Latest Posts

Part-7 വി. കുർബ്ബാന ലഘുപഠനം

വി. കുർബാന: സുറിയാനി അന്ത്യോക്യൻ ആരാധനക്രമം ഒരു ലഘുപഠനം


📝 ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ

PART - 7

1) വിശുദ്ധ ബലി

നമ്മുടെ കർത്താവിന്റെ ബലിയെപ്പറ്റി കലശലായ തെറ്റിദ്ധാരണകളാണ് പലർക്കും ഉള്ളത്. വിജാതീയരും, യഹൂദരുമെല്ലാം ആടുമാടുകളെ കൊന്ന് അവയുടെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചിരുന്നു. യേശുവും  സ്വയം മരണം ഏറ്റുകൊണ്ട് ഈ രീതിയിൽ തന്റെ മാംസവും രക്തവും ദൈവത്തിനു ബലിയായി അർപ്പിച്ചുവെന്നാണ് ചിലരൊക്കെ ധരിച്ചിരിക്കുന്നത്. യേശുനാഥന്റെ ബലി ഒരു അനുഷ്ഠാന-നിഷ്ഠമായ ബലിയല്ലായിരുന്നതിനാൽ വിശുദ്ധ കുർബാനയും ഒരു  അനുഷ്ഠാനനിഷ്ഠമായ ബലി (cultic sacrifice) അല്ല.

എന്താണ് നമ്മുടെ കർത്താവിന്റെ ബലി?  തന്റെ പിതാവിന്റെ ഇഷ്ടം എന്ത് എന്ന് അറിഞ്ഞു അതിനു വേണ്ടി സ്വയം സമർപ്പിക്കുന്ന കർത്താവിനെയാണ് നാം വിശുദ്ധ സുവിശേഷത്തിൽ കാണുന്നത്. പിതാവിന്റെ ഇഷ്ടമോ, മനുഷ്യകുലത്തിന്റെ സമഗ്രമായ വിമോചനവും രക്ഷയുമായിരുന്നു. മനുഷ്യന്റെ ശാരീരികവും, മാനസികവും, ആദ്ധ്യാത്മികവുമായ അടിമത്തത്തിൽ നിന്നും അവനെ മോചിപ്പിക്കുക എന്നതായിരുന്നു യേശുവിന്റെ ലക്ഷ്യം. ഈ വിമോചനം സാധ്യമാകുന്നത് ദൈവരാജ്യം എന്ന വ്യവസ്ഥിതിയിലൂടെ മാത്രമേ ഉള്ളൂ എന്ന് യേശു തമ്പുരാൻ പഠിപ്പിച്ചു. ദൈവരാജ്യത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണ് യേശു തമ്പുരാൻ തന്റെ മുഴുവൻ ജീവിതവും സമർപ്പിച്ചത്. കുരിശിൽ വേദനിച്ചു മരണം സ്വീകരിക്കുമ്പോഴും 'പിതാവേ അവിടുത്തെ കരങ്ങളിൽ എന്നേ ഞാൻ സമർപ്പിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ നാഥൻ സ്വയം പിതാവിന് പരിപൂർണമായി സമർപ്പിച്ചു കൊടുക്കുന്നു.  മനുഷ്യരുടെ വിമോചനത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള തന്റെ ജീവിതവും അതിന്റെ പര്യവസാനമായ മരണവുമാണ് കർത്താവിന്റെ ബലി.

മനുഷ്യർക്ക്‌ പാപമോചകമായത് ദൈവപുത്രന്റെ  ഈ സ്നേഹവും സ്വയം സമർപ്പണവുമാണ്. തന്റെ ശരീരവും രക്തവും പിതാവിന് കാഴ്ചയായി അർപ്പിക്കുന്ന അനുഷ്ഠാനനിഷ്ഠമായ ഒരു ബലിയല്ല യേശുവിന്റെ ജീവിതബലി. കർത്താവിന്റെ ജഡാധാരണത്തെ പറ്റിയുള്ള മാലാഖയുടെ ദൂത് മുതൽ പിതാവിന്റെ വലതു ഭാഗത്തെ ഇരിപ്പു വരെയുള്ള പ്രവർത്തനങ്ങൾ ആണ് തന്റെ 'ബലി' എന്നത്.  ആയതിനാൽ കർത്താവിന്റെ 'ബലി'യെ അപ്രകാരം വിശേഷിപ്പിക്കുന്നതു  ബലിയുടെ സാങ്കേതിക അർത്ഥത്തിൽ അല്ല. ഒരു അമ്മ തന്റെ കുഞ്ഞിന് വേണ്ടി ജീവിതം മുഴുവൻ ചെലവഴിക്കുകയും, ആ പ്രവർത്തിയിൽ രോഗ ബാധിതയായി മരണപ്പെട്ടു എന്നും ഇരിക്കട്ടെ, അത് ഒരു ജീവിതബലിയായി നമുക്ക് വിശേഷിപ്പിക്കാം എന്നാൽ സാങ്കേതിക അർത്ഥത്തിൽ അങ്ങിനെ അല്ലതാനും. ഇതുപോലെ യേശുവിന്റെ ജീവിതത്തെ 'ബലി' എന്ന് പറയുമ്പോൾ അത് സാങ്കേതിക അർത്ഥത്തിലുള്ള ഒരു ബലിയല്ല മറിച്ച് ദൈവഹിതപ്രകാരം വ്യവസ്ഥകൂടാത്ത സ്നേഹത്തിന്റെ ഒരു ജീവിതം ആണ് എന്ന് മനസിലാക്കുക. കർത്താവിന്റെ കുരിശുമരണം  അനുഷ്ഠാനനിഷ്ഠമായ ബലിയായി (cultic sacrifice) തെറ്റിദ്ധരിക്കപ്പെടുന്നതിൽ നിന്നുമാണ് വിശുദ്ധ കുർബാനയും അപ്രകാരം ഉള്ളൊരു ബലിയായി തെറ്റിദ്ധരിക്കപ്പെടുന്നത്.

വിശുദ്ധ അനാഫൊറയിലെ ഒന്നാം ഭാഗത്തു നാം കാണുന്ന വിശുദ്ധ ബലിയെന്നു പറയുന്നത്, യേശുവിന്റെ ജീവിതബലിയുടെ യഥാർത്ഥമായ പുനരവതരണമാകുന്ന (re - presentation) വിശുദ്ധ സ്തോത്രബലി (Holy  Eucharist)യാകുന്ന വിരുന്നിലേക്കുള്ള ഓഹരികൾ,  വഴിപാട് (കുർബാന)ആയി  പിതാവാം ദൈവത്തിനു നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നതാണ്.ഈ വഴിപാടിൽ (കുർബാന) നാം ഓഹരി നൽകുന്നതു ബലിവസ്തുക്കളായ അപ്പ വീഞ്ഞുകളിലൂടെ ആണ്. അർപ്പിക്കപ്പെടുന്ന ബലിവസ്തുക്കളിൽ നാം ഓഹരിക്കാരാകുന്നതാണ്  പ്രഥമ ദൃഷ്ടിയിൽ കുർബാന എന്ന് തോന്നാമെങ്കിലും, സമർപ്പിച്ച വഴിപാടിനോടൊപ്പം നാമും അതിൽ പങ്കു ചേർന്ന് യേശുവിനെപോലെ നമ്മെത്തന്നെ പിതാവിന് അർപ്പിക്കുന്നതിനായി ദൈവത്തോടും മനുഷ്യരോടും നിരപ്പാകുന്നതാണ് യഥാർത്ഥത്തിൽ വി. കുർബാനയിൽ നമ്മുടെ ഓഹരി എന്നത്. നമ്മുടെ ഈ നിരപ്പ് നാം പൂർത്തിയാക്കിയ ശേഷം  ദൈവത്തിന്റെ മുൻപാകെ  അപ്പത്തിലും വീഞ്ഞിലൂടെയും ആണ് അവയെ സമർപ്പിക്കുന്നത്.

ഇങ്ങനെ നിരപ്പാകുന്ന തന്റെ മക്കൾക്ക്‌ ഈ കുർബാന സമാധാനത്തിന്റെ ഉറവിടം ആകുന്നു. വിശുദ്ധ അനാഫൊറ ആരംഭിക്കുന്നത് തന്നേ ഇക്കാരണത്താൽ സമാധാനത്തിന്റെ പ്രാർത്ഥനയോടു കൂടെയാകുന്നു.വിശുദ്ധ അനാഫൊറ ആരംഭിക്കുമ്പോൾ ദർഗയിൽ കയറി നിന്നുകൊണ്ടുള്ള കാർമികന്റെ ആദ്യത്തെ പ്രാർത്ഥന സമാധാന ചുംബനത്തിനു വേണ്ടിയുള്ളതായ ഒരുക്കത്തിനുള്ള് പ്രാർത്ഥനയാണ്. മോർ യാക്കോബിന്റെ അനാഫൊറയിൽ ഇപ്രകാരം കാണുന്നു, "...... നിഷ്കപടമായ സ്നേഹ ബന്ധത്താൽ സംയോജിച്ചുകൊണ്ട് പരിശുദ്ധമായ ദിവ്യാലിംഗനത്താൽ പരസ്പരം സമാധാനം നൽകുവാൻ തക്കവണ്ണം ഈ രക്ഷയ്ക്ക് നീ യോഗ്യരാക്കിത്തീർക്കണമേ...."

ഒരുവന്റെ വ്യക്തിപരമായ ഒരുക്കത്തിലൂടെയാണ് വിശുദ്ധ ബലി അർപ്പണം അവനു ഗുണകരമായി തീരുന്നത്. എന്നാൽ, വ്യക്തിപരമായ ഒരു തലത്തിൽ മാത്രമല്ല മറിച്ച് പുനരുത്ഥാനം ചെയ്ത നമ്മുടെ കർത്താവിന്റെ സമീപത്ത് കൂടിച്ചേർന്നിരിക്കുന്ന ഒരു സ്നേഹ സമൂഹമായി ആണ് നാം വിശുദ്ധ ബലിയിൽ സംബന്ധിക്കുന്നത്. ഈ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ തങ്ങളുടെ ജീവിത ബലിയിൽ പരസ്പരം പങ്കുചേരേണ്ടതായിട്ടുണ്ട്. ഇങ്ങനെ തമ്മിൽ തമ്മിൽ പരസ്പരം പങ്കുചേർന്നു തങ്ങളുടെ ജീവിത ബലികളെ  ക്രിസ്തുവിന്റെ ജീവിതബലിയിൽ ചേർക്കുമ്പോൾ ആണ്  വിശുദ്ധരുടെ സമാധാനചുംബനം എന്ന വിശ്വാസ സത്യം അർത്ഥമാക്കുന്നത് അതാണ്. ".....അവരോടു കൂടെയുള്ള സര്‍വ്വ വിശുദ്ധര്‍ക്കും സമാധാനം ചൊല്ലുവിന്‍. പരിശുദ്ധ ചുംബനത്താല്‍ നിങ്ങള്‍ പരസ്പരം സമാധാനം ചൊല്ലുവിന്‍." (റോമർ 16:15). നമ്മുടെ ജീവിതബലികളെ നമ്മുടെ കർത്താവിന്റെ ജീവിതബലിയോട് ചേർക്കുമ്പോൾ ആണ് നമ്മിൽ യഥാർത്ഥ സമാധാനം ഉണ്ടാകുന്നത് എന്നതിനാൽ ആണ്  ബലിപീഠത്തിൽ അർപ്പിക്കുന്നതിന് ഒരുക്കി വച്ചിരിക്കുന്ന ബലിവസ്തുക്കളെ മൂടിയിരിക്കുന്ന വസ്ത്രത്തിന്റെ വിളുമ്പിൽ നിന്നും ആരംഭിച്ച്‌ സമാധാന ചുംബനം വിശ്വാസ സമൂഹത്തിലേക്കു പടരുന്നത്.

ഇപ്രകാരം സമാധാനം പ്രാപിക്കുന്ന സഭ, തങ്ങളുടെ നാഥന്റെ പിതാവായ തങ്ങളുടെ ദൈവത്തിന്റെ മുൻപാകെ തലകൾ വണങ്ങി ആരാധിക്കുന്നു. ആയതു പുത്രൻ തമ്പുരാന്റെ സ്തോത്ര ബലിയാകുന്ന വിരുന്നിലേക്കുള്ള  ഭക്ഷണ പാനീയങ്ങളായി തങ്ങളുടെ വഴിപാട് സ്വീകരിക്കുവാൻ ആയിട്ട് അത്രേ. പൂർവികരിൽ  നിന്നും ന്യായപ്രമാണപ്രകാരമുള്ള  രക്താർപ്പിതമായ  ബലികളെ സ്വീകരിച്ചിരുന്ന പിതാവായ ദൈവം അപ്പ വീഞ്ഞുകൾ ആകുന്ന രക്താർപ്പിതമല്ലാത്ത ബലിയെ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ നാഥനുമൊത്തുള്ള വിരുന്നിലേക്കു അർഹത നേടുവാൻ തന്റെ കരുണയിൽ സഭ ആശ്രയിച്ചു പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനകൾ പൂർത്തീകരിച്ചു കഴിയുമ്പോൾ അനാഫൊറയിലെ ഒന്നാം ഘട്ടത്തിൽ നാം കാണുന്നതായ അപ്പ വീഞ്ഞുകളായ കുർബാനയുടെ  ബലിയർപ്പണം പിതാവാം ദൈവത്തിനു പുരോഹിതൻ നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു.

ഈ ബലിയർപ്പണം നടക്കുമ്പോൾ കാർമ്മികനായ പുരോഹിതൻ ബലി വസ്തുക്കൾ മൂടിയിരിക്കുന്ന ശ്ശോശപ്പാ നിവർത്തുന്നു. ബലി വസ്തുക്കൾ പിതാവിന് സമർപ്പിക്കുന്നതിനുള്ള  ബലിയുടെ അർപ്പണകർമ്മം ( act of sacrifice) ആകുന്ന ബലിവസ്തുവിന്റെ  മേലോട്ടും കീഴോട്ടും ഉള്ള (anapherein) ആഘോഷത്തിനു വേണ്ടി അവയെ മൂടിയിരുന്ന  ശ്ശോശപ്പാ മൂന്നു പ്രാവശ്യം മേലോട്ടും കീഴോട്ടും ചലിപ്പിക്കുന്നു. ഇതേ സമയം ബലിയുടെ അർപ്പണ വചനങ്ങൾ ( words of sacrifice) കാർമ്മികൻ  രഹസ്യത്തിൽ ചൊല്ലുന്നു, " ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് വേണ്ടി പന്ത്രണ്ടു നദികൾ ഒഴുക്കി കൊടുത്ത തീക്കല്പാറ നീയാകുന്നു. ഞങ്ങളുടെ രക്ഷകന്റെ ഖബറിങ്കൽ നിക്ഷേപിക്കപ്പെട്ട ആ തീക്കൽപ്പാറയും നീയാകുന്നു."

അനാഫൊറയിലെ ഈ ഒന്നാം ഘട്ട ബലിയർപ്പണം പൂർത്തിയായി എന്നതിന്റെ സൂചനയും, തങ്ങളുടെ വഴിപാട് (കുർബാന) ഇപ്പോൾ വിശുദ്ധീകരിക്കപ്പെട്ടു എന്നതിന്റെ ഉറപ്പിനും, ഈ വിശുദ്ധ കുർബാന നമ്മുടെ കർത്താവിന്റെ ജീവിതബലിയുടെ പുനരവതരണമാകുന്ന വിരുന്നിനു  (വിശുദ്ധ സ്തോത്രബലി) യോഗ്യമായ ഭക്ഷണ പാനീയങ്ങൾ ആയിരിക്കുന്നു എന്ന് ബോധ്യപ്പെടേണ്ടതിനും ആയിട്ട് പുരോഹിതൻ ബലിപീഠത്തിന്റെ (തബ്ലീത്ത) പടിഞ്ഞാറെ അരുകിൽ സ്പർശിച്ചു കൊണ്ട് വി. കുർബാനയിൽ നിന്നും ശക്തി പ്രാപിച്ചു കൊണ്ടു ആദ്യം സ്വയം കുരിശു വരച്ചതിനു ശേഷം ഇടത്തും വലത്തും ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ നേരെ കുരിശടയാളം വരച്ചു പടിഞ്ഞാറോട്ടു തിരിഞ്ഞു കൊണ്ട് ജനങ്ങളെ മൂന്നു പ്രാവിശ്യം കുരിശടയാളം വരച്ചു കൊണ്ട് അനുഗ്രഹിച്ചു പറയുന്നു, " പിതാവാം ദൈവത്തിന്റെ സ്നേഹവും, ഏകപുത്രന്റെ കൃപയും, പരിശുദ്ധ റൂഹായുടെ സംബന്ധവും ആവാസവും എന്റെ സഹോദരങ്ങളേ നിങ്ങൾക്കെല്ലാവർക്കും ഉണ്ടായിരിക്കട്ടെ. " ഇത് തന്നെയാണ് പൗലോസ് അപോസ്തോലൻ സമാധാന ചുംബനം ആശംസിച്ച ശേഷം കൊരിന്ത്യസഭയ്ക്കു വാഴ്വ് കൊടുക്കുന്നതിനു ഉപയോഗിച്ച വചനങ്ങൾ,  "നമ്മുടെ കര്‍ത്താവേശുമ്ശീഹായുടെ സമാധാനവും, ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സംബന്ധവും നിങ്ങള്‍ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ആമീന്‍." (2 കൊരിന്ത്യർ 13:14 ).

തൂയോബോ മുതൽ ഈ കുർബാന പിതാവിന് ബലിയായ് അർപ്പിക്കപ്പെടുന്നത് വരെ നാം നമ്മുടെ പ്രാർത്ഥനകളാലും,  നോമ്പ്, ഉപവാസം, അനുതാപം, നിരപ്പാകൽ തുടങ്ങി വിവിധ പ്രയത്നങ്ങളാൽ നമ്മുടെ ജീവിതം ഒരു ബലിയായി ക്രിസ്തുവിന്റെ ബലിയിൽ ചേർക്കപ്പെടുവാൻ ആഗ്രഹിച്ചു. ഇപ്പോൾ നമ്മുടെ ആ പ്രയത്നങ്ങൾ എല്ലാം പിതാവിന് കാഴ്ചകളായി സമർപ്പിക്കപ്പെട്ടു. അങ്ങിനെ നാം സമർപ്പിച്ച വഴിപാട് (കുർബാന) വിശുദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ അവ കർത്താവിന്റെ വിരുന്നിനു യോഗ്യമായി തീർന്നു.

തുടരും......

No comments