Latest Posts

 *നമ്മുടെ കുടുംബങ്ങളെ പാപത്തിൽ നിന്നും,  നിഷ്‌ക്രിയത്വത്തിൽ നിന്നും സംരക്ഷിക്കുക*


(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)


*PART - 4*


*D) നമ്മുടെ കുടുംബങ്ങളെ  സംരക്ഷിക്കുന്നതിന്, നമ്മുടെ കുറവുകളെ ആത്യന്തികമായി ദൈവം  നമ്മുടെ നന്മയ്ക്കായി  ഉപയോഗിക്കുന്നു*


29:31 അവന്‍ ലേയയെ വെറുക്കുന്നു എന്നു കര്‍ത്താവു കണ്ടപ്പോള്‍ അവളുടെ ഗര്‍ഭ പാത്രം തുറന്നു. റാഹേലോ വന്ധ്യയായിരുന്നു. 30:22  ദൈവം റാഹേലിനെ ഓര്‍ത്ത് അവളെ ചെവിക്കൊണ്ട് അവളുടെ ഗര്‍ഭപാത്രം തുറന്നു. 

30:23  അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. ദൈവം എന്‍റെ നിന്ദ നീക്കിക്കളഞ്ഞു എന്ന് അവള്‍ പറഞ്ഞു. 

30:24  ദൈവം എനിക്കു മറ്റൊരു മകനെ കൂടി തരും എന്നു പറഞ്ഞ് അവള്‍ അവനു യൗസേഫ് എന്നു പേരിട്ടു. (ഉൽപ്പത്തി 29:31- 30:22-24)


ബൈബിളിലെ ഈ  വിവരണങ്ങളിൽ  നിന്നും യാക്കോബിന്റെ കുടുംബത്തിലെ പാപകരമായ വീഴ്ചയും, നിഷ്ക്രിയത്വവും മൂലമുള്ള കുറവുകളെ നാം കണ്ടു. എന്നിരുന്നാലും, ഈ കുറവുകളുടെ മധ്യത്തിലും,  മഹത്വവാനായ   ദൈവത്തിന്റെ പ്രതിരോധിയ്ക്കുവാൻ പറ്റാത്ത കൃപ   (irresistible grace) ഒരു സംരക്ഷണ മതിൽ പോലെ എല്ലായിടത്തും പ്രവർത്തിക്കുന്നു. എന്തെന്നാൽ,  ഇപ്രകാരം എഴുതപെട്ടിരിക്കുന്നു,  "അങ്ങനെ തനിക്ക് മനസ്സുള്ളവരോട് താന്‍ കരുണ ചെയ്യുന്നു. തനിക്കു മനസ്സുള്ളവനെ കഠിനനാക്കുകയും ചെയ്യുന്നു"(റോമർ 9:18). യാക്കോബിനാൽ  സ്നേഹിക്കപ്പെടാത്തതിനാൽ ഉള്ള അവളുടെ ദുഃഖം കണ്ടു ദൈവം ലേയയെ  അനുഗ്രഹിച്ചു.

ഒരർത്ഥത്തിൽ, അവൾ യാക്കോബിനെ വഞ്ചിച്ചവൾ എന്ന നിലയിൽ ഭർതൃ സ്നേഹത്തിനു അയോഗ്യയായിരുന്നു. തന്നെ വഞ്ചിച്ചു കൊണ്ടു തന്റെ ഭാര്യാപദത്തിലേക്കു കടന്നുവന്നവളെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ യാക്കോബിനും  ബുദ്ധിമുട്ടായിരുന്നിരിക്കാം. എന്നിരുന്നാലും, ദൈവം അവളുടെ അപമാനവും ലജ്ജയും കണ്ട് കരുണ തോന്നി അവളെ അനുഗ്രഹിച്ചു, അവൾ യാക്കോബിന് ഏഴു മക്കളെ നൽകി; ആറ് പേർ ആൺകുട്ടികളാണ്. ഈ ആൺകുട്ടികളിൽ രണ്ടുപേർ ലേവിയും യഹൂദയും ആയിരുന്നു. ഇസ്രായേലിന്റെ പുരോഹിത ഗോത്രവും രാജകീയ ഗോത്രവും ഉത്ഭവിച്ചത് ഇവരിൽ നിന്നുമായിരുന്നു.  മോശയും അഹരോനും ലേവിയിലൂടെ വന്നു,  ദാവീദും ശലോമോനും ക്രിസ്തുവും യഹൂദയിലൂടെയും  വന്നു.  വഞ്ചനാപരവും ആകർഷകമല്ലാത്തതും തകർന്നതുമായ ലേയയുടെ കുടുംബത്തിലെ കുറവുകളെ പരിഹരിച്ച ദൈവം ആ കുടുംബത്തിലൂടെ  ലോകത്തെ അനുഗ്രഹിച്ചു.


റാഹേലിന്റെ ജീവിതം നോക്കിയാൽ, അവൾ തന്റെ സൗന്ദര്യത്തിലും  ഭർത്താവ് അവൾക്കായി പതിനാലു വർഷം ജോലി ചെയ്തു എന്ന കാരണത്താലും വളരെ  അഭിമാനിക്കുന്നതിനാൽ ദൈവാശ്രയത്വബോധം ഇല്ലാതെ അഹങ്കരിക്കുന്നു. എങ്കിലും  മക്കളെ പ്രസവിക്കാൻ സാധിക്കാത്ത വിധത്തിൽ തന്റെ ഗർഭപാത്രം അടയ്ക്കപ്പെട്ട നിലയിലേക്ക് ദൈവം റാഫേലിനെ താഴ്ത്തി. പിന്നീട്  ദൈവത്തിന്റെ മുൻപാകെ വിനയപ്പെട്ടപ്പോൾ കർത്താവ് അവളെ ഉയർത്തി. ഈജിപ്തിന് ഒരു അനുഗ്രഹമായിത്തീർന്നവനും,  ഒരു വലിയ ക്ഷാമകാലത്ത് തന്റെ കുടുംബത്തെ മുഴുവനും സംരക്ഷിക്കുന്നവനുമായ ധാർമ്മികനായ ജോസഫിനെ പ്രസവിക്കാൻ കർത്താവ്  അവളെ പ്രാപ്തയാക്കി. ഒടുവിൽ റാഹേൽ  ബെന്യാമിനെയും  പ്രസവിച്ചു.


ഈ കുടുംബചരിത്രം,  അവരുടെ കുറവുകൾ മൂലം അത്ര ശ്രേഷ്ഠമായ സംഗതികൾ നിറഞ്ഞ ഒന്നല്ല. ഒരുപക്ഷേ,  ഇസ്രായേൽ  മരുഭൂമിയിലായിരിക്കുമ്പോൾ, തങ്ങൾ എത്ര മാത്രം ലജ്‌ജാകരമായ കുടുംബപാരമ്പര്യം ഉള്ളവരാണ് എന്നും ദൈവകൃപയൊന്നുകൊണ്ടു  മാത്രം ആണ് നിന്ന് അവർ സംരക്ഷിക്കപ്പെട്ടു വലിയ ജനതയായി മാറിയതെന്നും കാണിക്കാൻ  മോശ ഈ ചരിത്രം പങ്കുവെക്കുകയായിരുന്നിരിയ്ക്കാം.  അവരുടെ കുടുംബ പശ്ചാത്തലം പാപം മൂലം പ്രവർത്തനരഹിതമായിരുന്നു. എന്നിരുന്നാലും, ദൈവം തന്റെ കൃപയാൽ അവരെ തന്റെ ഉള്ളം കൈയ്യിൽ എടുത്ത് അവരുടെ കുറവുകളെ ക്ഷമിച്ചും പരിഹരിച്ചും   അവരെ ഒരു മഹത്തായ ജനതയാക്കി തീർത്തു.  ഈജിപ്തിലെ അടിമത്വത്തിൽ നിന്നും പുറപ്പെടുമ്പോൾ 20 ലക്ഷത്തിലധികം വരുന്ന ഒരു ജനതയായി ആ ചെറിയ കുടുംബം ദൈവത്താൽ വളർത്തപ്പെട്ടു.


ഇതേ പ്രകാരംതന്നെ, നമ്മുടെ കുടുംബത്തെയും ജീവിതത്തെയും ഹൃദയങ്ങളെയും സംരക്ഷിക്കാൻ നാം ആഗ്രഹിക്കുകയാണെങ്കിൽ, നാം ദൈവകൃപയെ  മുറുകെ പിടിക്കണം. എന്തുകൊണ്ടെന്നാൽ, "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് വിളിക്കപ്പെടുവാന്‍ നിര്‍ണ്ണയിക്കപ്പെട്ടവര്‍ക്ക് എല്ലാറ്റിലും നന്മയ്ക്കായി താന്‍ സഹായിക്കുന്നു എന്ന് നാം അറിയുന്നു"(റോമർ  8:28). അവൻ നമ്മുടെ കുഴപ്പം നിറഞ്ഞ കുടുംബ പശ്ചാത്തലങ്ങൾ, നമ്മുടെ വ്യക്തിപരമായ പരാജയങ്ങൾ, നമ്മുടെ കുടുംബാംഗങ്ങളുടെ പരാജയങ്ങൾ എന്നിവ ഏറ്റെടുക്കുകയും അവയെ നമ്മുടെ  നന്മയ്ക്കായി വ്യത്യാസപെടുത്തുകയും  ചെയ്യുന്നു. തീർച്ചയായും, പാപത്തിനു  പരിണതഫലങ്ങളുണ്ട് എന്നത് ഈ വിവരണത്തിലുടനീളം നമ്മൾ കാണുന്നുണ്ട്,  എന്നിരുന്നാലും, നമ്മുടെ പാപങ്ങളോ പരിണതഫലങ്ങളോ ഒന്നും ദൈവത്തിന് വളരെ വലുതല്ല. ദൈവം ലോകത്തിലെ ഏറ്റവും തിൻമ്മപ്പെട്ട കാര്യത്തെ, തന്റെ ഏകജാതനായ പുത്രനെ കുരിശിൽ തറച്ചു കൊന്നതിനെ,  ലോകത്തിലെ ഏറ്റവും മികച്ച കാര്യമാക്കി മാറ്റിക്കൊണ്ട് ലോകത്തെ രക്ഷിച്ചവനാണ്. അവന്റെ കൃപയുടെ സന്നിധിയിൽ നമ്മുടെ കുടുംബം സുരക്ഷിതമായിരിക്കും.


നാം ദൈവകൃപയെ ഓർക്കുന്നുവെങ്കിൽ, അത്  നമ്മുടെ ജീവിതത്തിൽ നമ്മെ നിരുത്സാഹപ്പെടുത്തുന്ന സംഗതികളിൽനിന്നും,  നിരാശയിൽ നിന്നും,  നമ്മുടെ അവകാശങ്ങൾ നിഷേധിക്കുന്നവരിൽ നിന്നും,  നമ്മോട്  പോരാടുന്നവരിൽ നിന്നും  നമ്മെ  സംരക്ഷിക്കും. അവൻ നമ്മുടെ നന്മയ്ക്കായി എല്ലാം പ്രവർത്തിക്കും. ദൈവം എത്രമാത്രം അത്ഭുതകരമായാണ് കുടുംബത്തിൽ പ്രവർത്തിക്കുന്നത് എന്ന് നാം കണ്ടുവല്ലോ.  ദൈവം പ്രവർത്തനരഹിതമായ ഒരു കുടുംബത്തെ എടുത്ത് അവരിൽ നിന്ന് ഒരു ജനതയെയും ലോകത്തെ അനുഗ്രഹിക്കുന്ന ഒരു മിശിഹായെയും നമുക്ക് തന്നു. ഈ മിശിഹായായ  യേശു കർത്താവ് ലോകത്തിന്റെ പാപങ്ങൾക്കായി മരിക്കുന്നു, "അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ അവന് നിത്യജീവന്‍ ഉണ്ടാകുവാന്‍ വേണ്ടി, തന്‍റെ ഏകജാതനായ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രയേറെ സ്നേഹിച്ചു" (യോഹന്നാൻ 3:16). തന്മൂലം  അവനിൽ വിശ്വസിക്കുന്ന എല്ലാവരും ആത്യന്തികമായി രക്ഷിക്കപ്പെടുന്നു.


ദൈവകൃപയെ നാം  ഓർക്കുന്നില്ലെങ്കിൽ, പ്രത്യേകിച്ച് പ്രയാസകരമായ സമയങ്ങളിൽ, നമ്മൾ നിരാശരും നിരുത്സാഹിതരുമായിത്തീരും, കൂടുതൽ പാപത്തിലേക്കും മോശമായ പ്രത്യാഘാതങ്ങളിലേക്കും കാലതാമസമുള്ള അനുഗ്രഹങ്ങളിലേക്കും അത് നമ്മെ നയിക്കും. എന്നാൽ, നാം ദൈവകൃപയെ ഓർക്കുന്നുവെങ്കിൽ, വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ദൈവാനുഗ്രഹം നാം കാണും,  ദൈവത്തോടും മറ്റുള്ളവരോടും മികച്ച രീതിയിൽ പ്രതികരിക്കാൻ കൃപ നമ്മുടെ  കുടുംബങ്ങളിൽ പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതത്തിലെ വൈവിധ്യമാർന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, കൃപ മൂലം എല്ലാം നമ്മുടെ നന്മയ്ക്കായി രൂപാന്തിരപ്പെടുന്നു.


നമുക്ക് ധ്യാനിക്കാം,  നമ്മുടെ കുടുംബങ്ങൾ നേരിടുന്ന പരീക്ഷണങ്ങളെയും  പരാജയങ്ങളെയും  വിശ്വാസത്തിന്റെ കണ്ണുകളാൽ കാണുവാൻ നമ്മുക്ക് കഴിയുന്നുണ്ടോ? പാപം വർദ്ധിച്ചിടത്ത്  തീർച്ചയായും, ദൈവകൃപ ഇനിയും വർദ്ധിക്കും (റോമർ 5:20). നമ്മളുടെ പരാജയങ്ങളെ അല്ലെങ്കിൽ കുടുംബ പരാജയങ്ങളെ ആത്യന്തികമായി ദൈവം നന്മയ്ക്കായി ഉപയോഗിച്ച  സന്ദർഭങ്ങളെ ഇപ്പോൾ ധ്യാനിക്കാം.  നിങ്ങൾ പാപത്തോടും അതിന്റെ ഫലങ്ങളോടും മല്ലടിക്കുമ്പോൾ ദൈവത്തിന്റെ പരമാധികാരവും കൃപയും എപ്രകാരം ജീവിതത്തിൽ ഇടപെടുന്നു എന്നും ധ്യാനിക്കാം. നമ്മുടെ കുടുംബങ്ങളുടെ നായകനായ യേശു കർത്താവിനു സ്തുതി.


🔹🔸🔹🔸🔹🔸🔹🔸


സുവിശേഷകനായ ഗ്രിഗറി ബ്രൗണിന്റെ രചനകളോട് കടപ്പാട്.

No comments