേർത്തു ചിന്തിക്കുമ്പോൾ വിശുദ്ധ മറിയം 1) ദാവീദ് വംശത്തിൽ പിറന്നവൾ ആണ് അതിനാൽ അവളുടെ അപ്പന്റെ ഗോത്രം യഹൂദ ഗോത്രമാണ്.
2) വി. മറിയം യഹൂദനായ യൗസേഫിനു വിവാഹ നിച്ഛയം ചെയ്യപ്പെട്ടവൾ ആണ്.
3) അഹരോന്യ പുത്രിയായ ലേവ്യ ഗോത്രത്തിൽ പെട്ട എലിസബേത് വി. മറിയാമിന്റെ ചാർച്ചക്കാരി ആണ് അതിനാൽ അവളുടെ അമ്മ ലേവിയ ഗോത്രത്തിൽ അഹരോന്യ പുത്രി ആണ് എന്ന് വരുന്നു.
ഇപ്രകാരം പൗരോഹിത്യ കുടുബത്തിലുള്ള ഒരു അമ്മയുടെയും, രാജകുടുംബത്തിൽ (യഹൂദ ഗോത്രത്തിൽ ദാവീദ് വംശം ) ഉള്ള ഒരു അപ്പന്റെയും മകളായി, ദാവീദ് വംശത്തിൽ ഉള്ള ഒരുവന്റെ ഭാര്യയായി വിവാഹനിച്ഛയം കഴിഞ്ഞവൾ ആയിരുന്നു വി. കന്യക മറിയം.
ദൈവീക വെളിപാടുകളാൽ ആദാമ്യ കാലം മുതൽ ഉണ്ടായ സകല പ്രവചനങ്ങളുടെയും പൂർത്തീകരണം ആകുന്ന മിശിഹായുടെ ജനനം ആരിൽ നിന്നും ആകേണ്ടിയിരുന്നുവോ അവൾ രാജപുത്രിയും, പൗരോഹിത്യ രക്തഗുണത്തോടു ചാർച്ചയുള്ളവളും, പ്രവചന നിവർത്തിക്കു പാത്രം ആയവളുമായിരുന്നു. ഈ സത്യത്തെ പരിശുദ്ധാതമാവിൽ നിറയപ്പെട്ടപ്പോൾ എലിസബത്ത് ഉൽഘോഷിച്ചു പറഞ്ഞത് ഇപ്രകാരം ആയിരുന്നു ; എന്‍റെ കര്‍ത്താവിന്‍റെ അമ്മ." (ലൂക്കോസ് 1:43 )
എലിസബത്തിന്റെ ഈ ഒരു സാക്ഷ്യം ആണ് എല്ലാ പൗരാണിക അപ്പോസ്തോലിക സഭകളും വി. കന്യകയെ ജഡം ധരിച്ച വചനമായ ദൈവത്തിന്റെ മാതാവ് എന്ന നിലയിൽ ദൈവമാതാവ് എന്ന് അഭിസംബോധന ചെയ്യുന്നത്. ഈ വിശുദ്ധ കന്യകയുടെ വാങ്ങിപ്പിന് അതിനാൽ വലിയ പ്രസക്തി ഉണ്ട്. അവളുടെ ശരീരം പാപരഹിതനായ പുത്രൻ തമ്പുരാന് ജന്മം ഏകേണ്ടിയിരുന്നതിനാൽ ദൂതനിൽ നിന്നും മംഗളവാർത്ത കേട്ടപ്പോൾ പരിശുദ്ധാത്മാവിനാൽ നർമലീകരിക്കപ്പെട്ടിരുന്നു. ഇങ്ങനെ ഭൂമിയിൽ ജീവിച്ചിരിക്കെ സമ്പൂർണ വിശുദ്ധിയിലേക്ക് ഉയർത്തപ്പെട്ടവൾക്കു ലഭിച്ചതായ ആ കൃപയാൽ അവളുടെ ശരീരം ദൈവപുത്രന്റെ തിരുശരീരത്തിന്റെ ഉത്ഭവകേന്ദ്രം എന്ന നിലയിൽ ദ്രവത്വം കാണാതിരിക്കുവാൻ തക്കവണ്ണം ഒരു സൗഭാഗ്യകരമായ നിര്യാണവും കബറടക്കവും ശരീരത്തോട് കൂടിയുള്ള ഓയാറിലേക്കുള്ള എടുക്കപ്പെടലും ദൈവപദ്ധതിയായിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ശരീരത്തോട് കൂടി സ്വർഗീയമണ്ഡലത്തിലേക്ക് എടുക്കപ്പെട്ടവരായി ഇതിനു മുൻപും ചിലർ ജീവിച്ചിരിക്കുന്നത് വേദപുസ്തകത്തിൽ നമുക്ക് ദർശിക്കുവാൻ കഴിയും. ആദ്യ പുസ്തകം 5:24 ൽ പറയുന്നത്; "ഹനോക്കു ദൈവത്തെ പ്രസാദിപ്പിച്ചു. ദൈവം അവനെ എടുത്തു കൊണ്ടതിനാല്‍ പിന്നെ അവന്‍ ഇവിടെ ഇല്ലാതായി" എന്നാണ്. ഹാനോക്കിനെ ശരീരത്തോട് കൂടി എടുക്കപ്പെട്ടു. 2 രാജാക്കന്മാർ 2:11 ൽ പറയുന്നത് ; "അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍ വേര്‍ പിരിച്ചു. അങ്ങനെ ഏലീയാ ചുഴലിക്കാറ്റിലൂടെ സ്വര്‍ഗ്ഗത്തിലേക്കു കയറി" എന്നാണ്. ഇങ്ങനെ വിശുദ്ധ ഗ്രന്ഥത്തിൽ രണ്ടു പേര് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് ദർശിക്കുവാൻ കഴിയും.
മത്തായി 27:52 "ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, ശവക്കല്ലറകള്‍ തുറക്കപ്പെട്ടു. നിദ്ര പ്രാപിച്ചിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ പുനരുത്ഥാനം ചെയ്തു" എന്ന് എഴുതിയിരിക്കുന്നു. ഇത് കർത്താവ് കുരിശിൽ മരിച്ചപ്പോൾ ഉണ്ടായ അത്ഭുതം ആണ്. തുടർന്ന്
27:53 ൽ "അവര്‍ പുറത്തുവരികയും, തന്‍റെ ഉയിര്‍പ്പിനു ശേഷം അവര്‍ വിശുദ്ധ നഗരത്തില്‍ പ്രവേശിച്ച് അനേകര്‍ക്ക് കാണപ്പെടുകയും ചെയ്തു" എന്നും കാണപ്പെടുന്നു. ഇവരെല്ലാം രണ്ടാമത് മരിക്കുകയോ കബറടക്കം ചെയ്യപ്പെടുകയോ ചെയ്തില്ല മറിച്ചു അവർ സ്വർഗീയ പറുദീസിലേക്കു എടുക്കപ്പെടുകയാണുണ്ടായത്.
മേൽപറഞ്ഞവരെല്ലാം വി. കന്യകയുടെ സൗഭാഗ്യത്തോട് തുലനം ചെയ്യുമ്പോൾ കുറവുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ വിശുദ്ധ മാതാവിന്റെ ശരീരം സ്വർഗീയ മണ്ഡലത്തിലേക്ക് എടുക്കപ്പെട്ടു എന്ന സ്ലൈഹീക പഠിപ്പിക്കൽ വിശ്വസനീയവും, ദൈവവചനത്തിലധിഷ്ഠിതവും, ദൈവീക മഹത്വത്തെ വെളിപ്പെടുത്തുന്ന അത്ഭുതം നിറഞ്ഞ സംഭവവുമാകുന്നു.
ഭാഗ്യവാനായ പൗലോസ് അപ്പോസ്തോലന്റെ ജീവിതത്തിൽ നിന്നും അദ്ദേഹം സാക്ഷിക്കുന്നുണ്ട്
2 കൊരിന്ത്യർ12:3-4a വരെയുള്ള ഭാഗത്തിൽ ജീവിച്ചിരിക്കെ സ്വർഗീയ മണ്ഢലത്തിൽ പ്രവേശിച്ചു തിരികെ വന്ന സൗഭാഗ്യത്തെ, "ഈ മനുഷ്യനെ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല. ദൈവം അറിയുന്നു.
അവന്‍ പറുദീസായിലേക്ക് എടുക്കപ്പെട്ടു!" ആയതിനാൽ ആദിമ നൂറ്റാണ്ടിലുള്ള ദൈവീക പ്രവർത്തനങ്ങൾ വളരെ പ്രകടമായി പുതിയ നിയമം നമ്മോട് സാക്ഷിക്കുന്നുണ്ട്. ഇവയെല്ലാം വിരൽ ചൂണ്ടുന്നത് അപ്പോസ്തോലിക പാരമ്പര്യം അനുസരിച്ചുള്ള വിശുദ്ധ കന്യക മറിയാമിന്റെ നിര്യാണവും അവളുടെ ശരീരം എടുക്കപ്പെട്ടതും സംബന്ധിച്ചുള്ള വിശ്വാസം സത്യം ആണന്നു അത്രേ.
ആയതിനാൽ നമ്മുടെ കർത്താവിന്റെ അമ്മയുടെ നിര്യാണത്തിന്റെയും, ഓയാറിലേക്കു ശരീരത്തോട് കൂടിയുള്ള എടുക്കപ്പെടലിന്റെയും ഓർമ്മയുടെ ദിനം കൂടിയായ ഓഗസ്റ്റ് 15 ലെ പെരുന്നാളിൽ നമുക്ക് അവളുടെ പ്രാർത്ഥനാ മധ്യസ്ഥതയിൽ അഭയപ്പെടാം.
No comments