Latest Posts

ഫിനഹാസ് റമ്പാൻ; മലേക്കുരിശ് ദയറായിലെ താപസശ്രേഷ്ഠൻ

 അതിശയകരമാണ് ഈ സന്യാസ ജീവിതം.

Finahas Ramban malekurish dayara

📝 ഫാ. ജെ മാത്യു മണവത്ത്

ഫിനഹാസ് റമ്പാച്ചൻ, അദ്ദേഹം ജന്മദിനം ആരോടും പറയാറില്ല. ആഘോഷിക്കാറില്ല. 

ഒരു വിശ്വാസിയുടെ മരണ ദിനത്തിനാണ് പ്രാധാന്യം. ഒരാളുടെ ജീവിതാന്ത്യം വരെ ദൈവത്തോട് വിശ്വസ്തനായിരുന്നാൽ മാത്രമെ അയാളെ ഭാഗ്യവാൻ എന്നു പറയാൻ പറ്റുകയുള്ളു.ജന്മദിനത്തെപ്പറ്റി പറഞ്ഞാൽ ഉടൻ ബൈബിൾ എടുത്ത് പ്രാർത്ഥിച്ച് വാക്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തരും.

പക്ഷേ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ വൃത്തികെട്ട ലോകം ഈ പുണ്യവാനെ അറിഞ്ഞിരിക്കണം.അക്കാര്യം എനിക്കു നിർബന്ധമുണ്ട്.

മലേക്കുരിശിലെ മഹാമുനി എന്നു ഞാൻ വാഴ്ത്തി എന്നു കേട്ടാൽ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടേക്കാം.പക്ഷേ കുഴപ്പമില്ല. ലോകത്തിന് എന്തിന് അദ്ദേഹത്തെ വേണം. ഒരു പക്ഷേ മരിച്ചു കഴിഞ്ഞാൽ അസ്ഥികൾ ലോകത്തിനു വേണ്ടി വരും. അവിടെ ആ ആത്മാവ് ഇല്ലെല്ലോ?

ആരോടും പണത്തിൻ്റെ ഒരു രൂപത്തിലുള്ള വസ്തുവും കൈപ്പറ്റാത്ത അദ്ദേഹത്തിൻ്റെ കബറിൽ നോട്ടുപെട്ടികൾ നിറയും. അതും ഒരു വിരോധാഭാസം.

ഇന്ന് ലോകം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സന്യാസത്തിന് പ്രസക്തിയുണ്ടോ?

അത് മനസ്സിലാക്കാൻ  കൊച്ചി ചെറായി സ്വദേശി   വാഴപ്പള്ളിൽപത്രോസ്കോർ എപ്പിസ്കോപ്പായുടെയും മണർകാട് മാന്താറ്റിൽ മറിയത്തിൻ്റെയും പുത്രനായി ജനിച്ച പൂർവ്വനാമം ജോസഫ് എന്നായിരുന്ന ഇന്നത്തെ ഫിന ഹാസ് റമ്പാനെ അടുത്തറിയണം. ഒരു സാധാരണ സുറിയാനി ക്രിസ്ത്യാനി കുടുംബമാണ് അദ്ദേഹത്തിൻ്റെത്. പിതാവ് പത്രോസ് കോർ എപ്പിസ്കോപ്പാ സ്ലീബാ മാർ ഒസ്ത്താത്തിയോസ് ബാവായുടെ ശുശ്രൂഷകനായ ശെമ്മാശനായിരുന്നു.

ജോസഫ് പോസ്റ്റൽ ഡിപ്പാർറ്റ്മെൻറിൽ ക്ലെറിക്കൽ പോസ്റ്റിൽ ജോലി ചെയ്തു വരുമ്പോൾ ജോലി രാജി വെച്ച് കുരിശ് വഹിക്കുമ്പോലെ തിരുവനന്തപുരത്ത് നിന്നു കാൽനടയായി സഞ്ചരിച്ച്  കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവാ ,പൗലോസ് മാർ പീലക്സിനോസ് എന്ന നാമധേയത്തിൽ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ ആയിരിക്കുമ്പോൾ, മൂവാറ്റുപുഴ അരമനയിൽ എത്തി തൻ്റെ ദൈവവിളി താഴ്മയോടെ അറിയിച്ചു. തിരുമേനി തൻ്റെ അയൽവാസിയും ഇടവക വികാരിയുമായ പത്രോസ് കോർ എപ്പിസ്കോപ്പായുടെ പുത്രനെ പരിശുദ്ധാത്മാവിൻ്റെ നിറവിൽ സ്നേഹത്തോടെ സ്വീകരിച്ചു.

ആദ്യകാലങ്ങളിൽ പള്ളികളിൽ സുവിശേഷം പ്രസംഗിക്കുവാൻ നിയോഗിച്ചു. പിന്നിട് സന്യാസ പരിശീലനത്തിന് മലേക്കുരിശ് ദയറായിലേക്ക് അയച്ചു.

സന്യാസജീവിതത്തിലെ അദ്ദേഹത്തിൻ്റെ വ്രതചര്യകൾ.

1982 -1983 കാലങ്ങളിലാണ് ഞാൻ മലേക്കുരിശിൽ താമസിക്കുന്നത്. പൊന്നാം കുഴി ശെമ്മാശൻ, (മാർ ദിയസ് കോറോസ് തിരുമേനി,) ചാലുപറമ്പിൽ ശെമ്മാശൻ ( ക്നാനായ, മാർ ഗ്രീഗോറിയോസ് തിരുമേനി, കോട്ടയത്ത് നിന്ന് വടക്കേടത്ത് മാത്യൂസ് അച്ചൻ, കുറിച്ചി മല കുറിയാക്കോസ്അച്ചൻ, മൈലപ്പള്ളി അച്ചൻ, കോട്ടയിലച്ചൻ എന്നിവരും കണ്ടനാട് നിന്നും മാത്യൂസ്ചാലപ്പുറം അച്ചൻ, ജോയി ആനക്കുഴി അച്ചൻ ,ക്നാനായ പ്രസാദ് കോവൂർ അച്ചൻ എന്നിവരൊത്തുള്ള സഹവാസം ഇന്നും ഓർമ്മയിൽ നിൽക്കുന്നു.

ഞാൻ നേരിട്ട് കണ്ടും അനുഭവിച്ചതുമായ കാര്യങ്ങളാണ് എഴുതുന്നത്. ഒരു വെള്ള മുണ്ടും വെള്ള ജുബ്ബയും ഇടക്കെട്ടുമാണ് വേഷം. എല്ലാവരും ബഹുമാനത്തോടെ ജോസഫ് സാർ എന്നു വിളിക്കും.

പുലർകാലത്ത് നാല് മണിയാകുമ്പോൾ ഞങ്ങൾ കിടക്കുന്ന മുറിയുടെ വാതിക്കൽ ശക്തമായി മുട്ടും. എഴുനേൽക്കുക. കൃത്യം 5 മണിക്ക് പ്രഭാത നമസ്കാരം എക്കാറ അനുസരിച്ചു സുറിയാനി ഭാഷയിൽ ഉണ്ടാകും. 

12 ന് ഉച്ച പ്രാർത്ഥന, വൈകിട്ട് 5ന് സന്ധ്യാപ്രാർത്ഥന 8 ന് സൂത്താറാ പ്രാർത്ഥന. ഇത് എല്ലാവരും സംബന്ധിക്കണ്ടതായ പൊതു പ്രാർത്ഥനകളാണ്.

ജോസഫ് സാർ വിദ്യാർത്ഥികളെ സുറിയാനി പഠിപ്പിക്കും. അഗാധമായ ബൈബിൾ പാണ്ഡിത്യമാണ് അദ്ദേഹത്തിന് ഏത് വിഷയം ബൈബിളിൽ ഏത് ഭാഗത്ത് എന്നത് അദ്ദേഹത്തിന് നിശ്ചയമാണ്. എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചും ഇരിക്കുന്ന സ്വഭാവം.വി.കുർബ്ബാന അർപ്പിക്കപ്പെടുന്ന ഞായർ മോറാനായ നാളുകൾ എന്നിവ ഒഴികെ എല്ലാ ദിവസവും പൂർണ്ണ ഉപവാസം വൈകുന്നേരം വരെ കഴിക്കും'. ശുദ്ധജലം പോലും കുടിക്കുകയില്ല.  വളരെ നിസ്സാരമായ റവ കുറുക്കിയത് അല്പം വൈകിട്ട് ദക്ഷിക്കും.

രാത്രിയിൽ കട്ടിലിൽ കിട്ടന്ന് ഉറങ്ങുകയില്ല നിലത്ത് ഇരുന്ന് പ്രാർത്ഥിക്കും. ഇന്ന് കിടക്കുമോ? അറിയില്ല.  പകൽനേരത്ത് ചിലപ്പോൾ പള്ളി തുണിൽ ചാരി ഇരുന്ന്, അറിയാതെ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. ജീവിതത്തിൽ ഈ വ്രത സ്വീകാര്യത്തിനു ശേഷം ചികിത്സ തേടിയതായി അറിയില്ല. ഏതായാലും അക്കാലത്ത് ഇല്ല.

പാമ്പിനെ കാണുന്നത് അദ്ദേഹത്തിന് ചെകുത്താൻകുരിശ് കണ്ടതുപോലെ ആയിരുന്നു. ഉല്പത്തി പുസതകത്തോടുള്ള ഭക്തിയാകാം കാരണം.

ഒരിക്കൽ ഒരു പാമ്പിനെ പേടിപ്പിച്ച് ഓടിക്കുവാൻ അദ്ദേഹം വടി എടുത്തു. നിലത്ത് തെന്നിവീണു. കൈയുടെ കുഴതെറ്റിപ്പോയി. ഭയറായുടെ അധിപൻ

യാക്കോബ് മാർ തിമോത്തിയോസ് തിരുമേനിയും, അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും കോലഞ്ചേരി ആശ്രുപത്രിയിൽ ചികിത്സക്ക് വിധേയപ്പെടാൻ നിർബന്ധിച്ചു.. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല.

ദയറായുടെ മുറ്റത്ത് നിന്ന തൈ തെങ്ങിലെ മടൽ പൊളിചെറുതാക്കി ,ചുറ്റികെട്ടാൻ പാകത്തിൽ വെള്ള തുണിയിൽ പള്ളിക്കുള്ളിലെ നിലവിളക്കിലെ വെളിച്ചെണ്ണയിൽ മുക്കി., ഒപ്പം ഉണ്ടായിരുന്ന ശെമ്മാശന്മാരുടെ സഹായത്താൽ വെച്ചു കെട്ടി. അദ്ദേഹം ആ സമയത്ത് ഉറക്കെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

ആ കൈ ഉപയോഗിച്ച്  അന്ന് സന്ധ്യക്ക് കുമ്പിട്ട് പ്രാർത്ഥിച്ചു. ദൈവാനുഗ്രഹത്താൽ ഒരു ഊനവും കൂടാതെ അദ്ദേഹത്തിൻ്റെ കൈ സുഖപ്പെട്ടു.

ഭക്ഷണം കൂടാതെ ,പോഷക ആഹാരം കൂടാതെ ,വൈദ്യസഹായം കൂടാതെ ഒരു മനുഷ്യൻ 87 വയസ്സുവരെ ജിവിച്ചത് അത്ഭുതമാണ്.

ദൈവവചനമാണ് ആഹാരം. നിങ്ങൾക്കറിയാത്ത ഭക്ഷണം എനിക്കുണ്ട് എന്ന് ക്രിസ്തു പറഞ്ഞത് അന്വർത്ഥമാക്കിയ മനുഷ്യനാണ് ഈ പുണ്യാത്മാവ്.

എങ്കിലും മോറാനായ ദിവസങ്ങളിൽ സന്യാസികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത മാംസാഹാരം ഒഴികെ മുട്ട പാൽ എന്നിവ ഭക്ഷിക്കുമായിരുന്നു.

ഒരിക്കൽ ഒരു വിശേഷ ദിവസം അടുത്തെങ്ങോ ഉള്ള ഒരു ഭവനത്തിൽ നിന്നും ഒരു ഞായറാഴ്ച ഇദ്ദേഹത്തിന് നല്ല എരിവുള്ള ഭക്ഷണം., നല്ല ചുക്കുവെള്ളം എന്നിവ കൊണ്ടുവന്നു വീട്ടു കാർ വിളമ്പിക്കൊടുത്തു. അദ്ദേഹം ഭക്ഷിച്ചു.

ഞാൻ ജോസഫ് സാറിനോട് ചോദിച്ചു.

'എന്തൊരു എരിവ് എങ്ങനെ കഴിക്കും?

എനിക്കു ജലദോഷയും ചെറിയ പനിയും ഉണ്ട്. ദൈവം അറിഞ്ഞ്

ഇവരാൽ ഇത് നിവൃത്തി ആയതാണ്.

അതായത് ഏലിയാവിന് കാക്കയെക്കൊണ്ട് ദൈവം  അപ്പം കൊടുത്തതുപോലെ തന്നെ.

പരിഹാസങ്ങളും സഹനങ്ങളും.

അക്കാലത്തെ ആ പള്ളി വികാരി അച്ചന് കണ്ണ് എടുത്താൽ കണ്ടു കൂടാത്ത ആളായിരുന്നു ജോസഫ് സാർ. എല്ലാ പുണ്യാത്മക്കളെയും ലോകം ആദ്യം വിളിക്കുന്ന പേരാണ് വട്ടൻ.

പിന്നിട് അപഹസിച്ച് ഒരുക്കും. അപവാദം പറയും. ഉപദ്രവിക്കും.

ഒടുവിൽ കൊല്ലും.ഇത് യേശുവിന് മാത്രമല്ല സേക്രട്ടറിസ് തുടങ്ങി ലോകാരംഭം മുതൽ ലോകാവസാനം വരെയും അങ്ങനെ ആയിരിക്കും. ചെരുപ്പ് ഇടാത്തവൻ, വൃത്തി ഇല്ലാത്തവൻ, മാവിലകൊണ്ട് പല്ലു തേക്കുന്നവൻ, വട്ടൻ എന്നിങ്ങനെ മുഖത്തു നോക്കി ഞങ്ങൾ യുവാക്കളുടെ മുമ്പിൽ നിർത്തി പരസ്യമായി ആക്ഷേപിക്കുമായിരുന്നു. 

എന്നാൽ ശ്രേഷ്ഠ പൗലോസ് ദ്വിതീയൻ ബാവാ, യാക്കോബ് മാർ തിമോത്തിയോസ് തിരുമേനി എന്നിവർ സാറിനെ ശരിക്കും അറിയാമായിരുന്നു. ഒപ്പം കരുതിയിരുന്നു. ദയറായുടെ കാര്യക്കാരൻ കുഞ്ഞൂഞ്ഞ് ചേട്ടനോട് പറഞ്ഞ്

സാറിന് വേണ്ട കാര്യങ്ങൾക്ക് ചെലവ് ചെയ്യിച്ചിരുന്നു.

ചില മെത്രാന്മാർ കാണുമ്പോൾ, ബഹുമാനം കാണിക്കുമായിരുന്നു.

ചിലർ വട്ടൻ എന്ന വായിത്താര പാടി നടന്നു.

എനിക്ക് അന്നും ഒരു അത്ഭുതമായിരുന്നു ജോസഫ് സാർ.

ഒരു മനുഷ്യൻ എങ്ങനെ ഇപ്രകാരം ജീവിക്കും? ഇതായിരുന്നു ആ ചോദ്യചിഹ്നം?

മുലക്കുരിശ് ദയറാ വിട്ട് പുറത്ത് പോകുന്നത് ആ പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുനാൾ റാസാക്ക് മാത്രമായിരുന്നു.

സ്വന്തം പിതാവ് പത്രോസ്കോർ എപ്പിസ്കോപ്പാ നിര്യാതനായിട്ടു പോലും പ്രാർത്ഥിക്കുവാൻ ദയറാ വിട്ട് വീട്ടിൽ പോയില്ല.

കൊഹനൈത്താക്രമം മുഴുവൻ ഞങ്ങളെ കൂട്ടി പള്ളിയിൽ വെച്ചു പ്രാർത്ഥിച്ചു.

ചാരിത്ര്യo, ദാരിദ്രം, അനുസരണം.

"യൗഫദിയക് നോ ജോസഫ് " എന്ന് ശ്രേഷ്ഠ ബാവാ വിളിച്ചാൽ കൈ കെട്ടി മുമ്പിൽ വന്നു സുറിയാനിയിൽ "അടിയൻ ഇതാ "എന്നു പറയും.

അധികാരികൾ വെക്കുന്ന നിയമങ്ങൾ പൂർണ്ണമായും അനുസരിക്കും. പിൽക്കാലത്ത് ഒരു റമ്പാച്ചൻ മലേക്കുരിശ് ദയറാധിപനായി വന്നു. അദ്ദേഹത്തെ ഒരു ചെറുപയ്യനായിട്ട് ശ്രഷ്ഠ ബാവാ സുറിയാനി പഠിക്കാൻ മലേക്കുരിശിൽ കൊണ്ടുവന്നു ജോസഫ് സാറിനെ ഏല്പിച്ചു. അദ്ദേഹം അതിബുദ്ധിമാനും പണ്ഡിതനുമായിരുന്നു.മൂന്ന് മാസം കൊണ്ട് ഗ്രാമർ എല്ലാം പഠിച്ചു.

പിന്നിട് ഇതേ ദയറാധിപനായപ്പോൾ ഒരു ദയറായക്ക് ഉചിതമായ ചില നിയമാവലികൾ ഏർപ്പെടുത്തി. ജോസഫ് സാറിൻ്റെ പല രീതികളും റദ്ദുചെയ്തു. അദ്ദേഹം സ്വന്തമുറിക്കുള്ളിൽ പ്രാർത്ഥിച്ചു കഴിയണ്ടതായി വന്നു.ഔദ്യോഗിക പ്രാർത്ഥനകൾക്കു് മാത്രം പള്ളിയിൽ വരാം.ചുരുക്കത്തിൽ ജ്യോസഫ് സാർ അറിയാതെ അദ്ദേഹത്തിനു ചുറ്റും ഉരുണ്ടുകൂടിയ താരപരിവേഷം റദ്ദു ചെയ്യപ്പെട്ടു.

അതും ദൈവാനുഗ്രഹമായി പരിണമിച്ചു. അദ്ദേഹം പിറുപിറുപ്പു കൂടാതെ അനുസരിച്ചു. ഇക്കാര്യങ്ങൾ എനിക്ക് 'നേരിട്ട്  അറിച്ചുള്ള വിവരമല്ല. ഞാൻ ശേഖരിച്ച വിവരങ്ങളാണ്.

പ. സഖാ പ്രഥമൻ ബാവാ ഫിന ഹാസ് റമ്പാച്ചനെ ദയറായുടെ ഫോണിൽ വിളിച്ച്

സിറിയയിൽ അദ്ദേഹത്തെ സന്ദർശിക്കാനും വിശുദ്ധനാട് സന്ദർശിക്കാനും നിർബന്ധിച്ചു. അക്കാര്യം അനു സരണത്തെ പ്രതി സ്വീകരിച്ചു ദയറാ വിട്ട് വിദേശയാത്ര നടത്തി.

പിന്നിട് കോതമംഗലം പള്ളി അലങ്കോലപ്പെടുന്നതു കണ്ട് സങ്കടപ്പെട്ട് വിശുദ്ധൻ്റ

കബറിടം സന്ദർശിച്ചു പ്രാർത്ഥിച്ചു. മദ്ധ്യസ്ഥത നടത്തി. 

വിദേശയാത്രക്ക് ശേഷം ഞാൻ അദ്ദേഹത്തെ സന്ദൾശിച്ചു.

ഞാൻ യാത്രാവിശേഷങ്ങൾ തിരക്കി.

തികഞ്ഞ മൗനം.

"എൻ്റെ ചുറ്റം പിശാചുക്കളാണ്".

എനിക്ക് വിവരം പിടി കിട്ടി.

ഇന്നത്തെ യറുശലേം, വിമാനയാത്ര, ആധുനിക ലോകം ഒന്നും ഈ

ഉഗ്ര സന്യാസിക്ക് പറ്റിയതല്ല.

2017 ലെ സുപ്രിം കോടതി വിധിക്ക് ശേഷം പള്ളികളിൽ അലങ്കോലങ്ങൾ നടക്കുന്ന കാലം.

ഞാൻ എന്തു ചെയ്യണം? ഞാൻ റമ്പാച്ചനോട് അഭിപ്രായം ചോദിച്ചു.

ഈ ദോഷങ്ങൾ എന്തുകൊണ്ടെന്ന്, ആരെയും കുറ്റം വിധിക്കാതെ അദ്ദേഹം ഒന്നു രണ്ട് വാക്കിൽ ഉത്തരം തന്നു.

ഞാൻ എന്തു ചെയ്യണമെന്നു മാത്രം അദ്ദേഹം ഒന്നും പറഞ്ഞില്ല.

പ്രാർത്ഥിപ്പാൻ ഞാൻ അദ്ദേഹത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി.

എൻ്റെ കൈകൾ അബ്രഹാം ഏലിയാസർ എന്ന ദാസനെക്കൊണ്ട് ചെയ്യിച്ച പോലെ അദ്ദേഹത്തിൻ്റെ മുട്ടിനിടയിൽ ചെപ്പിച്ച് സത്യം ചെയ്യിക്കുന്ന പോലെ

ചില കാര്യങ്ങൾ പറഞ്ഞു. അത് ഒരു വലിയ രഹസ്യങ്ങൾ ആയിരുന്നു.

ആരോടും പറയരുത്. എന്നോട് വാക്കു വാങ്ങിച്ചു.

ഞാൻ ആ വാക്ക് ഇന്നും പാലിക്കുന്നു.

അന്ന് ഒരു കാര്യം എനിക്കു ബോധ്യപ്പെട്ടു. ദൈവം സ്വർഗ്ഗത്തിലെ കാര്യങ്ങൾ മാത്രമല്ല നരക രഹസ്യങ്ങളും അറിയുന്നതു പോലെ തൻ്റെ ദാസ ർ ക്കും

നരകം പോലും മറവല്ല. മനുഷ്യർ ഒളിക്കുന്നതെല്ലാം പകൽ പോലെ വെളിച്ചത്തുണ്ട്..

റമ്പാച്ചൻ മൂലം പല അത്ഭുത കാര്യങ്ങളും നടക്കുന്നുണ്ട്.

അത് പറയുന്നില്ല. എങ്കിൽ പിശാചുക്കൾ അദ്ദേഹത്തിൻ്റെ അസ്ഥികൾക്കു വേണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ കടി പിടിക്കൂട്ടും.

വേണ്ട . മറയപ്പെട്ടു തന്നെ ആ ഉപ നിധി ഇരിക്കട്ടെ.

ഇന്നത്തെ മലേക്കുരിശ് ദയറാധിപൻ മാർ ദിയസ് കോറോസ് തിരുമേനി ഗുരുതുല്യം റമ്പാച്ചനെ ബഹുമാനിക്കുകയും റമ്പാച്ചന് വേണ്ടശുശ്രൂഷകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ പ്രത്യേക നിർബന്ധത്താലാണ് ജോസഫ് സാർ, കാശിശോ, റമ്പാൻസ്ഥാനം പ്രാപിച്ചത്.ഈ പിതാവിനെയും ഈ സന്ദർഭത്തിൽ സ്മരിക്കണം..

ഏതാണ്ട് പഴയ നൂറ്റാണ്ടുകളിലെ സിറിയൻ ഓർത്തഡോക്സ് സഭയിലെ ഹെർമിറ്റുകളായ, ശമ് വോൻ ദസ് സ്തൂനോ, ഐസക്ക്, ബാലായി പോലുള്ള പിതാക്കന്മാരുടെ ഗണത്തിൽ പെട്ടയാൾ.

ഇത്തരം ആയിരമല്ല പതിനായിരക്കണക്കിന് പിതാക്കന്മാരെ, മർദ്ദിൻ തുറബ്ദിൽ, മുതലായ സ്ഥലങ്ങളിലെ ദയറാകൾ ലോകത്തിന് കൊടുത്തിട്ടുണ്ട്.

അവർ രചിച്ച പ്രാർത്ഥനകളാണ് നമ്മുടെ ആരാധനാ സാഹിത്യം.☺

No comments