*ദൈവത്തിന്റെ മനുഷ്യനുള്ള സ്വഭാവഗുണങ്ങൾ (1 തിമോത്തി 6: 11-16*
(ബാർ യൂഹാനോൻ റമ്പാൻ, പിറമാടം ദയറാ)
*PART - 1*
"നീയോ ദൈവത്തിന്റെ മനുഷ്യാ, ഇവയില്‍ നിന്നും വിട്ടോടി പുണ്യം, നീതി, വിശ്വാസം, സ്നേഹം, സഹനശക്തി, താഴ്മ എന്നിവയുടെ പിന്നാലെ പാഞ്ഞെത്തുക. വിശ്വാസത്തിന്‍റെ നല്ല യുദ്ധം ചെയ്യുക. നിത്യജീവനെ പിടിച്ചുകൊള്ളുക. അതിനായിട്ടല്ലോ, നീ വിളിക്കപ്പെട്ടത്. അനേക സാക്ഷികളുടെ മുമ്പില്‍ വച്ച് ഉത്തമ സമ്മതം നീ നല്‍കുകയും ചെയ്തിട്ടുണ്ടല്ലോ. സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്‍റെ മുമ്പില്‍ നല്ല സാക്ഷ്യം നല്‍കിയ യേശു മ്ശീഹായെയും സാക്ഷിയാക്കിക്കൊണ്ടും ഞാന്‍ പറയുന്നു: നമ്മുടെ കര്‍ത്താവേശു മ്ശിഹായുടെ പ്രത്യക്ഷത വരെയും, നീ ഈ കല്പന കളങ്കം കൂടാതെ കാത്തുകൊള്ളണം. താന്‍ മാത്രം സ്തുത്യനും, ബലവാനും, രാജാക്കന്മാരുടെ രാജാവും, കര്‍ത്താക്കന്മാര്‍ക്ക് കര്‍ത്താവും ആയിരിക്കുന്നവനും
താന്‍ മാത്രം അക്ഷയനും, ആര്‍ക്കും തന്നോടടുക്കാന്‍ സാദ്ധ്യമല്ലാത്ത പ്രകാശത്തില്‍ വാസം ചെയ്യുന്നവനും, മനുഷ്യരിലാരും തന്നെ കണ്ടിട്ടില്ലാത്തവനും, തന്നെക്കാണാന്‍ സാദ്ധ്യമല്ലാത്തവനുമായ ദൈവം തക്കകാലത്ത് അവനെ (മ്ശീഹായെ) കാണിപ്പാനിരിക്കുന്നു. ആ ദൈവത്തിന് എന്നെന്നേക്കും ബഹുമാനവും അധികാരവും ഉണ്ടായിരിക്കട്ടെ ആമീന്‍."
( 1 തിമൊഥെയൊസ് 6:11 - 16)
ദൈവവിശ്വാസത്തിൽ പക്വതയുള്ള ഒരാൾ എന്ന നിലയിൽ, ഒരു പുരുഷന്റെയോ അല്ലെങ്കിൽ ഒരു സ്ത്രീയുടെയോ സവിശേഷതകൾ എന്തൊക്കെയാണ് ?
ഇങ്ങനെ ഒരു ചിന്ത നമുക്ക് തോന്നിയിട്ടുണ്ടാകുമോ മുൻപ് എപ്പോൾ എങ്കിലും? ഇല്ലങ്കിൽ ഇപ്പോൾ ഇക്കാര്യം ഒന്നു ചിന്തിയ്ക്കാൻ ആയി മുകളിൽ ഉള്ള വേദഭാഗം നമുക്ക് ധ്യാനിക്കാം.
ഈ വാക്യത്തിൽ, വേദവിപരീതികളായ ഉപദേശകരും തിമൊഥെയൊസും തമ്മിലുള്ള വ്യത്യാസം പൗലോസ് ശ്ശ്ളീഹാ വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു, “ നീയോ ദൈവത്തിന്റെ മനുഷ്യാ, ഇവയിൽ നിന്നും വിട്ടോടി കൊള്ളുക."ദൈവത്തിന്റെ മനുഷ്യൻ അഥവാ ദൈവപുരുഷൻ എന്ന് ശ്ശ്ളീഹാ തന്റെ ശിക്ഷ്യൻ തിമൊഥെയൊസിനെ വിളിക്കുന്നത് ഒരു വലിയ പദവിയായി വേണം കാണുവാൻ. പുതിയ നിയമത്തിൽ ഇവിടെയും, 2 തിമൊഥെയൊസ് 3:17 ലും മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളു. പഴയനിയമത്തിൽ ഈ പ്രത്യേക പദവി ലഭിച്ചവർ ആയ മോശെ (ആവ. 33: 1), ശമൂവേൽ (1 ശമൂ. 9: 6), ഏലിയാവ് (1രാജാക്കന്മാർ 17:18), ദാവീദ് (നെഹെ. 12:24) തുടങ്ങിയവരുടെ ഒരു കൂട്ടുകെട്ടിലേക്കാണ് തിമൊഥെയൊസ് ഈ ശീർഷകം മൂലം പ്രവേശിക്കുന്നത്. പൂർണ്ണമായും ദൈവത്തിന്റെ കൈവശമുള്ളവനും അവനുവേണ്ടി സംസാരിച്ചവരുമായ ഒരാളെ ആണ് ദൈവപുരുഷൻ എന്ന് പരാമർശിക്കുന്നത്. വ്യാജ ഉപദേഷ്ടാക്കൾ ഈ ലോകത്തിലെ മനുഷ്യരായിരുന്നിടത്ത്, തിമൊഥെയൊസ് ദൈവത്തിന്റെ പുരുഷനായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, ദൈവമനുഷ്യർ വളരെ കുറച്ചുമാത്രമേ സഭയിലുള്ളൂ, അവർ യഥാർഥത്തിൽ ദൈവാത്മാവ് നിറഞ്ഞവരും ദൈവത്തെ തിരിച്ചറിഞ്ഞവരും ദൈവത്തിനുവേണ്ടി സംസാരിക്കുന്നവരുമാണ്. പൊതുവേ, ദൈവത്തെക്കാൾ ലോകത്തെ പ്രതിഫലിപ്പിക്കുന്ന പക്വതയില്ലാത്തവരാണ് പലപ്പോഴും സഭയിൽ നിറഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന്, പൗലോസ് കൊരിന്ത്യർക്ക് എഴുതിയപ്പോൾ അവരെ ക്രിസ്തുവിലുള്ള ശിശുക്കൾ എന്നും 1 കൊരിന്ത്യർ 3: 1-3-ൽ ജഡികന്മാർ എന്നും വിളിച്ചു. അവന് പറഞ്ഞു,
"എന്‍റെ സഹോദരന്മാരെ, ജഡികരോട് എന്ന പോലെയും മ്ശീഹായില്‍ ശിശുക്കളോട് എന്നപോലെയുമല്ലാതെ ആത്മികരോട് എന്നപോലെ നിങ്ങളോടു സംസാരിപ്പാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ നിങ്ങള്‍ക്ക് ഭക്ഷണമല്ല, പാല്‍ അത്രെ നല്‍കിയത്. എന്തെന്നാല്‍ (ഭക്ഷണമായി) കഴിപ്പാന്‍ നിങ്ങള്‍ക്ക് കഴിവില്ലായിരുന്നു. ഇപ്പോഴും പ്രാപ്തരായിട്ടില്ല എന്തെന്നാല്‍ ഇപ്പോഴും നിങ്ങള്‍ ജഡികരല്ലോ. നിങ്ങളില്‍ അസൂയയും, തര്‍ക്കവും, ഭിന്നതകളും ഉള്ളിടത്തോളം കാലം നിങ്ങള്‍ ജഡികന്മാര്‍ തന്നെയല്ലയോ? ജഡപ്രകാരമല്ലേ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതും?"
മൂന്ന് വാക്യങ്ങളിലായി മൂന്നു പ്രാവശ്യം ശ്ശ്ളീഹാ അവരെ ജഡികന്മാർ എന്നു വിളിക്കുന്നു. ദൈവവചനത്തിലെ കാതലായ 'ഭക്ഷണം' ഭക്ഷിക്കുന്നതിനുപകരം, അവർക്ക് ലഘുവായ 'പാൽ' മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. സമാധാനം ഉണ്ടാക്കുന്നതിനുപകരം, അവർ അസൂയയോടെയും വഴക്കിലൂടെയും അറിയപ്പെട്ടിരുന്നു. ദൈവഭക്തിയാൽ തിരിച്ചറിയപ്പെടുന്നതിനു പകരം, അവരെ ലൗകികതയാൽ തിരിച്ചറിഞ്ഞു. നിർഭാഗ്യവശാൽ, ഇത് സഭയുടെ ഭൂരിഭാഗത്തെയും സൂചിപ്പിക്കുന്നു. സഹോദരങ്ങളേ ! ദൈവവിശ്വാസത്താലുള്ള ആത്മീയ പക്വതയുടെ സവിശേഷതകൾ നമുക്ക് എങ്ങനെ വികസിപ്പിക്കാം?
1 തിമൊഥെയൊസ് 6: 11-16-ൽ, ദൈവപുരുഷനായ തിമൊഥെയൊസിന് പൗലോസ് നാലു കല്പനകളും കൽപ്പനകൾ നിറവേറ്റാനുള്ള പ്രേരണയും നൽകുന്നു. ഇവയിൽ നിന്ന്, ദൈവപുരുഷന്റെ അഞ്ച് സവിശേഷതകൾ നമുക്ക് ലഭിക്കും. ഇവ പഠിക്കുമ്പോൾ, നമ്മൾ സ്വീകരിക്കുന്ന വെല്ലുവിളി എന്നത് ഈ ലോകത്തിന്റെ സ്വഭാവമുള്ള ആളുകളേക്കാൾ, ദൈവവുമായുള്ള ബന്ധം തിരിച്ചറിഞ്ഞവരായി ദൈവത്തിന്റെ പുരുഷൻമാരും സ്ത്രീകളുമായി തീരുകയെന്നുള്ളതാണ്. ഈ സത്യങ്ങൾ എല്ലാ ലിംഗക്കാർക്കും, ബാധകമാണെങ്കിലും, ഈ പഠനത്തിലുടനീളം, ഇപ്പോൾ മുതൽ ഞാൻ സൗകര്യാർഥത്തിൽ ദൈവപുരുഷൻ എന്നുള്ള പുല്ലിംഗ രീതി ഉപയോഗിക്കും.
1 തിമൊഥെയൊസ് 6: 11-16 ൽ നിന്നും ഒരു ദൈവപുരുഷന്റെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുമോ? കൂടുതലായി ഈ ഭാഗം നമുക്ക് ധ്യാനിക്കാം.
*A) ദൈവത്തിന്റെ മനുഷ്യൻ പാപത്തിൽ നിന്നും ഓടി ഒളിക്കുന്നു*
" നീയോ ദൈവത്തിന്റെ മനുഷ്യാ, ഇവയില്‍ നിന്നും വിട്ടോടി പുണ്യം, നീതി, വിശ്വാസം, സ്നേഹം, സഹനശക്തി, താഴ്മ എന്നിവയുടെ പിന്നാലെ പാഞ്ഞെത്തുക." (1 തിമൊഥെയൊസ് 6:11)
'വിട്ടോടുക' എന്ന പ്രയോഗം ഇവിടെ മനസ്സിലാക്കേണ്ടത് ദൈവപുരുഷന്മാർക്കു അഹിതമായ എല്ലാത്തിൽ നിന്നും 'ഓടിപോകുക' 'ഓടി ഒളിക്കുക' എന്നുള്ള അർഥത്തിലാണ്. പിശാചിന്റെ ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുക (എഫെ 6:11) അവനെ എതിർക്കുക (യാക്കോബ് 4: 7) എന്നിങ്ങനെ കാണുന്നതുപോലെ തിമോത്തിയോസിനോട്
“ഉറച്ചുനിൽക്കുക” അല്ലെങ്കിൽ “യുദ്ധം ചെയ്യുക” എന്ന് എന്തുകൊണ്ട് പൗലോസ് പറയുന്നില്ല എന്ന് ഒരു പക്ഷെ നാം ചിന്തിച്ചേക്കാം. എന്നാൽ ശ്ശ്ളീഹാ ഇവിടെ അങ്ങനെ പറയുന്നില്ല. പാപത്തിൽ നിന്ന് ഓടിപ്പോകേണ്ടതിന്റെ ആവശ്യകത തിരുവെഴുത്തുകളിലുടനീളം പഠിപ്പിക്കപ്പെടുന്നു: ലൈംഗിക അധാർമികതയിൽ നിന്ന് ഓടിപ്പോകാൻ വിശ്വാസികളെ വിളിക്കുന്നു (1 കോറി 6:18), വിഗ്രഹാരാധന (1 കോറി 10:14), യുവ മോഹങ്ങൾ (2 തിമോ 2:22). പോത്തിഫറിന്റെ ഭാര്യയിൽ നിന്ന് ഓടിപ്പോയ യോസേഫിനെപ്പോലെ പാപം വരുമ്പോൾ ദൈവപുരുഷൻ ഓടണം. കാരണം, അവനെ കുടുക്കാനും ആധിപത്യം സ്ഥാപിക്കാനും നശിപ്പിക്കാനും അതിന് കഴിവുണ്ട്.
പാപത്തിന്റെ തടവറയിൽനിന്നും ഒളിച്ചോടിയ ആളാണ് ദൈവപുരുഷൻ. അവൻ തടവറയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല; അതിന്റെ അപകടങ്ങൾ അവനറിയാം. അതിനാൽ, അവൻ ഓടിപ്പോകുന്നു. “വിട്ടോടി” എന്ന വാക്ക് വർത്തമാന കാലഘട്ടത്തിലാണ് അതായത് ദൈവപുരുഷൻ നിരന്തരം പാപത്തിൽ നിന്ന് ഓടിപ്പോകണം.
എന്തുകൊണ്ടാണ് ദൈവപുരുഷൻ ചിലതരം സിനിമകൾ കാണാത്തതെന്നും, ചില കൂട്ടുകെട്ടിൽ ചേരാത്തതെന്നും, ചിലതരം ചടങ്ങുകളിൽ പോകാത്തതെന്നും ചിലർക്ക് മനസ്സിലാകില്ല. എന്തുകൊണ്ട്? കാരണം, അവൻ ഒളിച്ചോടിയവനാണ്, അവനെ കുടുക്കാനും പരാജയപ്പെടുത്തുവാനും പാപത്തിന് കഴിവുണ്ടെന്ന് അവനറിയാം. അവന്റെ ദുർബലതയെക്കുറിച്ചുള്ള അവന്റെ അംഗീകാരമാണ് അവനെ ശക്തനാക്കുന്നത്. സദൃശവാക്യങ്ങൾ ഇങ്ങനെ പറയുന്നു, "ദുഷ്ടന്‍ അടിയേറ്റ് ശക്തിയായി ശിക്ഷിക്കപ്പെടുന്നത് ബുദ്ധിമാന്‍ കാണുന്നു; ഭോഷനോ മുന്നോട്ടു പോയി കുറവുള്ളവനായിത്തീരുന്നു." (22:3). "വക്രബുദ്ധികളുടെ മാര്‍ഗ്ഗം മുള്ളും കെണികളും നിറഞ്ഞതത്രെ. സ്വയം സൂക്ഷിക്കുന്നവന്‍ അവയില്‍ നിന്നും ഒഴിഞ്ഞുമാറും."(22:5)
ക്രിസ്തീയമല്ലാത്ത ഭാഷ, ഭക്തികെട്ട വിനോദം, വിദ്വേഷം, ലൈംഗിക അധാർമികത മുതലായവയിൽ നിന്ന് ഓടിപ്പോകുന്നതിലൂടെ ദൈവപുരുഷന്മാരും ദൈവിക സ്ത്രീകളും അറിയപ്പെടുന്നു. ഞാൻ ദൈവത്തിൻറെ ഒരു വ്യക്തിയാണോ? പാപത്തിൽ നിന്നും ഒളിച്ചോടിയ ആളാണോ? ഇല്ലങ്കിൽ ഞാൻ ഇനിയും എന്താണ് ഓടിപ്പോകുവാൻ മടിക്കുന്നത്? ഓടി പോകുവാൻ മടിക്കുന്ന വിധത്തിൽ എനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും
ദുർബലമായ വിട്ടുവീഴ്ചകൾ ഉണ്ടോ? ധ്യാനിച്ചു നോക്കാം.
No comments