Latest Posts

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

St. Mary
📝 Written by: Gabriel Raban, Switzerland
Translated by: Yuhanon Raban, Piramadam

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട സഹോദരങ്ങളെ,  പരിശുദ്ധ ദൈവമാതാവിന്റെ  വാങ്ങിപ്പ് പെരുന്നാൾ (ܫܘܢܝܐ) ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി പരിശുദ്ധ സഭ കൊണ്ടാടുകയാണ് ദൈവ മാതാവിന്റെ പെരുന്നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പെരുന്നാൾ ആകുന്നു ഇത്‌.

സുറിയാനി സഭയുടെ പാരമ്പര്യവും പഠിപ്പിക്കലുകളും അനുസരിച്ച് പരിശുദ്ധ അമ്മയുടെ മരണവും കബറടക്കവും  മഹത്വീകരണവും ആകുന്നു ഈ പെരുന്നാൾ കൊണ്ടാടുന്നത് മുഖാന്തിരം നാം ഓർക്കേണ്ടത്. പാശ്ചാത്യ സഭകൾ  അമ്മയുടെ വാങ്ങിപ്പിനെ "സ്വർഗാരോഹണം " എന്ന പേരിൽ ആണ് ആഘോഷിക്കുന്നതും  വ്യാഖ്യാനിക്കുന്നതും എന്നതും പ്രസ്താവ്യമാണ് 

1. മനുഷ്യജീവിതം നശ്വരമാണ്

നമ്മുടെ കർത്താവിന്റെ അമ്മയുടെ വാങ്ങിപ്പ് പെരുന്നാൾ നമ്മെ  ഓർമ്മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ നശ്വരതയെയാണ്.

പെങ്കീസാ (ܦܢܩܝܬܐ) നമസ്കാരം ശൂനോയോ പെരുന്നാൾ രാത്രി രണ്ടാം കൗമ മദറോശോയിൽ (ܡܕܪܫܐ) നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു. “ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും പോലെ അവൾ മരണം നേരിടണം”, (ܓܙܪ ܕܝܢܐ ܕܡܘܬܐ ܡܛܐ ܠܘܬܐ܆ ܘܐܝܟ ܟܠܢܫ ܡܫܢܝܐ ܡܢ ܥܠܡܐ).

നാം ജീവിക്കുന്ന ഈ ലോകം നമുക്ക് സ്ഥിരമായിട്ട് ഉള്ളത് അല്ല എന്ന ഈ പൊതു നിയമത്തിന് സൃഷ്ടികളായ നാമോരോരുത്തരും കീഴ് പെട്ടിരിക്കുന്നു എന്ന സത്യം നാം നമ്മുടെ ജീവിതത്തിൽ എപ്പോഴും ഓർക്കേണ്ടതാണ്. പൗലോസ് അപ്പസ്തോലൻ  എബ്രായ ലേഖനത്തിലൂടെ (13:14)നമ്മെ ഓർമ്മപ്പെടുത്തുകയാണ്, “എന്തെന്നാൽ നിലനിൽക്കുന്ന നഗരം ഇവിടെ നമുക്കില്ല. എന്നാൽ വരുവാനുള്ളതിനെ നാം പ്രതീക്ഷിച്ച് ഇരിക്കുന്നു”.

പരിശുദ്ധ അമ്മയുടെ വങ്ങിപ്പ് ദൈവസൃഷ്ടി എന്ന നിലയിൽ ഒരു യാഥാർത്യമാണ്. വിശുദ്ധ ശൂനോയോ പെരുന്നാൾ  മുഖാന്തിരം പരിശുദ്ധ അമ്മ  ജനിച്ചു എന്നും മരിച്ചു എന്നും അതുപോലെ നാമും ഒരുനാളിൽ സൃഷ്‌ടാവിന്റെ അടുക്കലേക്ക് പോകേണ്ടവർ ആണെന്നും പരിശുദ്ധ സഭ നമ്മെ ഓർമിപ്പിക്കുന്നു.

2. പുത്രന്റെ തിരുമനസ്സാലുള്ള  അമ്മയുടെ വാങ്ങിപ്പ്

എന്തെന്നാൽ അവളുടെ മരണം പുത്രന്റെ  തിരുമനസ്സിൻ പ്രകാരം ആകുന്നു എന്ന് രാത്രി നമസ്കാരം രണ്ടാം കൗമയിൽ നാം പ്രാർത്ഥിക്കുന്നു, "അവന്റെ (പുത്രനാം ദൈവം) തിരുമനസ്സാൽ മരണം അവളിലേക്ക് എത്തിച്ചേർന്നു. അവൾക്ക് അതിൽ നിന്ന് ഒഴിയുവാൻ സാധ്യമല്ല." (ܒܨܒܝܢܗ ܡܛܐ ܡܘܬܐ ܠܘܬܗ݁. ܘܠܐ ܐܫܟܚܬ܁ ܡܢܗ ܬܬܦܠܛ). 

മോർ യാക്കോബ് മെമ്മറായിൽ പറയുന്നു, 

"ܐܡܗ ܕܗܢܐ ܝܫܘܥ ܡܫܝܚܐ ܒܪ ܐܠܗܐ܇ ܥܕܡܐ ܠܘܬܗ݁ ܐܬܐ ܡܘܬܐ ܕܬܛܥܡ ܟܣܗ"

"യേശുക്രിസ്തുവും ദൈവപുത്രനും ആയവന്റെ  അമ്മയുടെ പക്കലേക്ക് മരണം കടന്നുവന്നു; അവൾ ആ പാനപാത്രം രുചിക്കുക തന്നെ വേണം." ആയതിനാൽ മേൽപ്പറഞ്ഞ ദൈവവചനത്തിൽ നിന്നും നമസ്കാര ക്രമത്തിൽ നിന്നും പരിശുദ്ധ സഭ നമ്മെ പഠിപ്പിക്കുന്നത് ദൈവ മാതാവിൻറെ വാങ്ങിപ്പ്  പുത്രനാം ദൈവത്തിൻറെ തിരുമനസ്സായ പ്രകാരം  ആയിരുന്നു എന്നതാണ്. 

3. ബഹുമതിയോട്  കൂടിയ  അമ്മയുടെ  കബറടക്കം

പരിശുദ്ധ സഭ പഠിപ്പിക്കുന്ന കാരുണ്യ പ്രവർത്തികളിൽ പ്രധാനപ്പെട്ട ഒന്നാകുന്നു “മരിച്ചവരെ കബറടക്കുക” എന്നത്. രാജ്യസേവനത്തിലൂടെ ജീവത്യാഗം വരിച്ചവരെയും, സാമൂഹിക ഉയർച്ചയ്ക്കായി പ്രവർത്തിച്ചവരുടെയുമൊക്കെ മരണാനന്തര ചടങ്ങുകളിൽ നമ്മുടെ രാജ്യം അവരെ ആദരിക്കുന്നത് പലപ്പോഴും നാം കാണാറുണ്ട്.

മോർ യാക്കോബ് തന്റെ  മെമ്മറായിൽ ഇങ്ങനെ പാടുന്നു,  "കർത്താവ് ഇറങ്ങിവന്ന് മോശയെ അടക്കിയത് പോലെ മഹത്വമേറിയ കബറടക്കം ആയിരുന്നു മറിയാമിന് ലഭിച്ചത്."

(a) അമ്മയുടെ കബറടക്കവും ശ്ലീഹന്മാരുടെ  സാന്നിധ്യവും

പരിശുദ്ധ അമ്മയുടെ കബറടക്ക സമയത്ത് ജീവനോടുള്ളവരും സാക്ഷി മരണം പ്രാപിച്ചവരും ആയ അപ്പോസ്തോലന്മാരും, വാങ്ങിപോയവരും ജീവൻ ഉള്ളവരുമായ സകല വിശുദ്ധരും, പഴയനിയമ പ്രവാചകന്മാരും, ദൈവത്തെ മഹത്വപ്പെടുത്തുന്ന സ്വർഗീയ സേനകളും, പരിശുദ്ധാത്മ നിറവിൽ ഊർശ്ലേമിൽ എത്തിച്ചേരുകയും ആ മഹനീയ കർമ്മത്തിൽ പങ്കാളികൾ ആയിത്തീരുകയും ചെയ്തു എന്ന് പെങ്കീസാ നമസ്കാരത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. 

മൂന്നാം മണിയുടെ നമസ്കാരത്തിന്റെ ബൊവൂസ്സയിൽ നാം പ്രാർത്ഥിക്കുന്നത് ഇപ്രകാരമാകുന്നു, 

"ܛܥܢܘ ܗܘܘ ܫܠܝܚ̈ܐ ܠܥܪܣܐ ܕܣܝܡ ܒܗ݁ ܦܓܪܗ݁ ܕܡܪܝܡ܇ ܘܚܠܦ ܒܗ݁ ܒܟܝܐ ܫܘܒܚܐ ܪܥܡ ܗܘܐ ܡܢ ܦܘܡܝ̈ܗܘܢ܇ ܫܠܝ̈ܚܐ ܛܥܢܘܗ݁ ܥܝܪ̈ܐ ܠܘܝܘܗ݁ ܘܡܪܢ ܩܒܪܗ݁܇ ܘܠܐ ܐܢܫ ܝܕܥ ܐܝܟܐ ܐܝܬܘܗܝ ܩܒܪܗ݁ ܕܡܪܝܡ"

"വിശുദ്ധ ശ്ലീഹന്മാർ മറിയാമിന്റെ ശരീരം കിടക്കയോടൊപ്പം വഹിച്ചു കൊണ്ടു പോകുമ്പോൾ അവർ കരയുന്നതിന് പകരം ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുകയായിരുന്നു. നമ്മുടെ കർത്താവും ഈറേ ഗണങ്ങളും അവളുടെ കബറിലേക്ക് അകമ്പടി സേവിക്കുകയും ചെയ്തു".

നാം ഈ പ്രാർത്ഥനകളെല്ലാം പഠിക്കുബോൾ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുവാൻ സാധിക്കുന്നത് എന്തെന്നാൽ,  ദൈവമാതാവിന്റെ  ശരീരം വി. ശ്ലീഹന്മാർ വഹിച്ചു (ܛܥܢ) എന്ന് പറയുന്നിടത്തെല്ലാം 'കിടക്കയോടൊപ്പം'  (ܥܪܣܐ) എന്ന് പ്രത്യേകം എടുത്തു പറയുന്നത് കാണുവാൻ കഴിയുന്നു എന്ന സംഗതിയാണ്. അതിനുള്ള കാരണം അവർപോലും മരണശേഷം ആണെങ്കിൽ കൂടി പരിശുദ്ധ അമ്മയെ സ്പർശിച്ചിട്ടില്ല എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ്.

"ܝܘܡܢܐ ܫܡܥܘܢ ܡܢ ܪܘܡܝ܇ ܘܝܘܚܢܢ ܡܢ ܓܘ ܐܦܣܘܣ܇ ܝܘܡܢܐ ܬܐܘܡܐ ܡܢ ܗܢܕܘ.........."

ശ്ളീഹന്മാരിൽ തലവൻ മോർ പത്രോസ് റോമിൽ നിന്നും, യൂഹാനോൻ ശ്ളീഹാ എഫേസൂസിൽ നിന്നും, തോമ ശ്ളീഹാ (എന്നാൽ തോമായ്ക്ക് കബറടക്ക സമയത്ത് വന്നു ചേരുവാൻ സാധിച്ചില്ല. മരണശേഷം മാതാവിൻറെ ശരീരം മാലാഖമാരാൽ വഹിച്ചു കൊണ്ടു പോകുമ്പോൾ അന്തരീക്ഷത്തിൽ വച്ച് ദർശിക്കുവാനും തെളിവായി അമ്മയുടെ സൂനോറോ ലഭിക്കുകയും ചെയ്തു)ഇന്ത്യയിൽനിന്നും എത്തിച്ചേർന്നു.

വി. പത്രോസിനെ പ്രാർത്ഥനകളിലും അപ്പോസ്തോലിക കാലം മുതലുള്ള എല്ലാ രേഖകളിലും എല്ലായ്പ്പോഴും അഭിസംബോധന ചെയ്യുന്നത് "ശ്ലീഹന്മാരിൽ തലവൻ" (ܪ̈ܝܫܐ ܕܫܠܝ̈ܚܐ) എന്നാകുന്നു. ഇത് നമ്മുടെ കർത്താവ് അവന് ഭരമേല്പിച്ചുകൊടുത്തിട്ടുള്ളതും, അതിശക്തമായ കായേന്യ  ഉപദ്രവത്തിലും ഇപ്പോഴും പരിശുദ്ധ സഭയിൽ തുടർന്ന് പോരുന്ന ചരിത്രപരവും, ദൈവശാസ്ത്രപരവും, വിശ്വാസപരവുമായ പാരമ്പര്യം ആകുന്നു. വി.പത്രോസാണ് ആദ്യമായി നമ്മുടെ കർത്താവിനെ ദൈവപുത്രൻ (Mt. 16:15) എന്ന് വിളിച്ചതും ശ്ലീഹന്മാരിൽ ഏറ്റവും അധികം കർത്താവിനെ സ്നേഹിച്ചതും. രാത്രിയുടെ ഒന്നാം കൗമാ യുടെ ഒരു ഊനീസോയിൽ (ܥܘܢܝܬܐ) വി. പത്രോസിനെ പ്രത്യേകം എടുത്തു പറയുന്നുണ്ട്, “ശ്ലീഹർ തലവൻ  ശെമവൂനേ നിന്റെ ഉടയവന്റെ അമ്മയെ  ഉയർത്തിയതിനാലും മാനിച്ചതിനാലും നീ ഭാഗ്യവാൻ ആകുന്നു. നിന്റെ തോളിന്മേൽ വെടിപ്പുള്ളവളെ നീ കിടക്കയോടു കൂടി വഹിച്ചു.....”

"ܛܘܒܝܟ ܐܦ ܠܟ ܫܠܝܚܐ ܫܡܥܘܢ܇ ܕܙܝܚܬ ܘܝܩܪܬ ܠܐܡܗ ܕܪܒܟ. ܘܥܠ ܟܬܦܟ ܛܥܢܬ ܠܥܪܣܐ ܕܟܝܬܐ"

ആയതിനാൽ "ശ്ലീഹന്മാരിൽ തലവൻ പത്രോസ്" എന്ന ദൈവീക പാരമ്പര്യം നാം കാത്തുസൂക്ഷിക്കുമ്പോൾ കർതൃഹിതം ആണ് നമ്മുടെ സഭ പിൻപറ്റുന്നത്.

വി.യോഹന്നാൻ ശ്ലീഹ ശ്ലീഹന്മാരിൽ ഏറ്റവും പ്രായക്കുറവുളളവനും, വെടിപ്പുള്ളവനും ആയിരുന്നു. ആയതിനാൽ കർത്താവ് തന്റെ അമ്മയുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചതും (Jn. 19:27) താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ശിഷ്യനും ആയിരുന്നു വി. യോഹന്നാൻ. ഇദ്ദേഹം സാധാരണ രീതിയിൽ നിര്യാണം പ്രാപിച്ചവനും ആകുന്നു. പരിശുദ്ധ അമ്മയുടെ കബറടക്കത്തിന് പല പ്രധാന ഒരുക്കങ്ങളും നടത്തിയത് വി.യോഹന്നാൻ ശ്ളീഹയാണ് എന്ന് പെങ്കീസാ നമസ്കാരക്രമം വെളിവാക്കുന്നു. രാത്രി ഒന്നാം കൗമായിലെ കോലോയിൽ " ܘܡܥܦܐ ܠܗ݁ ܒܐܝ̈ܕܘܗܝ ܕܟܝ̈ܬܐ" "അവന്റെ  (വി. യോഹന്നാന്റെ) കൈകളാൽ വെടിപ്പുള്ളവളുടെ ശരീരം പൊതിയപെട്ടു." എന്നും. സന്ധ്യയുടെ ബോവൂസായിൽ "ܟܕ ܥܠ ܥܝܢܝ̈ܗ݁ ܦܫܝ̈ܛܢ ܐܝ̈ܕܘܗܝ ܠܡܥܡܨܘ" "അവന്റെ (വി. യോഹന്നാന്റെ) കൈകളാൽ അവളുടെ കണ്ണുകൾ അടക്കപ്പെട്ടു" എന്നും നാം പ്രാർത്ഥിക്കുന്നു. മറ്റെല്ലാവരും ഉണ്ടായിരുന്നിട്ടും വെടിപ്പുള്ളവനായ വി.യോഹന്നാനെകൊണ്ട് വി. പത്രോസ് ശ്ലീഹ അമ്മയുടെ കണ്ണുകൾ അടപ്പിച്ചത് ദൈവമാതാവ് മരണം വരെയും കന്യകയും അതിനെ ഏവരും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു എന്നതിന്റെയും  തെളിവാകുന്നു.

യോഹന്നാൻ ശ്ലീഹ എല്ലാ ദേശത്തേക്കും കത്തുകളയച്ച് ദൈവ മാതാവിന്റെ  ഓർമ്മ ആണ്ടിൽ മൂന്നു പ്രാവശ്യം കൊണ്ടാടണം എന്ന് നിർദ്ദേശിച്ചു. ആയത് ജനുവരിയിൽ വിത്തിനും മഴയ്ക്കും വേണ്ടിയും, മെയ്യിൽ കതിരിനു വേണ്ടിയും, ഓഗസ്റ്റിൽ മുന്തിരിയ്ക്കു (വീഞ്ഞിനു) വേണ്ടിയും ആകുന്നു. ഇങ്ങനെ നിർദ്ദേശിക്കുവാൻ ഉള്ള കാരണം ധാന്യവും വീഞ്ഞും ഉണ്ടെങ്കിൽ മാത്രമേ സഭയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയുള്ളൂ. ആയതിന് നല്ല കാലാവസ്ഥയും വിളവുകളും ലഭിക്കുന്നതിന് ദൈവമാതാവിന്റെ  മദ്ധ്യസ്ഥത സഭയ്ക്ക് തുടർന്നും ആവശ്യമെന്ന് വിശുദ്ധ യോഹന്നാന് ബോധ്യമുണ്ടായിരുന്നു. ഈ കൗദാശികമായ കാഴ്ചപ്പാടു കൊണ്ടാണ് സുറിയാനി സഭയുടെ പഠിപ്പിക്കലുകളിൽ കാർഷിക വൃത്തിക്ക് പ്രഥമസ്ഥാനം കൊടുക്കുകയും അവയെ "ഒരുക്കശുശ്രൂഷ" ആയിട്ട് കാണുകയും ചെയ്യുന്നത്. കാർഷികവൃത്തി ദയറാകളുടെയെല്ലാം പ്രധാനപ്പെട്ട ഭാഗമാകുന്നതും ഇപ്രകാരം ആകുന്നു.

ചുവടെ കാണുന്ന പെങ്കീസാ (ܦܢܩܝܬܐ) നമസ്കാര ഭാഗങ്ങൾ വി. പത്രോസ് ശ്ലീഹ എത്തിച്ചേർന്ന എല്ലാ അപ്പോസ്തോലന്മാരോടും എങ്ങനെ യെരുശലേമിൽ വന്നെത്തി എന്ന് ചോദിച്ചു അറിയുന്നതായ വിവരണമാണ്. ഇത് രാത്രി രണ്ടാം കൗമായിലെ ഊനീസോയിൽ (ܥܘܢܝܬܐ)നാം ചൊല്ലുന്നു.

"ܐܡܪ ܠܝ ܡܬܝ ܡܢ ܐܘܕܥܝܟ܇ ܥܠ ܡܘܬܗ݁ ܕܒܬܘܠܬܐ ܡܪܝܡ. ܟܕ ܐܢܐ ܒܒܝܪܘܛܘܣ ܐܝܬܝ܇ ܘܣܒܪܬܗ ܕܒܪܗ݁ ܡܟܪܙ ܗܘܝܬ..........."

വി. മത്തായി,  പത്രോസിനോട് പറഞ്ഞത്, എനിക്ക് മാതാവിന്റെ  മരണസമയത്ത് പരിശുദ്ധറൂഹായാൽ അറിവ് ലഭിച്ചത് ബീറീതൂസ് (ഒരുപക്ഷേ പാലസ്തീനായിലെ ഒരു പ്രദേശം) എന്ന സ്ഥലത്ത് സുവിശേഷം പ്രസംഗിക്കുമ്പോൾ ആയിരുന്നു.

"ܐܡܪ ܠܝ ܬܕܝ ܕܗܘ ܠܒܝ܇ܘܐܢܬ ܐܝܟܢ ܐܘܕܥܬܟ ܪܘܚܐ. ܟܕ ܒܣܡ̈ܐ ܒܡܕܒܚܐ ܣܐܡ ܗܘܝܬ܇ ܒܓܘ ܥܕܬܐ ܕܒܠܕܝܩܝܐ......"

വി. തദ്ദായി,  പത്രോസിനോട് പറഞ്ഞത്, എനിക്ക് ലദിക്യയായിലെ (സിറിയയിലെ ഒരു പ്രദേശം) പള്ളിയിലെ മദ്ബഹയിൽ ധൂപം വച്ചു കൊണ്ടിരുന്നപ്പോൾ ദൈവാത്മാവിനാൽ അരുളപ്പാടുണ്ടായി യെരൂശലേമിലേക്കു എത്തി ചേർക്കപ്പെട്ടു.

"ܐܡܪ ܠܝ ܬܐܘܡܐ ܘܠܟ ܐܝܟܢ܇ ܓܠܬ ܪܘܚܐ ܕܬܐܬܐ ܠܐܘܪܫܠܡ. ܟܕ ܐܢܐ ܐܝܬܝ ܒܓܘ ܗܢܕܘ܇ ܘܡܠܦ ܐܢܐ ܐܘܪܚܐ ܕܫܪܪܐ܇ ܥܠ ܓܢܒ ܒܪ ܚܬܗ܇ ܕܡܠܟܐ ܕܗܢܕܘܝ̈ܐ......."

തോമാശ്ലീഹ പരി. പത്രോസിനോട് പറഞ്ഞത്, ഞാൻ ഇന്ത്യയിലെ രാജാവിന്റെ  സഹോദരിയുടെ മകനെ സത്യവഴികൾ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് വന്ന് പെട്ടെന്ന് പുറപ്പെട്ടു ഗദ്സീമോനിലേക്ക് പോവുക എന്ന് കൽപ്പിച്ചു.

"ܐܡܪ ܠܝ ܐܢܬ ܐܘ ܐܢܕܪܐܘܣ܇ ܡܝܬܐ ܗܘܝܬ ܐܘ ܚܝܐ ܕܐܬܝܬ. ܡܝܬܐ ܗܘܝܬ ܕܐܬܬܣܝܡ ܒܓܘ ܩܒܪܐ܇ ܒܝܕܬܐ ܒܩܘܣܛܢܛܝܢܘܦܘܠܝܣ. ܪܘܚܐ ܩܕܝܫܐ ܪܓܝ ܗܕܡܝ̈......."

പത്രോസ് അന്ത്രയോസിനോട്, നീ എന്നോടു പറയൂ, നീ ജീവനോടെ ഉണ്ടായിരുന്നോ അതോ മരിച്ചവൻ  ആയിരുന്നുവോ 

അന്ത്രയോസ്: ഞാൻ മരിച്ചവനും കുസ്തന്തിനോസ്പോലീസിലെ പള്ളിയുടെ കബറിൽ അടക്കപെട്ടവനും ആയിരുന്നു എന്നാൽ ഉയിർപ്പിക്കുന്നവനായ റൂഹ്കുദിശോ എന്റെ മേൽ വന്നതിനാൽ ഞാൻ ഇപ്പോൾ നിങ്ങളുടെ ഇടയിൽ നിൽക്കുന്നു.

"ܐܡܪ ܠܝ ܐܢܬ ܐܘ ܦܝܠܝܦܘܣ܇ ܐܝܟܢܐ ܗܘܬ ܠܗ݁ ܡܐܬܝܬܟ. ܒܥܕܬܐ ܗܘܝܬ ܕܒܦܝܣܝܕܝܐ܇ ܘܒܩܒܪܐ ܫܠܐ ܗܘܝܬ ܢܝܚܐܝܬ. ܘܪܘܚܐ ܕܢܘܚܡܐ܇ ܥܠܬ܁ ܒܗܕܡܝ̈........"

പത്രോസ് പീലിപ്പോസിനോട്: എന്നോട് പറയൂ നീ എപ്രകാരം എത്തിച്ചേർന്നു ഫിലിപ്പോസ്: ഞാൻ ഫിസിദീയായിലെ കബറിൽ നിശ്ചലനായിരുന്നു എന്നാൽ ഉയർപ്പിക്കുന്നവനായ റൂഹാ എൻറെ മേൽ വന്നതിനാൽ ഇപ്പോൾ ഞാൻ ഇവിടെ ആകുന്നു.

"ܐܡܪ ܠܝ ܐܢܬ ܐܘ ܡܐܬܝܐ܇ ܡܢܝܚܢܐ ܕܥܠ ܚܠܦ ܣܟܪܝܘܬܐ. ܡܢ ܐܝܬܝܟ ܠܗܪܟܐ ܕܠܐ ܥܡܠܐ܇ ܘܦܢܝ ܠܗܘܢ ܕܡܝܬܬ ܠܝ ܘܩܡܬ. ܒܓܙܪܬܐ ܒܝܕܬܐ܇ ܕܒܣܝܩܝܠܝܐ........"

പത്രോസ് മത്തിയാസിനോട്: നഷ്ടപ്പെട്ടുപോയ യൂദായ്ക്ക് പകരക്കാരനായ മത്തിയാസ് നീ എന്നോട് പറയു, തടസ്സം കൂടാതെ ആരാണ് നിന്നെ കൊണ്ടുവന്നത്. മത്തിയാസ്: ഞാൻ സിസിലിയിലെ ദ്വീപിലെ പള്ളിയിൽ മരിച്ചവൻ ആയിരുന്നു. അഴുകാത്തവനായി ഞാൻ ഉയർത്തപ്പെട്ടു. ഇപ്പോൾ ഇവിടെ എത്തിച്ചേർന്നു.

ഇപ്രകാരം പുത്രനാം ദൈവത്തിൻറെ ഹിതത്താലും ദൈവാത്മശക്തിയാലും. അപ്പോസ്തോലന്മാർ പരിശുദ്ധ അമ്മയുടെ കബറടക്കത്തിൽ സംബന്ധിക്കുകയും അവൾ മുഖാന്തരം സർവ്വലോകത്തിന്റെയും രക്ഷകനെ സ്തുതിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച പരിഹാസ മരണവും കബറടക്കവും ആയിരുന്നില്ല പുത്രനാം ദൈവം പരിശുദ്ധ അമ്മയ്ക്ക് കരുതിവച്ചത്. അവളുടെ കബറടക്കം എന്നത്, "സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് കീർത്തിക്കും" എന്ന ദൈവവചനത്തെ അക്ഷരാർത്ഥത്തിൽ പരി. അമ്മയുടെ ജീവിതത്തിലൂടെ നടപ്പാക്കുന്ന വിവിധ സംഭവങ്ങളിൽ ഒന്നാകുന്നു ഇത്.

(b)  അമ്മയുടെ കബറടക്കവും  സ്വർഗീയ വൃന്ദങ്ങളും,  പഴയനിയമ നീതിമാൻമാരും

അമ്മയുടെ കബറടക്ക ദിവസം സ്വർഗീയ ഗണങ്ങളുടെ മഹത്വമേറിയ സാന്നിധ്യത്തെക്കുറിച്ച് സ്രൂഗിലെ മോർ യാക്കോബ് തന്റെ  മെമ്മറാകളിൽ വളരെ മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്നു(5 നൂറ്റാണ്ട് ). ഈ ദിവ്യ ദിവസത്തിന്റെ  പെങ്കീസ്സ നമസ്കാരത്തിലെ ഭൂരിഭാഗം ക്രമങ്ങളും എടുത്തിട്ടുള്ളത് ഈ വിശുദ്ധന്റെ മെമ്മറാകളിൽ നിന്നും ആകുന്നു.

മോർ യാക്കോബിന്റെ മെമ്മറായിൽ നിന്ന്, 

"ܦܩܕ ܗܘܐ ܡܪܝܐ ܠܚܝ̈ܠܘܬܐ ܪ̈ܡܐ ܕܠܥܠ܇ ܘܠܠܓܝܘܢ̈ܐ ܕܫܠܗܒܝܬܐ ܣܪ̈ܦܝ ܢܘܪܐ" 

"കർത്താവ് ഉന്നതങ്ങളിലെ ഹൈലാവോസേന്മാരോടുംജ്വലിക്കുന്ന ലെഗിയോനുകളോടും, പ്രകാശത്തിൽ വസിക്കുന്ന സെറാഫുകളോടും കൽപ്പിച്ചു."

ഇവിടെ ആരോടാണ് കൽപ്പിച്ചത് എന്നും അവരുടെ വ്യക്തിത്വം എന്താണ് എന്നും മാത്രമേ വ്യക്തമാക്കുന്നുളളൂ. എന്നാൽ എന്താണ് കൽപ്പിച്ചത് എന്ന് പറയുന്നില്ല, ഇത് മനസ്സിലാക്കാൻ സാധിക്കുന്നത് വരും ഭാഗങ്ങളിലാണ്.

"ܢܚܬܘ ܗܘܘ ܥܝܪ̈ܐ ܓܘܕ̈ܝܢ ܓܘܕ̈ܝܢ ܒܐܣܟܡܝ̈ܗܘܢ܇ ܘܙܡܪܘ ܫܘܒܚܐ ܕܗܘܠܠܝ̈ܗܘܢ ܒܩܠܐ ܪܡܐ"

"ഈറേ ഗണങ്ങൾ അവരുടെ യഥാർത്ഥ രൂപത്തിൽ ഇറങ്ങി വരുകയും ഉച്ച സ്വരത്തിൽ സങ്കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തു."

ഒരു വിശിഷ്ട ചടങ്ങിന് ക്ഷണിക്കപ്പെട്ട ഒരു സ്ഥാനി ഔദ്യോഗിക വേഷത്തിൽ പോകുമ്പോഴാണ് ആ ചടങ്ങിനും പോകുന്ന ആൾക്കും മാനം ലഭിക്കുക എന്നുളളത് സാധാരണമായ കാര്യമാണ്. അതുപോലെ ഈറെ ഗണങ്ങൾ അവരുടെ യഥാർത്ഥ രൂപത്തിൽ ഇറങ്ങി വരുന്നതിലൂടെ പരി. അമ്മയുടെ കബറടക്കത്തെ അവർ അത്യധികം ആദരിക്കുന്നു.

"ܨܒܘ ܘܐܬܟܢܫܘ ܟܠܗܘܢ ܟܐܢ̈ܐ ܕܡܢ ܕܪܕܪ̈ܝܢ܇ ܐܦ ܙܕܝܩ̈ܐ ܘܐܒܗ̈ܬܐ ܕܗܐ ܡܢ ܥܠܡܐ"

"എല്ലാ തലമുറകളിലെ നീതിമാന്മാർ വരുകയും ഒരുമിച്ചു കൂടുകയും അതോടൊപ്പം നീതിമാന്മാരായ പഴയനിയമ ഗോത്ര പിതാക്കന്മാരും ചേർന്നു."

"ܪܥܡܐ ܕܓܘܕܐ ܗܝ ܕܢܒܝ̈ܐ ܕܙܡܪܐ ܫܘܒܚܐ܇ ܘܗܢܐ ܠܗܢܐ ܐܝܟ ܚܙܝ̈ܐ ܕܫܪܝܪ̈ܬܐ"

"പ്രവാചക കൂട്ടത്തിന്റെ  സ്തുതി ഗാനങ്ങളുടെ ശബ്ദത്തോടെ പരസ്പരം സത്യത്തിന്റെ  കാഴ്ചക്കാരായി നിന്നു."

"ܟܘܡܪ̈ܐ ܩܕܡ̈ܐ ܘܟܠܗ ܬܓܡܐ ܕܒܢ̈ܝ ܠܘܝ܇ ܥܡ ܕܒܚܝ̈ܗܘܢ ܘܥܠܘ̈ܬܗܘܢ ܘܩܪ̈ܒܢܝܗܘܢ"

"എല്ലാ പഴയനിയമ പുരോഹിതരും, ലേവി ഗോത്രത്തിലെ പുത്രന്മാരും അവരുടെ ബലികളും വഴിപാടുകളും നേർച്ചകളും ആയിവന്നു."

ഉപസംഹാരം

ഈ വിശുദ്ധ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിക്കുന്ന ദിവസത്തിൽ ദൈവം നമ്മുടെ കടങ്ങൾ ക്ഷമിക്കുകയും, നമ്മുടെ വാങ്ങിപ്പോയവരുടെ പാപങ്ങൾ പൊറുത്തുതരികയും, സർവ്വലോകത്തിലും, പരിശുദ്ധ സഭയിലും നിത്യമായ സമാധാനവും ചൊരിഞ്ഞ് നൽകുകയും ചെയ്യുമാറാകട്ടെ. ഈ സന്ദേശം കേൾക്കുന്ന എന്റെ പ്രിയപ്പെട്ട വൈദിക സഹോദരങ്ങളോട് പങ്കുവെക്കുവാനുമുള്ള ഒരു കാര്യം. നമ്മുടെ സഭയിൽ മഞ്ഞനിക്കര ദയറ കേന്ദ്രീകരിച്ച് വൈദിക പഠനം നിലനിന്നിരുന്ന കാലഘട്ടത്തിൽ  ദൈവമാതാവിന്റെ  പെരുന്നാളുകൾക്ക് "മോർ യൂഹാനോൻ ഏവൻഗേലിയോസ്ഥ"യുടെ ക്രമത്തിൽ നിന്ന് വിശുദ്ധ കുർബാന അർപ്പിക്കുക എന്ന പുരാതനമായ സുറിയാനി പാരമ്പര്യം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ ദയറാ പ്രസ്ഥാനങ്ങൾ നിശ്ചലമായ ഈ കാലഘട്ടത്തിൽ ആ മഹനീയ പാരമ്പര്യം തുടർന്ന് വന്ന സംവിധാനങ്ങൾക്ക് കൈമാറ്റം ചെയ്യുവാൻ സാധിച്ചില്ല. ഈ സന്ദേശം  കേൾക്കുന്ന ഏവരും ആ പാരമ്പര്യം തുടരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ദൈവമാതാവിന്റെ  നിത്യമായ മദ്ധ്യസ്ഥതയും കാവലും നമുക്കേവർക്കും ഉണ്ടായിരിക്കുമാറാകട്ടെ. 

റഫറൻസ്

Pesheetha Bible,

Penkeesa feast of Shunoyo,

Mor Jacob Serug Memra on Shunoyo,

Moses bar Kepha, The book of Sermon.

No comments