Latest Posts

Part-6 വി. കുർബ്ബാന ഒരു ലഘുപഠനം

 വി. കുർബാന: സുറിയാനി അന്ത്യോക്യൻ ആരാധനക്രമം ഒരു ലഘുപഠനം


📝 ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ

PART - 6

[III] Holy Anaphora

വിശ്വാസപ്രമാണത്തിനു ശേഷം പുരോഹിതൻ വിശുദ്ധ ബലിപീഠത്തിന്റെ ദർഗ്ഗായിൽ കയറി നിന്നുകൊണ്ട് തുബ്ദേന് മുൻപ് വരെ നടത്തുന്ന ആരാധനയുടെ ക്രമം ആണ് വിശുദ്ധ അനാഫൊറ. പൌരസ്ത്യ ഗ്രീക്ക് സഭാ പാരമ്പര്യത്തിൽ നിന്നും ആണ് വിശുദ്ധ കുർബാന ക്രമത്തിലെ ഈ ഭാഗത്തിന് 'അനാഫൊറ' എന്ന പേര് ലഭിച്ചത്. എന്നാൽ ഈ ഭാഗത്ത് നാം കാണുന്ന ആരാധനാക്രമം  ആദ്യമായി രൂപീകരിച്ചത് നമ്മുടെ കർത്താവിന്റെ സഹോദരനായ മോർ യാക്കോബ് ശ്ളീഹായാണ്.  ഉയർപ്പിനു ശേഷം ശ്ളീഹായ്ക്കു  പ്രത്യക്ഷപ്പെട്ടവനായ നമ്മുടെ കർത്താവ് ആണ് ഇത് അവനെ പഠിപ്പിച്ചത്,  ("ഇവയ്ക്കുശേഷം യാക്കോബിനും പിന്നീട് എല്ലാ ശ്ലീഹന്മാര്‍ക്കും പ്രത്യക്ഷനായി" 1 കൊരിന്ത്യർ 15:7)" എന്നാണ് അപ്പോസ്തോലിക പാരമ്പര്യം.

കണിയാംപറമ്പിൽ അച്ചന്റെ പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തിൽ മോർ യാക്കോബിന്റെ ലേഖനത്തിനുള്ള  ആമുഖത്തിൽ ഇപ്രകാരം കാണുന്നു, " ഇന്നും സുറിയാനി സഭ ഉപയിഗിച്ചു കൊണ്ടിരിക്കുന്ന മോർ യാക്കോബിന്റെ കുർബാന തക്സ ഇദ്ദേഹത്താൽ വിരചിതമാണ്. അന്ത്യോക്യയിലെ സഭ ആദ്യം മുതൽ ഈ ക്രമമാണ് ഉപയോഗിച്ചിരുന്നത്. റോമൻ കത്തോലിക്ക സഭാംഗമായ ഫോട്ടസ് ക്യ 'ഓർത്തഡോൿസ്‌ ഈസ്റ്റേൺ ചർച്ചസ്‌' പുറം 395 - ൽ പറയുന്നു. The Syrian Rite is the first that we find formally drawn up...... Liturgy of St. James from which all other Syrian ones are derived...... The Liturgy of  Constantinople seems to be a modification of the Syrian Rite....... The Armenian Liturgy is modified from that of Constantinople. It is only among the Copts and Jacobites that the ancient Rites of St. Mark and St. James are celeberated."

പഴയനിയമത്തിന്റെ ഗ്രീക്ക് പതിപ്പായ സെപ്റ്റുവജെന്റ് (Septuagint) ൽ ബലിയർപ്പണത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കുകൾ ആയ προσφέρειν (prospherein) എന്നത് ബലിവസ്തുക്കൾ  ബലിപീഠത്തിലേക്കു സമർപ്പിക്കുന്നതിനെയും, ἀναφέρειν (anapherein) എന്നത് പുരോഹിതൻ ബലിപീഠത്തിൽ ബലി വസ്തുവിനെ യാഗമായി അർപ്പിക്കുന്നതിനെയും സൂചിപ്പിക്കുന്നു. ഇതിൽ രണ്ടാമത്തെ പദമായ 'അനാഫെറൈൻ' ൽ നിന്നും ആണ് 'അനാഫൊറ' എന്ന വാക്കുത്ഭവിച്ചത്.

അനാഫൊറ എന്ന ഗ്രീക്ക് പദത്തിന്  'മുകളിലേക്കു ഉയർത്തി പുറകോട്ടു കൊണ്ടുവരിക' എന്ന വിശാലമായ ഒരു അർത്ഥം കൂടിയുണ്ട്. ഇതും ബലിയനുഷ്ഠാനാവുമായി ബന്ധപ്പെട്ട അർത്ഥം ആണ്. പഴയനിയമ ബലിയർപ്പണത്തിൽ കാർമ്മികൻ ബലിവസ്തുക്കളിൽ ഒരു ഭാഗം എടുത്തു മുകളിലേക്കുയർത്തുകയും പുറകോട്ട് കൊണ്ടുവന്നു ബലിപീഠത്തിൽ വയ്ക്കുകയും ചെയ്യുന്നതായ കർമ്മത്തെ ഇത് സൂചിപ്പിക്കുന്നു.

 ആദിമ സഭയിലെ വിശുദ്ധ കുർബാന അർപ്പണത്തിനു ഭവനങ്ങളിൽ നിന്നും ബലിവസ്തുക്കൾ കർതൃമേശമേൽ എത്തിക്കുകയും അവയിൽ നിന്നും കാർമ്മികൻ തിരഞ്ഞെടുത്ത ഭാഗം ബലിവസ്തുവായി  കർതൃമേശമേൽ പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം സൂക്ഷിക്കുന്നതിന് ബലിവസ്തുക്കൾ ഒരു  തുണി (ശ്ശോശപ്പ)കൊണ്ടു മൂടി വയ്ക്കുകയായിരുന്നു പതിവ്. ബലിയർപ്പണ സമയത്തു ഈ മൂടി മുകളിലേക്കുയർത്തുകയും പിന്നിലേക്ക് കൊണ്ടുവരുകയും ചെയ്ത ശേഷം മടക്കി മാറ്റി വയ്ക്കുന്നു. ഈ പ്രവർത്തി മൂലം തുണികൊണ്ടുള്ള ആ മൂടിയ്ക്കും അനാഫൊറ എന്ന് വിളിക്കാറുണ്ട്, നമ്മുടെ സഭയിൽ ഇത് ശ്ശോശപ്പ എന്നറിയപ്പെടുന്നു .

വിശുദ്ധ കുർബാനയിൽ നാം ഇതു, "കരുണയും സമാധാനവും  ബലിയും സ്തോത്രവും ആകുന്നു" എന്ന് പ്രഖ്യാപിക്കാറുണ്ട്. 

എന്നാൽ വി. കുർബാന ഏതു അർത്ഥത്തിൽ ആണ് ബലിയും സ്തോത്രവും ആകുന്നത് എന്ന്, എന്താണ് ബലിയുടെയും സ്തോത്രത്തിന്റെയും തമ്മിലുള്ള പരസ്പരബന്ധം  എന്നൊക്കെ ചോദിച്ചാൽ പലർക്കുമുള്ള ധാരണകൾ വികലമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഇതിനു ഉത്തരം കൊടുക്കുവാൻ കഴിയാതെ വരുമ്പോൾ ആണ് എബ്രായ ലേഖനം 9 ഉം 10 ഉം അധ്യായങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടു നവീകരണക്കാർ സാധാരണ വിശ്വാസികളെ സമീപിക്കുകയും വിശുദ്ധ കുർബാനയെ  വിജാതിയരുടെ ഇടയിലും, ഇസ്രായേക്കാർക്കിടയിലും ഉള്ള അനുഷ്ഠാന നിഷ്‌ഠമായ ( Cultic Sacrifice) ബലികളോട് ഉപമിപ്പിച്ചുകൊണ്ട്  തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്.

വിശുദ്ധ അനാഫൊറയുടെ   ആരാധനക്രമം നാം മൂന്ന് ഭാഗങ്ങൾ ആയി തിരിച്ചു കൊണ്ട് ഈ ബലിയും സ്തോത്രവും ആയതിനെ പഠിക്കാം. ആ മൂന്നു ഭാഗങ്ങൾ ഇവയാണ് ; 1) വിശുദ്ധ ബലി ( Holy Sacrifice),  2) വിശുദ്ധ സ്തോത്രം ( Holy Eucharist), 3) Holy Epiclesis ( വിശുദ്ധ റൂഹാ ക്ഷണം). തുടർന്നുള്ള ഭാഗങ്ങളിൽ ഇവ വിശദമായി പഠിക്കുവാൻ ശ്രമിക്കാം.

തുടരും......

No comments